Articles
വാര്‍ത്തകള്‍ വരുന്ന വഴി അറിയാമോ?
മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ)വിന്റെ ഭരണകാലം. അക്കാലത്ത്, കൂഫയില്‍ നിയോഗിച്ച അമീറിനെ ചിലര്‍ക്ക് ഇഷ്ടമില്ലാതെ വന്നു. അവര്‍ അദ്ദേഹത്തിനെതിരെ കുതന്ത്രങ്ങള്‍ മെനഞ്ഞു. അതിനു കണ്ടെത്തിയ മാര്‍ഗം ഒരു വ്യാജ കത്ത് ചമയ്ക്കുക എന്നതായിരുന്നു. അവര്‍ ഖലീഫയുടെ പേരില്‍ കള്ളക്കത്തുണ്ടാക്കി കൂഫക്കാര്‍ക്ക് മുന്നിലെത്തിച്ചു. ഖലീഫയുടെ വ്യാജ സീല്‍ പോലും പതിച്ച് നാട്ടുകാരെ കബളിപ്പിക്കുന്ന വിധം വിദഗ്ധമായിരുന്നു കത്ത്.
കത്തുകിട്ടിയതോടെ കൂഫയിലെ അമീറിനെ അനുകൂലിക്കുന്ന ചിലര്‍ പ്രകോപിതരായി. അവര്‍ എടുത്തുചാടി ഖലീഫ ഉസ്മാന്‍ (റ)വിന്റെ വീട് വളഞ്ഞു. സത്യത്തില്‍ അങ്ങനെയൊരു കത്ത് ഖലീഫ അയച്ചിരുന്നില്ല. ആ കാര്യം ഉസ്മാന്‍ (റ) വ്യക്തമാക്കിയിട്ടും അവര്‍ വസ്തുതകളന്വേഷിക്കാതെ ഖലീഫക്കെതിരെ തന്നെ നീങ്ങി. ഇവരുടെ ഈ നീക്കമാണ് സാത്വികനും മഹാനുമായ ഉസ്മാന്‍ (റ) കൊല്ലപ്പെടാനിടയാക്കിയത്. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ എത്രമാത്രം മാരകമാണ് എന്ന് വ്യക്തമാക്കിത്തരുന്നതാണ് ഈ ചരിത്രസംഭവം.
നബി (സ) “വാര്‍ത്ത”യെക്കുറിച്ച് സുവ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. “”വാര്‍ത്തകളില്‍ വെച്ച് ഞാന്‍ ഏറ്റവും ഭയപ്പെടുന്നത് ഊഹങ്ങളില്‍ നിന്നുണ്ടാകുന്ന വാര്‍ത്തകളാണ്””- എന്നാണ് നബിവചനം. വിശുദ്ധ ഖുര്‍ആന്‍ തന്നെയും വാര്‍ത്തകളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. “”ഓ, വിശ്വാസികളേ, വല്ല ദുഷ്ടമാനസനും നിങ്ങളിലേക്ക് വല്ല വാര്‍ത്തയുമായി വന്നാല്‍, അറിവില്ലായ്മയിലൂടെ ഒരു ജനതയെ നിങ്ങള്‍ അപായപ്പെടുത്താതിരിക്കാനും അതുമൂലം ഖേദത്തിലാകാതിരിക്കാനും അതിനെക്കുറിച്ച് നിങ്ങള്‍ അന്വേഷിക്കുക””- (അല്‍ അന്‍ആം) എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
സാര്‍വജനീനവും സാര്‍വലൗകികവുമായ ഈ മുന്നറിയിപ്പുകള്‍ എക്കാലവും പ്രസക്തമാണ്. ഇക്കാലത്ത് വിശേഷിച്ചും. ഊഹങ്ങളും അര്‍ധസത്യങ്ങളും അസത്യങ്ങളും വാര്‍ത്തകളായി വരുന്നു എന്നത് മാത്രമല്ല നമ്മുടെ കാലഘട്ടത്തിന്റെ പ്രത്യേകത. അത് അങ്ങനെ പ്രചരിപ്പിക്കപ്പെടുകയും ആ അസത്യങ്ങളെ അടിത്തറയാക്കി അതിനു മുകളില്‍ അലോസരങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യുന്നു എന്നതാണ്. പലപ്പോഴും കലാപങ്ങള്‍ക്ക് തന്നെ കാരണമായിട്ടുണ്ട് അത്തരം വാര്‍ത്തകള്‍.
ഗുജറാത്തിലെ കുപ്രസിദ്ധമായ വംശഹത്യാ സമയത്ത് രണ്ട് പ്രാദേശിക പത്രങ്ങള്‍ വഹിച്ച പങ്ക് ഒരു ഉദാഹരണം. കര്‍ണാടകയിലും കേരളത്തിലും അടുത്ത കാലത്ത് അസ്വസ്ഥത പടര്‍ത്തിയ “ലൗ-ജിഹാദ്” കൂടുതല്‍ വ്യക്തമായ മറ്റൊരു ഉദാഹരണം.
വാര്‍ത്താവിനിമയ രംഗത്ത് സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിക്കുംതോറും നമ്മുടെ പത്ര-ദൃശ്യ മാധ്യമങ്ങള്‍ വാര്‍ത്തയുടെ വിശുദ്ധിയില്‍ നിന്ന് അകന്നുപോവുകയാണെന്നു വേണം കരുതാന്‍. നമ്മുടെ നാട്ടില്‍ അടുത്തിടെ വാര്‍ത്താ മാധ്യമങ്ങളുടെ പ്രവണതക്കെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ ശ്രദ്ധിക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍, മതവിഭാഗങ്ങള്‍, കോടതി, അങ്ങനെയങ്ങനെ എല്ലാവര്‍ക്കും വാര്‍ത്തകളില്‍ അവിശ്വാസമാണ്. എന്തുകൊണ്ടാണിത് എന്ന് അന്വേഷിക്കേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. മാധ്യമങ്ങള്‍ക്ക് കിട്ടുന്ന വാര്‍ത്തകള്‍ വരുന്ന വഴി ഏതാണ് എന്ന് അന്വേഷിക്കാതെയാണ് ആ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെങ്കില്‍ അതുകാരണം ഒരു ജനസമൂഹം ആപത്തില്‍പ്പെടും. പിന്നീട് എല്ലാവരും ഖേദിക്കേണ്ടതായും വരും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. അതിനായി പ്രാര്‍ഥിക്കട്ടെ. t