Connect with us

Articles

വേണം ലഹരിക്കെതിരെ സീറോ ടോളറന്‍സ് പോളിസി

ലഹരി ഉപയോഗത്തില്‍ നിന്ന് പിന്തിരിയാന്‍ ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്തിയ രണ്ട് കാര്യങ്ങളാണ് കൗണ്‍സലിംഗും സര്‍ക്കാറിന്റെ പ്രതിരോധ സംവിധാനങ്ങളും. മയക്കുമരുന്ന് വിരുദ്ധ നയങ്ങളിലെ പോരായ്മകള്‍ പരിഹരിച്ച് ശക്തമായ എന്‍ഫോഴ്സ്മെന്റ് സംവിധാനം സൃഷ്ടിക്കണം. ചൈന അതിനൊരു മാതൃകയാണ്. സീറോ ടോളറന്‍സ് പോളിസിയാണ് അവിടെ. രാജ്യത്തിന്റെ ജനസംഖ്യയില്‍ പകുതിയും വിദേശികളായിട്ടും സഊദി അറേബ്യയില്‍ മയക്കുമരുന്ന് കെടുതികളില്ല.

Published

|

Last Updated

കൗമാര പ്രായക്കാരിലാണ് ലഹരിയുടെ ഉപയോഗം കൂടുതലെന്ന് പറയുമ്പോള്‍ നേരത്തേ സൂചിപ്പിച്ച കാരണങ്ങള്‍ക്ക് പുറമെ ചില ജീവശാസ്ത്രപരമായ കാരണങ്ങള്‍ കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കൗമാരക്കാരുടെ ബ്രയിനിന്റെ പ്രത്യേകതയാണ് അതില്‍ പ്രധാനം. അവര്‍ ചിലതിനോട് ആര്‍ത്തിയിലായിക്കഴിഞ്ഞാല്‍ പിന്നീട് ഒരു മടക്കം പ്രയാസകരമാകും. അതിന് കാരണം അവരുടെ തലച്ചോറിന്റെ സവിശേഷതയാണ്.

ശരീരത്തെപ്പോലെ തന്നെ തലച്ചോറും വളര്‍ച്ചയുടെ ഘട്ടത്തിലാണുള്ളത്. തലച്ചോറിന്റെ പ്രീഫ്രൊണ്ടല്‍ കോര്‍ടെക്സും സബ്കോര്‍ട്ടിക്കല്‍ വ്യൂഹവുമായുള്ള ബന്ധം ദുര്‍ബലമാകും. അതോടെ യുക്തിചിന്ത സാധ്യമാകില്ല. ഡോപാമിന്റെയും സെറോടോണിന്റെയും അമിതമായ ഉത്പാദനമാണ് ഈ വേര്‍പ്പെടലിന് മുഖ്യകാരണം. ഈ സാഹചര്യം തന്നെയാണ് പ്രണയത്തിലും മാതാപിതാക്കളെ ധിക്കരിച്ച് അയുക്തികരമായ വൈവാഹിക തീരുമാനങ്ങള്‍ എടുക്കുന്നതിനും മറ്റും കാരണമാകുന്നത്. എന്നാല്‍ യൗവനത്തിലോ മധ്യവയസ്സിലോ ഈ പ്രശ്‌നം നേരിടുന്നില്ല.
ഇതുകൂടാതെ, മാതാപിതാക്കളെ മാതൃകയാക്കുന്ന ശക്തമായ ഒരു ഘടകം പ്രവര്‍ത്തിക്കുന്നത് ലഹരിയിലേക്ക് നയിക്കുന്നുവെന്നത് ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ്. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളുള്ള രക്ഷിതാക്കള്‍ സൂക്ഷിക്കണം. അവരുടെ മക്കള്‍ സ്വാഭാവികമായി തന്നെ ലഹരിയുടെ തോഴന്മാരാകും. പുകവലിയിലൂടെയാണ് 75 ശതമാനം കുട്ടികളും ലഹരിയുടെ അടിമകളായതെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. പുകയുടെയും സിറിഞ്ചിന്റെയും രൂപത്തില്‍ ലഹരി ഉപയോഗിക്കുന്ന പ്രവണത വളരെ കൂടുതലാണ്. ഇതും മാരകമാണ്. കാരണം, ഈ അവസ്ഥയില്‍ ലഹരി പദാര്‍ഥം ചെറുകുടലിലേക്ക് പോലും എത്താതെ രക്തധമനികളിലേക്കും അവിടുന്ന് തലച്ചോറിലേക്കും വളരെവേഗം എത്തുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യും.
കേരളത്തില്‍ ലഹരി വ്യാപകമാകാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട്. കേരളം ഒരു നഗരം പോലെയാണ്. നഗര ജീവിതശൈലിക്കൊപ്പം നഗര സമ്മര്‍ദവും ലഹരിക്ക് കാരണമാണ്. കുട്ടികളുടെ “സ്വതന്ത്ര ചിന്ത’ എന്ത് ചെയ്യാനും ധൈര്യപ്പെടുന്ന അവസ്ഥ സംജാതമാക്കിയിട്ടുണ്ട്. തൊഴിലില്ലായ്മ എങ്ങനെയും പണം സമ്പാദിക്കാനുള്ള ത്വര ചെറുപ്പക്കാരില്‍ ഉണ്ടാക്കുന്നത് ലഹരി ട്രാഫിക്കിന് സഹായകരമാണ്. സോഷ്യല്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ സാമ്പത്തികം വേണം. അതുപോലെ തന്നെ, ലഹരി കൂട്ടുകെട്ട് മറ്റൊരു സോഷ്യല്‍ സ്റ്റാറ്റസാണ് ഇപ്പോള്‍.

ലോകത്തെ അപകടകാരികളായ എല്ലാവിധ ലഹരി പദാര്‍ഥങ്ങളും കേരളത്തില്‍ ലഭ്യമാണ്. അതിന് പുറമെയാണ് രോഗികളെ മയക്കുന്ന, വേദനാ സംഹാരികളായ, ഉറക്കത്തിന് നല്‍കുന്ന, അനസ്‌തേഷ്യക്കുപയോഗിക്കുന്ന കുറിപ്പടി മരുന്നുകള്‍ വരെ രാസ മാറ്റങ്ങള്‍ക്ക് വിധേയമാക്കി ആവശ്യക്കാരിലേക്കെത്തുന്നത്. ലഹരിയുടെ ഭ്രാന്താലയമായി കേരളം മാറുന്നതിന് മുമ്പേ നമുക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

2022ലെ വേള്‍ഡ് ഡ്രഗ് റിപോര്‍ട്ട് പ്രകാരം ലോകത്ത് പതിനഞ്ചിനും അറുപത്തിനാലിനും ഇടയില്‍ പ്രായമുള്ള 30 കോടിയോളം ആളുകള്‍ ലഹരിക്കടിമകളാണ്. ഇന്ത്യയില്‍ മൂന്ന് കോടിയോളം വരുമിത്. 2010നെ അപേക്ഷിച്ച് 2020 ലെത്തുമ്പോള്‍ 26 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ യു എന്‍ ഒ ഡി സി പറയുന്നു. ശരീരത്തിലേക്ക് മയക്കുമരുന്ന് കുത്തിവെക്കുന്നവരില്‍ പകുതി പേര്‍ക്കും ഹെപ്പറ്റൈറ്റസ് രോഗവും എയ്ഡ്സ് രോഗവും വ്യാപകമായി ബാധിച്ചിട്ടുണ്ടെന്നതും തെളിയിക്കപ്പെട്ടതാണ്. ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന ലഹരി വസ്തു പുകയിലയാണ്. ക്യാന്‍സറിന് കാരണമാകുന്ന, 70ല്‍പ്പരം രാസവസ്തുക്കള്‍ പുകയിലയില്‍ അടങ്ങിയിട്ടുണ്ട്. നിക്കോട്ടിന്‍ വളരെ ആസക്തിയുള്ള സൈക്കോ ആക്റ്റീവ് മരുന്നാണ്. ഓരോ അവയവങ്ങളെയും കൊന്നുകളയാനുള്ള ശേഷി ലഹരിക്കുണ്ട്. അതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ലഹരിയുടെ എല്ലാ രൂപങ്ങള്‍ക്കും കടിഞ്ഞാണിടേണ്ടതുണ്ട്. മദ്യം പടിപടിയായി നിര്‍ത്തലാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല. മയക്കുമരുന്ന് റാക്കറ്റുകളെയും ഉന്നതരെയും ഒന്ന് സ്പര്‍ശിക്കുക പോലും ചെയ്തിട്ടില്ല. അതിന് വേണ്ടി ഉണ്ടാക്കിയ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ പോലും വിപണനത്തെ സഹായിച്ചുവെന്ന് വെളിപ്പെട്ടതാണ്.
ലഹരി ഉപയോഗത്തില്‍ നിന്ന് പിന്തിരിയാന്‍ ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്തിയ രണ്ട് കാര്യങ്ങളാണ് കൗണ്‍സലിംഗും സര്‍ക്കാറിന്റെ പ്രതിരോധ സംവിധാനങ്ങളും. മയക്കുമരുന്ന് വിരുദ്ധ നയങ്ങളിലെ പോരായ്മകള്‍ പരിഹരിച്ച് ശക്തമായ എന്‍ഫോഴ്സ്മെന്റ് സംവിധാനം സൃഷ്ടിക്കണം. ചൈന അതിനൊരു മാതൃകയാണ്. സീറോ ടോളറന്‍സ് പോളിസിയാണ് അവിടെ. രാജ്യത്തിന്റെ ജനസംഖ്യയില്‍ പകുതിയും വിദേശികളായിട്ടും സഊദി അറേബ്യയില്‍ മയക്കുമരുന്ന് കെടുതികളില്ല. അവിടെയും ശക്തമായ നിയമങ്ങളുണ്ട്. അവ കണിശമായി നടപ്പിലാക്കുന്നുമുണ്ട്.

സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കേരളത്തിന് എതിരാണ്. പഴയ ഗ്രാമീണ സാഹചര്യം ഇന്നില്ല. യഥേഷ്ടം കളിച്ചു നടന്ന കുട്ടിക്കാലം ഇന്നില്ല. കൂട്ടുകുടുംബത്തിന് പകരം അണുകുടുംബങ്ങളാണ്. കൗമാരക്കാരുടെ സംഘര്‍ഷങ്ങള്‍ക്ക് ശ്രദ്ധകൊടുക്കാന്‍ സോഷ്യല്‍ മീഡിയയുടെ കാലത്ത് ആളില്ലെന്ന് വന്നിരിക്കുന്നു. വിദ്യാലയങ്ങളില്‍ പഴയ പോലെ ഗുരു-ശിഷ്യ ബന്ധങ്ങളില്ല. സിനിമകള്‍, പാട്ടുകള്‍, സോഷ്യല്‍ മീഡിയ എന്നിവയിലൊക്കെ വയലന്‍സ് തളംകെട്ടി നില്‍ക്കുന്നു. അത്യാവശ്യം മസില്‍ പവര്‍ കാണിക്കുന്നവര്‍ ആരാധിക്കപ്പെടുന്നു. ലഹരിവില്‍പ്പനയിലൂടെ ലഭിക്കുന്ന സമ്പന്നത മറ്റുള്ളവരെ അസൂയാലുക്കളാക്കുന്നു. ലിബറല്‍ മദ്യനയം കാരണം കുട്ടികള്‍ക്ക് വരെ മദ്യം ലഭ്യമാകുന്നു. കള്ള് വിറ്റുകിട്ടുന്ന കാശ് കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ കൗമാരക്കാര്‍ക്ക് നല്‍കുന്ന സന്ദേശം ലഹരിക്കുള്ള അനുവാദമല്ലേ?
സാമൂഹിക സുസ്ഥിരതയെയും പൊതുജനാരോഗ്യത്തെയും ഉത്പാദനക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയെയുമൊക്കെ പ്രതികൂലമായും ഗുരുതരമായും ബാധിക്കുന്ന തരത്തില്‍ മദ്യപാനമടക്കമുള്ള ലഹരി ശീലങ്ങള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് സര്‍ക്കാറുകള്‍ മനസ്സിലാക്കണം. വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്ലബുകള്‍ സജീവമാക്കണം. കുട്ടികള്‍ക്ക് നിര്‍ബന്ധമായും മെന്റര്‍ സിസ്റ്റം ഏര്‍പ്പെടുത്തണം. കൗണ്‍സലിംഗിന് സ്ഥിരം സംവിധാനമുണ്ടാകണം. ലഹരിയുടെ ലക്ഷണങ്ങള്‍ മനസ്സിലാക്കാനും അത്തരം ഘട്ടങ്ങളില്‍ തുറന്ന് സംസാരിക്കാനും അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം. രക്ഷിതാക്കള്‍ക്ക് നിരന്തര വര്‍ക് ഷോപ്പുകളും സെമിനാറുകളും നല്‍കണം. വിദ്യാലയങ്ങളില്‍ അധികൃതരുടെ മിന്നല്‍ റെയ്ഡുകള്‍ നടക്കണം. ബ്ലഡ് സാമ്പിളുകള്‍ എടുത്ത് പരിശോധിക്കണം.

ഓരോ ഗ്രാമത്തിലും ജാഗ്രതാ സമിതികള്‍ ഉണ്ടാക്കണം. ലഹരി ഉപയോഗിക്കുന്നവരെയോ വില്‍പ്പനക്കാരെയോ കണ്ടാല്‍ നടപടികള്‍ കൈക്കൊള്ളണം. മക്കളുടെ കൂട്ടുകാരെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം. “ലഹരി വിമുക്ത കേരളം’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിമുക്തി ബോധവത്കരണ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റ് ചെയ്യപ്പെടണം. ഉന്നതര്‍ പിടിക്കപ്പെടാറില്ല. ചെറുമീനുകള്‍ ശിക്ഷിക്കപ്പെട്ടത് കൊണ്ട് ലഹരി തടയാന്‍ സാധിക്കില്ല. പോലീസിലും എക്‌സൈസിലും ഈ മാഫിയയെ സഹായിക്കുന്നവര്‍ ഉണ്ടെന്നത് സത്യമാണ്. അതിനോട് സര്‍ക്കാര്‍ എടുക്കുന്ന കണ്ണുചിമ്മല്‍ സമീപനമാണ് കേരളം ഇന്നുകാണുന്ന ദുരന്തത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇനിയത് അനുവദിച്ചുകൂടാ.
(അവസാനിച്ചു)

---- facebook comment plugin here -----

Latest