palakkad murders
സുബൈര്‍ വധം: മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
സുബൈര്‍, ശ്രീനിവാസന്‍ വധങ്ങളില്‍ നിര്‍ണായക സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു
പാലക്കാട് | എലപ്പുള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സുബൈര്‍ വധക്കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തെങ്കിലും കൊലപാതകത്തിലെ പങ്ക് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന. സുബൈറിനെ വെട്ടിക്കൊന്ന പ്രതികള്‍ കഞ്ചിക്കോട് കാര്‍ ഉപേക്ഷിച്ച ശേഷം നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ നിരവധി പേരെ ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ചില നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. ശ്രീനിവാസന്‍ കൊല്ലപ്പെട്ട ശേഷം പ്രതികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിയതാണ് വിവരം. ഇതിനെ തുടര്‍ന്ന് ആശുപുത്രി പരിസരത്തെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. പ്രതികള്‍ ഒറ്റപ്പാലം അടക്കാ പുത്തൂരിലൂടെ പോയി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവിടത്തെ സി സി ടി വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരും. ഇന്നലത്തെ സര്‍വകക്ഷി യോഗത്തില്‍ ബി ജെ പി ഇറങ്ങിയപ്പോയത് സമാധാനത്തിന് കല്ലുകടിയായിരുന്നു. ഇന്ന് പോപ്പുലര്‍ഫ്രണ്ട്, ബി ജെ പി നേതാക്കളുമായി കലക്ടര്‍ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.