Connect with us

SUBAIR MURDER

സുബൈര്‍ വധം: അന്വേഷണം നേരത്തെ വെട്ടുകേസില്‍ പ്രതികളായ ബി ജെ പിക്കാരിലേക്ക്

സക്കീര്‍ ഹുസൈനെ വെട്ടിയ പ്രതികളായ സുദര്‍ശനനും ശ്രീജിത്തും ഷൈജുവും ജാമ്യത്തിലറങ്ങിയത് ഒരുമാസം മുമ്പ്

Published

|

Last Updated

പാലക്കാട് | എലപ്പുള്ളിയില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈറിനെ വെട്ടിക്കൊന്നതിന് പിന്നിലെ അന്വേഷണം സക്കീര്‍ ഹുസൈന്‍ എന്ന എസ് ഡി പി ഐ പ്രവര്‍ത്തകനെ നേരത്തെ വെട്ടിയ ബി ജെ പി പ്രവര്‍ത്തകരിലേക്ക് നീളുന്നു. ഒരു വര്‍ഷം മുമ്പ് സക്കീര്‍ ഹുസൈനെ എരട്ടക്കുളം തിരിവില്‍ വച്ച് വെട്ടിയ കേസിലെ പ്രതികളായ സുദര്‍ശനന്‍, ശ്രീജിത്ത്, ഷൈജു ഉള്‍പ്പടെയുള്ളവര്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനം കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ്. പ്രതികള്‍ കൊലപാതകത്തിന് ശേഷം കേരളത്തിന് പുറത്തേക്ക് കടന്നുവെന്ന സംശയത്തിലാണ് പോലീസ്.

എലപ്പുള്ളിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പോപ്പുലര്‍ണ്ടും ബി ജെ പിയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. നേരത്തെ കൊല്ലപ്പെട്ട സഞ്ജിതും വെട്ടേറ്റ സക്കീര്‍ ഹുസൈനും തമ്മില്‍ ബൈക്കുകള്‍ തട്ടിയതുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു കടക്ക് നേരെ ആക്രമണമുണ്ടായി. ഇതിന്റെ പ്രതിഷേധമെന്നോളമാണ് സക്കീര്‍ ഹുസൈന് വെട്ടേറ്റത്. ഇതിന് പ്രതികാരമായി സഞ്ജിതിനെ വെട്ടക്കൊന്നെന്നും ഇതിനുള്ള തിരിച്ചടിയാണോ ഇപ്പോഴത്തെ സുബൈര്‍ കൊലപാതകം എന്നുമാണ് സംശയിക്കുന്നത്.

സുബൈറിനെ ആക്രമിക്കാന്‍ പ്രതികള്‍ എത്തിയത് കൃപേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാറിലായിരുന്നു. കൃപേഷിനോട് മാധ്യമങ്ങള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ തന്റെ പേരില്‍ എടുത്തുവെന്നേയുള്ളുവെന്നും അലിയാര്‍ എന്നയാളാണ് കാര്‍ ഉപയോഗിക്കുന്നതെന്നായിരുന്നു മറുപടി. അലിയാര്‍ കാര്‍ വാടകക്ക് നല്‍കുന്നയാളാണ്. ഇയാളില്‍ നിന്ന് കഴിഞ്ഞ ദിവസം രമേശ് എന്നയാള്‍ കാര്‍ വാടകക്കെടുക്കുകയായിരുന്നു. ഈ രമേശ് കൊല്ലപ്പെട്ട സുബൈറിന്റെ നാട്ടിലെ ബി ജെ പി പ്രവര്‍ത്തകനാണ്. വിഷുവിന് അമ്പലത്തില്‍ പോകാനെന്ന് പറഞ്ഞാണ് ഇയാള്‍ കാര്‍ വാടകക്ക് എടുത്തതെന്നാണ് അലിയാര്‍ പറയുന്നത്. കാര്‍ വാടകക്ക് ചോദിക്കുന്നതിന്റെ ഫോണ്‍ റെക്കോര്‍ഡും പുറത്തുവന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest