Connect with us

Malappuram

സകാത്: നൂതന സംവിധാനങ്ങളൊരുക്കി സൈക്രിഡ് സകാത് ക്ലിനിക്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സകാത്ത് ക്ലിനിക് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മലപ്പുറം|സകാത് സംവിധാനത്തെ ലളിതവത്കരിക്കാനും പ്രായോഗിക സഹായങ്ങള്‍ എത്തിക്കാനുമായി നൂതന സംവിധനങ്ങളൊരുക്കി സൈക്രിഡ് സകാത് ക്ലിനിക്. അരീക്കോട് മജ്മഅ് അലുംനിയായ സൈക്രിഡിന്റെ ആഭിമുഖ്യത്തിലാണ് സകാത് ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. സകാതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നേരിട്ടും ഓണ്‍ലൈന്‍ വഴിയും തീര്‍ക്കാന്‍ സകാത് ക്ലിനിക്കില്‍ സൗകര്യമൊരുക്കുന്നുണ്ട്.

കൂടാതെ, ഓരോ വ്യക്തിയുടെയും കണക്കുകള്‍ പരിശോധിച്ച് സകാത് വിഹിതം കണക്കാക്കാന്‍ സഹായിക്കല്‍, സകാത്ത് സ്വീകരിക്കാന്‍ അര്‍ഹരായവരെ കണ്ടെത്താനുള്ള സേര്‍ച്ചിംഗ് ഹെല്‍പ്പ് ലൈന്‍, ഓണ്‍ കോള്‍ ക്ലിനിക്ക്, മറ്റ് സാങ്കേതിക സഹായങ്ങള്‍ തുടങ്ങിയ ഒട്ടനേകം സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നതാണ് ക്ലിനിക്. കമ്പനികള്‍, പാര്‍ട്ണര്‍ഷിപ്പ് ഫേമുകള്‍, ബിസിനസ് സര്‍വ്വീസ് സംരംഭങ്ങള്‍ തുടങ്ങിയവയുടെ സകാത്ത് കാല്‍ക്കുലേഷനും സകാത്ത് ക്ലിനിക്ക് വഴി നടത്താനാകും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സകാത്ത് ക്ലിനിക് ഉദ്ഘാടനം ചെയ്തു. അരീക്കോട് മജ്മഅ് കേന്ദ്രമായി തുടങ്ങിയ സക്കാത്ത് ക്ലിനിക് സമൂഹത്തിന് മാതൃകയാണെന്നും സകാത്ത് ദുരുപയോഗം ചെയ്തു സമൂഹത്തെ വഞ്ചിക്കുന്നവര്‍ ഇത്തരം സംരംഭങ്ങള്‍ കണ്ടു പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ഖാദര്‍ അഹ്‌സനി ചാപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ സകാത് ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സൈക്രിഡ് പദ്ധതികളാവിഷ്‌കരിക്കുന്നുതായി അദ്ദേഹം പറഞ്ഞു.

വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, ശാഫി സഖാഫി മുണ്ടമ്പ്ര, മുജീബുറഹ്മാന്‍ സിദ്ദീഖി, സൈദ് മുഹമ്മദ് സിദ്ദീഖി സംസാരിച്ചു.സകാതുമായി ബന്ധപ്പെട്ട സംശയദൂരീകരണത്തിനായി 7356 663800, 9562936292 എന്നീ നമ്പറുകളില്‍ ഓണ്‍ കോള്‍ ക്ലിനിക്ക് സൗകര്യം ലഭ്യമാണ്. മറ്റു സൗകര്യങ്ങള്‍ക്ക് ഇതേ നമ്പറില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

 

 

Latest