Saudi Arabia
സോണ്‍ പ്രവാസി സാഹിത്യോത്സവുകള്‍ക്ക് പരിസമാപ്തി;സഊദി വെസ്റ്റ് സാഹിത്യോത്സവ് നവംബര്‍ പതിനഞ്ചിന് ജിസാനില്‍
സോണില്‍ നിന്നും വിജയികളായ പ്രതിഭകള്‍ നവംബര്‍ പതിനഞ്ചിനു ജിസാനില്‍ നടക്കുന്ന സൗദി വെസ്റ്റ് സാഹിത്യോത്സവില്‍ മാറ്റുരക്കും
ജിസാന്‍ | കലാലയം സാംസ്‌കാരിക വേദിക്ക് കീഴില്‍ നടക്കുന്ന പ്രവാസി സാഹിത്യോത്സവുകളുടെ സോണ്‍ തല മത്സരങ്ങള്‍ സമാപിച്ചു . സോണില്‍ നിന്നും വിജയികളായ പ്രതിഭകള്‍ നവംബര്‍ പതിനഞ്ചിനു ജിസാനില്‍ നടക്കുന്ന സൗദി വെസ്റ്റ് സാഹിത്യോത്സവില്‍ മാറ്റുരക്കും .പ്രവാസി വിദ്യാര്‍ഥികളിലെയും യുവതീയുവാക്കളിലെയും സാഹിത്യ – സര്‍ഗ കഴിവുകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് പത്തൊമ്പത് രാജ്യങ്ങളില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്.സി) ന്റെ സാംസ്‌കാരിക വിഭാഗമായ കലാലയം സാംസ്‌കാരിക വേദിക്ക് കീഴില്‍ പ്രവാസി സാഹിത്യോത്സവുകള്‍ നടന്നു വരുന്നത് .
ഫാമിലി, യൂനിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളില്‍ കഴിവ് തെളിയിച്ച 9 സോണുകളില്‍ നിന്നുള്ള പ്രതിഭകള്‍ ആണ് ജിസാനില്‍ മത്സരിക്കാനെത്തുന്നത്.മക്ക, മദീന, ജിദ്ദ സിറ്റി, തായിഫ്, അല്‍ബഹ,അസീര്‍, യാമ്പു, ജിദ്ദ നോര്‍ത്ത് സോണുകളും ആതിഥേയരായ ജിസാനും ആണ് സാഹിത്യോത്സവില്‍ പങ്കെടുക്കുന്നത്.
ബഡ്‌സ്, കിഡ്‌സ്, ജൂനിയര്‍ സെകന്ററി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 3 മുതല്‍ മുപ്പതു വയസ്സ് വരെയുള്ളവര്‍ക്കും ജൂനിയര്‍, സെക്കന്ററി, ജനറല്‍ വിഭാഗങ്ങളിലായി വനിതകള്‍ക്കും ക്യാമ്പസുകള്‍ പ്രത്യേക വിഭാഗമായും നൂറോളം മത്സരങ്ങളാണ് സാഹിത്യോത്സവില്‍ നടക്കുന്നത്.
വിവിധ ഭാഷാ പ്രസംഗം,മാപ്പിള പാട്ട്, കവിതാ പാരായണം, അറബി-ഉറുദു ഗാനങ്ങള്‍, ദഫ് തുടങ്ങി സ്റ്റേജ് മത്സരങ്ങളും മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ കഥ, കവിതാ, പ്രബന്ധം രചനാ മത്സരങ്ങളും ചിത്ര രചന , ജലച്ഛായം തുടങ്ങിയ സ്റ്റേജിതര ഇനങ്ങളും സോഷ്യല്‍ ട്വീറ്റ്, ഹൈക്കു പോലെയുള്ള വ്യത്യസ്ത മത്സരങ്ങളും സാഹിത്യോത്സവില്‍ അരങ്ങേറുന്നുണ്ട്.
കലാ പ്രതിഭകളെയും രക്ഷിതാക്കളെയും പൊതു ജനങ്ങളെയും സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നു വരുന്നതായി സംഘാടക സമിതി ഭാരവാഹികളായ ഹാരിസ് കല്ലായി, സിറാജ് കുറ്റ്യാടി, താഹ കിണാശേരി , ദേവന്‍ ജല, സത്താര്‍ പടെന്ന , അഫ്‌സല്‍ സഖാഫി,നിയാസ് കാക്കൂര്‍ എന്നിവര്‍ അറിയിച്ചു