Articles
സക്കാത്ത് സാമ്പത്തികാഭിവൃദ്ധി സാധ്യമാക്കും
ദാരിദ്ര്യം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്ത് ഓരോരുത്തരും സാമ്പത്തികാഭിവൃദ്ധി പ്രാപിച്ച് ജീവിക്കാന്‍ സകാത്ത് സംവിധാനം ധാരാളമാണെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ വേണ്ടത്ര ആസൂത്രണവും ഇസ്ലാമിക നിയമങ്ങളിലുള്ള അജ്ഞതയും സമൂഹത്തിന്റെ ജാഗ്രതക്കുറവും നിമിത്തം ഈ ലക്ഷ്യം പൂവണിയാതെ അസ്തമിച്ചുപോകുന്നു. ജാഗ്രതയോടെ മുസ്ലിം ഉമ്മത്ത് സകാത്ത് സംവിധാനത്തെ സമീപിച്ചാല്‍ തീര്‍ച്ചയായും പട്ടിണിയും പരിവട്ടവും ദാരിദ്ര്യവും തുടച്ചുനീക്കാന്‍ നമുക്കാകും.
ഹിജ്റ 224ല്‍ മരണപ്പെട്ട ഇമാം ഹാഫിള് അബൂ ഉബൈദ് തന്റെ വിശ്വ പ്രസിദ്ധ ഗ്രന്ഥമായ കിതാബുല്‍ അംവാലില്‍ കുറിച്ചുവെച്ചത് ലോകത്ത് എക്കാലവും പ്രസക്തമാണ്. ഖലീഫ ഉമറിന്റെ കാലത്ത് യമനില്‍ സകാത്ത് സ്വീകരിക്കാനാളില്ലാതെ സകാത്തിന്റെ മൂന്നിലൊന്ന് തലസ്ഥാന നഗരിയായ മദീനയിലേക്ക് ഗവര്‍ണര്‍ മുആദ് (റ) കൊടുത്തയച്ചു. ഇതറിഞ്ഞ് ക്ഷുഭിതനായ ഖലീഫയോട് ഗവര്‍ണറുടെ മറുപടി ഇവിടെ സകാത്ത് സ്വീകരിക്കാന്‍ പറ്റിയ ഒരാളും ഇനിയില്ലെന്നായിരുന്നു. തൊട്ടടുത്ത വര്‍ഷം മൊത്തം സകാത്തിന്റെ പകുതിയും അതിനടുത്ത വര്‍ഷം മുഴുവന്‍ സകാത്തും മദീനയിലേക്ക് കൊടുത്തയക്കേണ്ടി വന്നു. കാരണം സകാത്ത് വാങ്ങാന്‍ യോഗ്യനായ ഒരാള്‍ പോലുമില്ലാതെ യമന്‍ എന്ന മഹാനാട് പൂര്‍ണമായും സാമ്പത്തികാഭിവൃദ്ധി നേടിയിരിക്കുന്നു. സുപ്രസിദ്ധങ്ങളായ ഇത്തരം ധാരാളം ഉദാഹരണങ്ങള്‍ ഇസ്ലാമിക ലോകത്ത് ഇനിയും കാണാന്‍ സാധിക്കും.
നമ്മുടെ നാടുകളിലെ ദാരിദ്ര്യം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്ത് ഓരോരുത്തരും സാമ്പത്തികാഭിവൃദ്ധി പ്രാപിച്ച് ജീവിക്കാന്‍ സകാത്ത് സംവിധാനം ധാരാളമാണെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ വേണ്ടത്ര ആസൂത്രണവും ഇസ്ലാമിക നിയമങ്ങളിലുള്ള അജ്ഞതയും സമൂഹത്തിന്റെ ജാഗ്രതക്കുറവും നിമിത്തം ഈ ലക്ഷ്യം പൂവണിയാതെ അസ്തമിച്ചുപോകുന്നു. ജാഗ്രതയോടെ നാം മുസ്ലിം ഉമ്മത്ത് സകാത്ത് സംവിധാനത്തെ സമീപിച്ചാല്‍ തീര്‍ച്ചയായും പട്ടിണിയും പരിവട്ടവും ദാരിദ്ര്യവും തുടച്ചുനീക്കാന്‍ നമുക്കാകും. നമ്മുടെ നാടും മഹല്ലും യൂനിറ്റുകളും സ്വയം പര്യപ്തതയിലേക്ക് കുതിച്ചുയരും.
കിട്ടാനുള്ള കടം, ചിട്ടികളും കുറികളും, പ്രൊവിഡന്‍ഡ് ഫണ്ടുകള്‍, വിദ്യാഭ്യാസവും അല്ലാത്തതുമായ ആവശ്യങ്ങള്‍ക്ക് നല്‍കിയ റീഫന്‍ഡബിള്‍ ഡെപ്പോസിറ്റുകള്‍, നിക്ഷേപങ്ങള്‍, ഷെയറുകള്‍, കച്ചവടങ്ങള്‍, സ്വര്‍ണം, വെള്ളി ഇങ്ങനെ തുടങ്ങി ഒട്ടനേകം ഇനങ്ങളില്‍ ഇന്ന് സകാത്ത് നല്‍കേണ്ടതുണ്ട്. ഇവയോരോന്നും മനസ്സിലാക്കി സകാത്ത് കൃത്യമായി കണക്കുകൂട്ടുന്ന പ്രവണതയോ കണക്കുകൂട്ടാന്‍ ആവശ്യമായ പൊതു സംവിധാനങ്ങളോ നമ്മുടെ നാടുകളില്‍ തീരെ ഇല്ലെന്നു പറയാം. ഓരോരുത്തരും താന്‍ സകാത്ത് നല്‍കേണ്ടയാളാണോ എന്ന് പോലും ചിന്തിക്കുന്നയവസരങ്ങള്‍ വളരെ കുറവാണ്. അതി സമ്പന്നര്‍ക്ക് മാത്രമുള്ളതാണ് സകാത്ത് എന്ന ധാരണയും അറിയാതെ സമൂഹത്തെ പിടികൂടിയിരിക്കുന്നു. ഇതിനെല്ലാമാണ് നാം ആദ്യം മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത്.
ചെറിയ നഗരങ്ങള്‍ മുതല്‍ എല്ലായിടത്തും ഇന്ന് ടാക്സുകള്‍ കണക്കാക്കാനുള്ള വ്യത്യസ്ത സംവിധാനങ്ങള്‍ കാണാം. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ മുതല്‍ പലരും ഇത്തരം പ്രവൃത്തികളില്‍ നിരന്തരം മുഴുകിയിരിക്കുകയും ചെയ്യുന്നു. ഏത് സാമ്പത്തിക പ്രവൃത്തിക്കും മനുഷ്യരെ സഹായിക്കുന്ന ധാരാളം കണ്‍സള്‍ട്ടന്‍സികള്‍ കാണുന്നു. നീണ്ട സെമിനാറുകളും വര്‍ക്ഷോപ്പുകളും ഓണ്‍ലൈന്‍ സംവിധാനങ്ങളും മനുഷ്യന്റെ സാമ്പത്തിക വ്യവഹാരങ്ങളെ സഹായിക്കാന്‍ ലഭ്യമാണ്. പക്ഷേ അതിശയകരവും നിര്‍ഭാഗ്യകരവുമെന്ന് പറയട്ടെ, മുസ്ലിംകളുടെ ഏറ്റവും വലിയ വ്യവഹാരങ്ങളിലൊന്നായ സകാത്ത് വിതരണത്തെ സഹായിക്കാന്‍ ഒരിടത്തും കണ്‍സള്‍ട്ടന്‍സികള്‍ കണ്ടെത്താനാകില്ല. പരസ്പരം സഹായിക്കാന്‍ ഒരു പൊതു സംവിധാനവുമില്ല. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പലിശ രഹിത സംവിധാനം തുടങ്ങിയ നാം അത് ഇന്ത്യയില്‍ നിലവിലുള്ള സംവിധാനമുപയോഗിച്ച് സാധ്യമല്ലെന്നറിഞ്ഞിട്ടും ധാരാളം ഊര്‍ജവും പണവും ചെലവഴിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ നൂറ് ശതമാനം സാധ്യമായ സകാത്തിന്റെ വിതരണം ഫലപ്രദമാക്കാന്‍ ഒരു സംവിധാനവുമില്ല. അതിനാല്‍ സംസ്ഥാന തലം മുതല്‍ മഹല്ല് തലം വരെ ഇത്തരം കണ്‍സള്‍ട്ടന്‍സികളും സംവിധാനങ്ങളും വരണം. ഓരോ വക്കീലും മുഹമ്മദന്‍ ലോ പഠിക്കുന്നതുപോലെ നമ്മുടെ മുഴുവന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും മറ്റു സാമ്പത്തിക വിദഗ്ധരും സകാത്ത് പഠിക്കണം. അവരെ നാം പഠിപ്പിക്കുകയും വേണം. അവരുടെ ബോര്‍ഡുകളില്‍ സകാത്ത് കാല്‍ക്കുലേഷനും കടന്നുവരണം. ദഅ്വാ കോളജുകളില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥികള്‍ക്കും അല്ലാത്തവര്‍ക്കും പ്രത്യേക പരിശീലനങ്ങള്‍ നല്‍കി മഹല്ലടിസ്ഥാനത്തിലും യൂനിറ്റടിസ്ഥാനത്തിലും സകാത്ത് കണ്‍സല്‍ട്ടന്റ് എന്ന പ്രത്യേക പദവി നാം നല്‍കണം. നമ്മുടെ സാന്ത്വന കേന്ദ്രങ്ങള്‍ സകാത്ത് സഹായക കേന്ദ്രങ്ങളായിക്കൂടി പൂര്‍ണമായും മാറണം. സകാത്ത് നല്‍കാനാഗ്രഹിക്കുന്ന ബിസിനസ്സുകളും കമ്പനികളും തങ്ങള്‍ക്കൊരു വക്കീലിനെയും ടാക്സ് കണ്‍സള്‍ട്ടന്റിനെയും വെക്കുന്നതുപോലെ സകാത്ത് കണ്‍സള്‍ട്ടന്റിനെ വെക്കണം. സംസ്ഥാന തലത്തിലോ ജില്ലാ തലങ്ങളിലോ സകാത്ത് രജിസ്ട്രേഷന്‍ ഓഫീസുകളും തുടങ്ങാം. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളെ സമയമാകുമ്പോള്‍ അറിയിക്കുകയും സഹായിക്കുകയും ചെയ്യാം.
ഇല്ലായ്മകളില്‍ മുതലെടുപ്പ് നടത്തി ചില പരിഷ്‌കരണ വാദികളുടെ സംവിധാനങ്ങള്‍ ചില നാടുകളില്‍ നടപ്പുണ്ട്. ഇത് പൂര്‍ണമായും സകാത്തിന്റെ അന്തസ്സത്ത തകര്‍ക്കുന്നതും അതാതു സംഘടനകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണവുമാണ്. സകാത്ത് അതിന്റെ അവകാശികള്‍ക്ക് കൃത്യമായ രൂപത്തില്‍ നല്‍കിയാലല്ലാതെ മതപരമായ ബാധ്യത വീടില്ലെന്നും സമൂഹത്തിന് ഉപകാരപ്പെടില്ലെന്നും ഇക്കൂട്ടര്‍ ഇനിയും മനസ്സിലാക്കിയിട്ടുമില്ല. സകാത്ത് അതാതു നാടുകളിലാണ് നല്‍കേണ്ടത്. നാടുകളില്‍ അവകാശികളില്ലാതിരുന്നാല്‍ മാത്രമേ അടുത്ത നാട്ടിലേക്ക് നീങ്ങാവൂ. ഓരോ നാട്ടിലെയും ഫഖീര്‍, മിസ്‌കീന്‍, കടം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍, യാത്രക്കാര്‍, പുതു വിശ്വാസികള്‍ എന്നീ വിഭാഗങ്ങളെയെല്ലാവരെയും പരിഗണിക്കണം. ഇവര്‍ക്കിടയില്‍ സമത്വം കാണിക്കണം. ഓരോ വിഭാഗത്തിലെയും ചുരുങ്ങിയത് മൂന്നാളുകളെയെങ്കിലും പരിഗണിക്കണം. ഇങ്ങനെ ധാരാളം നിയമങ്ങള്‍ ഇസ്ലാം വെച്ചിട്ടുണ്ട്. ഇതിനപ്പുറത്തേക്ക് ഒരാവശ്യത്തിനും ഒരു രൂപ പോലും സകാത്ത് നല്‍കിയാല്‍ അത് സകാത്താകില്ല. സ്ഥാപന നിര്‍മാണം, പത്രപ്രവര്‍ത്തനം, ശമ്പള കുടിശ്ശിക തീര്‍ക്കല്‍, സംഘടനകളുടെ കെട്ടിട വാടക നല്‍കല്‍ ഇങ്ങനെ ഒരാവശ്യത്തിനും സകാത്ത് നല്‍കരുത്. പാവങ്ങള്‍ക്ക് നല്‍കുകയും അവര്‍ സമൃദ്ധമായി ജീവിക്കുകയുമാണ് വേണ്ടത്. ഇതെല്ലം മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോഴാണ് നാം നേരത്തേ പറഞ്ഞ ദാരിദ്ര്യ മുക്തമായ ലോകം ജനിക്കുന്നത്. പരിഷ്‌കരണ വാദികളുടെ സംവിധാനം ഇസ്ലാമികമല്ലാത്തതുപോലെത്തന്നെ ഇതിന് പര്യാപ്തവുമല്ല.
രണ്ട് തരം മനുഷ്യരാണ് ഇന്ന് നമ്മുടെ നാടുകളിലുള്ളത്. ഒരു വിഭാഗം ദാരിദ്ര്യം പ്രകടിപ്പിക്കുകയും കിട്ടാനായി ചോദിക്കുകയും ചെയ്യുന്നു. ഇവര്‍ക്ക് ധാരാളം കിട്ടുന്നുണ്ടാകാം. നല്‍കുകയും വേണം. എന്നാല്‍ ഓരോ സകാത്ത് ദായകനും ഏറ്റവും കൂടുതല്‍ പരിഗണിക്കേണ്ടത് രണ്ടാം വിഭാഗത്തെയാണ്. ചോദിക്കാന്‍ മടിച്ച് വിഷമിച്ചു ജീവിക്കുന്ന പാവങ്ങളെ. ഇസ്ലാം അതിന് വലിയ പുണ്യം പറഞ്ഞു. അത്തരക്കാരെ വ്യക്തിപരമായി മാത്രമേ പരിചയമുണ്ടാകൂ. സകാത്തുകള്‍ സംഘടിതമായി നല്‍കുമ്പോള്‍ ഈ രണ്ടാം വിഭാഗത്തെ അവഗണിക്കേണ്ടി വരുന്നു. അതുകൊണ്ടാണ് ഇസ്ലാമിക ഭരണമുള്ളിടത്തുപോലും കച്ചവടം, കറന്‍സി, സ്വര്‍ണം, വെള്ളി തുടങ്ങിയവയിലുള്ള സകാത്തുകള്‍ ഒരിക്കലും ഭരണാധികാരി പോലും ചോദിക്കരുതെന്ന് ഇസ്ലാം നിര്‍ദേശിച്ചത്. അത് ഓരോ വ്യക്തിയും തന്റെ പരിചയത്തിലുള്ളവരെ സ്വകാര്യമായി പരിഗണിക്കാനാണ്. അപ്പോള്‍ മാത്രമാണ് പട്ടിണിക്ക് പൂര്‍ണ ശമനം നമ്മുടെ നാടുകളിലുണ്ടാകൂ.
സകാത്തിന്റെ വിഷയത്തില്‍ ഇനിയും നമുക്ക് വലിയ ജാഗ്രത ആവശ്യമുണ്ട്. ഹജ്ജ് ഉംറ സര്‍വീസുകള്‍, ഇഫ്താറുകള്‍, ഇഅ്തികാഫുകള്‍, മസ്ജിദ്-സ്ഥാപന നിര്‍മാണങ്ങള്‍ തുടങ്ങി ഒട്ടനേകം കാര്യങ്ങളില്‍ നാം മുന്‍പന്തിയിലാണെങ്കിലും ഇപ്പോഴും നിസ്‌കാരം, നോമ്പ്, ഹജ്ജ് പോലെ വളരെ ഗൗരവവും പ്രധാനവുമായ സകാത്ത് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവരെ ഉപദേശിക്കാനോ കണ്ടെത്താനോ ജാഗ്രതക്കുറവ് സമൂഹത്തിലുണ്ടെന്നത് നേരാണ്. സ്വദഖയെക്കുറിച്ച് നാം പറയുന്നതിലും എത്രയോ ഉപരി സകാത്ത് പറയേണ്ടിയിരിക്കുന്നു. സകാത്ത് നല്‍കാത്ത സ്വത്താണെങ്കില്‍ അയാളുടെ അനന്തരാവകാശികള്‍ പോലും അതുപയോഗിക്കുന്നത് ഹറാമാണെന്നും സ്വത്ത് വീതം വെക്കുന്നതിനു മുമ്പ് സകാത്ത് വീട്ടണമെന്നുമുള്ള അവബോധം സമൂഹത്തില്‍ തീരെ കണ്ടുവരുന്നില്ല. ഓരോ കുടുംബത്തെയും സകാത്തിന്റെ കണിശതയെക്കുറിച്ചും ഗൗരവത്തെക്കുറിച്ചും ബോധ്യപ്പെടുത്താന്‍ വലിയ പദ്ധതികള്‍ നമുക്കാവശ്യമുണ്ട്. ആ ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതുവരെ വിശ്രമം വെടിയേണ്ടിയിരിക്കുന്നു. ഓരോ നാട്ടിലും സകാത്ത് നല്‍കാന്‍ കഴിയുന്നവരുടെയും സകാത്ത് സ്വീകരിക്കാന്‍ അര്‍ഹരായവരുടെയും കണക്കെടുപ്പ് നടക്കണം. ഇവരെ സ്വകാര്യമായി ബന്ധിപ്പിക്കാനുള്ള ചാനലുകളും വേണം. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമായ യൂനിറ്റുകളില്‍ ഇത് വളരെ സൗകര്യപ്രദമാണ്.
സകാത്ത് വളരെ ആസൂത്രിതവും വ്യവസ്ഥാപിതവുമായി നല്‍കാനാണ് ഇസ്ലാം പ്രോത്സാഹിപ്പിച്ചത്. കഴിഞ്ഞ കാല പണ്ഡിതന്മാര്‍ ഇത് ധാരാളം വിശദീകരിച്ചുതന്നു. ഓരോരുത്തരെയും സ്വാശ്രയരാക്കാനുള്ള ശ്രമമാണ് സകാത്ത് ദായകര്‍ നടത്തേണ്ടത്. തൊഴിലില്ലാത്തവര്‍ക്ക് തൊഴിലുപകരണം വാങ്ങാന്‍ പര്യാപ്തമായ സംഖ്യ, കച്ചവടം ആഗ്രഹിക്കുന്നവര്‍ക്ക് അതിനു പറ്റിയത്, വീടില്ലാത്തവര്‍ക്ക് അതിന് ആവശ്യമുള്ളത്, സ്ഥിര വരുമാനം നല്‍കുന്നവ വാങ്ങാനുള്ള പണം- ഇങ്ങനെ നോക്കി സംഖ്യ നല്‍കണം. ഒരുകാര്യം ശ്രദ്ധിക്കേണ്ടത് പണം നല്‍കേണ്ടിടത്ത് മറ്റെന്തു നല്‍കിയാലും സകാത്ത് വീടില്ല എന്നതാണ്. എന്നാല്‍ ഓരോരുത്തരെയും സ്വയം പര്യപ്തരാക്കുകയും വേണം. ഈ വര്‍ഷം സക്കാത്ത് സ്വീകരിച്ചവര്‍ അടുത്ത വര്‍ഷം സക്കാത്ത് നല്‍കേണ്ടവരായി മാറണം. ഇതിന് സകാത്ത് ദായകര്‍ക്ക് വലിയ അവബോധം ആവശ്യമാണ്. അവബോധം നല്‍കാന്‍ ധാരാളം സംവിധാനങ്ങളും ആവശ്യമാണ്. ഇത്തരം കാര്യങ്ങളിലേക്ക് നമ്മുടെ മഹല്ല്, സ്ഥാപന, സംഘടനാ സംവിധാനങ്ങള്‍ ഉയര്‍ന്നുവരുമ്പോഴാണ് വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നത്.
ഇത് ചില നിര്‍ദേശങ്ങള്‍ മാത്രമാണ്. കൂട്ടമായ ചിന്തകളില്‍ ഇനിയും ഒരായിരം നിര്‍ദേശങ്ങള്‍ വിരിഞ്ഞ് ഒരു സുശക്തമായ സമൂഹത്തെ നമുക്ക് കെട്ടിപ്പടുക്കാം.