Connect with us

Uae

ത്വക്ക് കാൻസറിന് സോപ്പ് നിർമിച്ച കൗമാരക്കാരന് സായിദ് അവാർഡ്

പത്താം ക്ലാസുകാരനായ എത്യോപ്യൻ അമേരിക്കക്കാരനായ ഹേമാൻ ബെക്കെലെയാണ് ത്വക്ക് അർബുദത്തെ ചികിത്സിക്കാൻ കഴിവുള്ള ഇമിഡാസോക്വിനോലിൻ എന്ന മരുന്ന് ഉപയോഗിച്ച് ഗവേഷണം നടത്തിയത്.

Published

|

Last Updated

അബൂദബി| സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റിയുടെ 2025-ലെ അവാർഡ് പ്രഖ്യാപിച്ചു. ത്വക്ക് കാൻസറിനുള്ള സോപ്പ് കണ്ടുപിടിച്ച 15 വയസ്സുകാരനും 2010 മുതൽ മാനുഷിക പ്രതിസന്ധികളുടെയും പ്രകൃതി ദുരന്തങ്ങളുടെയും ഇരകൾക്ക് ഭക്ഷണം നൽകുന്ന സംഘടനയായ വേൾഡ് സെൻട്രൽ കിച്ചണും ഒരു മില്യൺ ഡോളർ മൂല്യമുള്ള അവാർഡിന് അർഹരായി.
പത്താം ക്ലാസുകാരനായ എത്യോപ്യൻ അമേരിക്കക്കാരനായ ഹേമാൻ ബെക്കെലെയാണ് ത്വക്ക് അർബുദത്തെ ചികിത്സിക്കാൻ കഴിവുള്ള ഇമിഡാസോക്വിനോലിൻ എന്ന മരുന്ന് ഉപയോഗിച്ച് ഗവേഷണം നടത്തിയത്. ആദ്യം, ത്വക്ക് കാൻസറിനുള്ള ലോഷൻ ഉണ്ടാക്കാൻ ഇത് ഉപയോഗിക്കണമെന്നാണ് കരുതിയതെന്നും എന്നാൽ ഒരു സാർവത്രിക ഉത്പന്നം ആവശ്യമാണെന്നും മനസ്സിലാക്കിയാതായി ബെകെലെ പറഞ്ഞു. തുടർന്നാണ് സോപ്പ് ഫോർമുലയിൽ എത്തിയത്.
ഉത്പന്നം എലികളിൽ പ്രാരംഭ പരിശോധനക്ക് വിധേയമാക്കി. നല്ല ഫലങ്ങൾ കാണിക്കുന്നുണ്ടെങ്കിലും ഇതിന് വിപുലമായ പരീക്ഷണങ്ങളും അംഗീകാരങ്ങളും ആവശ്യമാണ്. ഇതിന്നായി ഇപ്പോൾ ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്‌കൂൾ ഫോർ പബ്ലിക് ഹെൽത്തിൽ ഡോ. റീത്ത റെബേക്കയുടെ മാർഗനിർദേശത്തിൽ കൂടുതൽ ഗവേഷണം നടത്തുകയാണ്. ബെക്കെലെ പറഞ്ഞു.
വേൾഡ് സെൻട്രൽ കിച്ചൻ ലോകമെമ്പാടുമുള്ള പ്രതിസന്ധികളിൽ ബാധിത സമൂഹങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കാൻ പ്രവർത്തിക്കുന്നതാണ്. 2010-ൽ ഷെഫ് ജോസ് ആൻഡ്രേസ് സ്ഥാപിച്ച ഈ സംഘടന 30-ലധികം രാജ്യങ്ങളിലായി 300 ദശലക്ഷം ഭക്ഷണങ്ങൾ നൽകി. 2023 ഒക്ടോബറിൽ ഇസ്റാഈൽ ബോംബാക്രമണം ആരംഭിച്ചതിന് ശേഷം ഗസ്സയിലെ ഫലസ്തീൻകാർക്ക് 70 ദശലക്ഷത്തിലധികം ഭക്ഷണം നൽകി. സൈപ്രസിൽ നിന്ന് ഗസ്സയിലേക്ക് ഭക്ഷ്യസഹായം എത്തിച്ച ആദ്യത്തെ സംഘടന ഇതാണെന്ന് സി ഇ ഒ എറിൻ ഗോർ പറഞ്ഞു. ആഗോളതലത്തിൽ സാമൂഹിക ഐക്യദാർഢ്യം പരിപോഷിപ്പിക്കുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനാണ് സായിദ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

Latest