Kerala
സിസാ തോമസ് ഹിയറിങ്ങിന് ഹാജരായില്ല; സമയം നീട്ടി നല്‍ കണമെന്ന് ആവശ്യം
ഏപ്രില്‍ ആദ്യവാരം സമയം നല്‍കാനാണ് സിസാ തോമസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്
തിരുവനന്തപുരം | സാങ്കേതിക സര്‍വകലാശാല വിസി സ്ഥാനത്ത് നിന്ന് ഇന്ന് വിരമിക്കുന്ന സിസാ തോമസ് ഹിയറിങിന് ഹാജരായില്ല. ഹിയറിങിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണമെന്ന് സിസാ തോമസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഏപ്രില്‍ ആദ്യവാരം സമയം നല്‍കാനാണ് സിസാ തോമസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി പ്രകാരം സിസാ തോമസിനോട് ഹിയറിങ്ങിന് ഹാജരാകണമെന്ന് ഇ മെയില്‍ വഴി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹിയറിങിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുളള സര്‍ക്കാറിന്റെ കത്ത് നേരിട്ട് കിട്ടിയിട്ടില്ലെന്ന് സിസാ തോമസ് പറഞ്ഞു.
രാവിലെ 11.30 ന് വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയ്ക്ക് മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. അനുമതിയില്ലാതെ വൈസ് ചാന്‍സലറായി ചുമതലയേറ്റതില്‍ സര്‍ക്കാരിന് തുടര്‍ നടപടി സ്വീകരിക്കാമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അറിയിച്ചതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ നീക്കം. സിസാ തോമസ് നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ അടക്കമുളള അച്ചടക്ക നടപടികളിലേക്ക് കടക്കാവുന്നതാണ്.
എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാല താല്‍കാലിക വിസിയായി സിസാ തോമസിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറാണ് നിയമിച്ചത്. ഡിജിറ്റല്‍ സര്‍വ്വകലാശാല വിസി സജി ഗോപിനാഥിനെ നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിരാകരിച്ചായിരുന്നു സിസാ തോമസിന് വിസിയുടെ ചുമതല ഗവര്‍ണര്‍ നല്‍കിയത്.