Connect with us

Sports

ക്ലാര്‍ക്കിന്റെ സെഞ്ച്വറിയില്‍ ഓസീസ് തകര്‍ച്ച ഒഴിവാക്കി

Published

|

Last Updated

ചെന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ സെഞ്ച്വറി മികവില്‍ ആസ്‌ത്രേലിയ തകര്‍ച്ചയില്‍ നിന്ന് തിരിച്ചു കയറി. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 316 റണ്‍സെടുത്തിട്ടുണ്ട് ആസ്‌ത്രേലിയ. ഇരുപത്തിമൂന്നാം ടെസ്റ്റ് സെഞ്ച്വറി നേടിയ മൈക്കല്‍ ക്ലാര്‍ക്ക് (103) പീറ്റര്‍ സിഡിലിനൊപ്പം (1) ക്രീസിലുണ്ട്. ആദ്യം വീണ ആറ് വിക്കറ്റും തമിഴ്‌നാട് ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ സ്വന്തമാക്കി. ഇടംകൈയ്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് ഓസീസിന്റെ ഏഴാമന്‍ മിച്ചല്‍ സ്റ്റാര്‍ചിനെ (3) പുറത്താക്കിയത്. എഡ് കോവന്‍ (29), ഡേവിഡ് വാര്‍ണര്‍(59), ഫില്‍ ഹ്യൂസ്(6), ഷെയിന്‍ വാട്‌സന്‍ (28), മാത്യു വാഡെ(12), മോയിസസ് ഹെന്റികസ്(68) എന്നിവരെ അശ്വിന്‍ പുറത്താക്കി.
സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചില്‍ ഉച്ചഭക്ഷണത്തിന് മുമ്പുള്ള സെഷനില്‍ അശ്വിന്‍ നിറഞ്ഞാടിയപ്പോള്‍ ആസ്‌ത്രേലിയ അഞ്ചിന് 153ന് തകര്‍ന്നു. അരങ്ങേറ്റക്കാരന്‍ മോയിസസ് ഹെന്റികസും മൈക്കല്‍ ക്ലാര്‍ക്കും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 147 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയത് ഓസീസിന് ജീവവായുവായി. 30 ഓവറില്‍ 88 റണ്‍സിന് ആറ് വിക്കറ്റുമായി ഒന്നാം ദിനം തിളങ്ങിയ അശ്വിന്‍ മൈക്കല്‍ ക്ലാര്‍ക്കിനെയും പുറത്താക്കിയിരുന്നു. എന്നാല്‍, അമ്പയര്‍ കുമാര ധര്‍മസേനക്ക് ഔട്ട് തിരിച്ചറിയാന്‍ സാധിക്കാതെ പോയി. ക്ലാര്‍ക്ക് 39 റണ്‍സെടുത്തു നില്‍ക്കുമ്പോഴായിരുന്നു ഇത്. അശ്വിന്റെ പന്ത് കബളിപ്പിച്ചപ്പോള്‍ ക്ലാര്‍ക്ക് ചേതേശ്വര്‍ പുജാരക്ക് ബാറ്റ് ആന്‍ഡ് പാഡ് ക്യാച്ചായി. ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഔട്ട് അനുവദിച്ചു കിട്ടിയില്ല. എന്നാല്‍, ടെലിവിഷന്‍ റീപ്ലേയില്‍ ഔട്ട് വ്യക്തമായിരുന്നു. അമ്പയര്‍ ഡിസിഷന്‍ റിവ്യൂ സമ്പ്രദായം(ഡി ആര്‍ എസ്) നടപ്പിലായിരുന്നെങ്കില്‍ ക്ലാര്‍ക്കിന് അര്‍ധസെഞ്ച്വറി പോലും ഇന്നലെ നേടാനാകുമായിരുന്നില്ല. ആസ്‌ത്രേലിയ ഒരു പക്ഷേ 200 റണ്‍സിലെത്തും മുമ്പ് പുറത്താകുമായിരുന്നു. മൈക്കല്‍ ക്ലാര്‍ക്കിന്റെ ഇന്നിംഗ്‌സായിരുന്നു ആസ്‌ത്രേലിയക്ക് നെടുംതൂണായത്.
ഒരര്‍ഥത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡായ ബി സി സി ഐ നല്‍കിയ ദാനമാണ് ക്ലാര്‍ക്കിന്റെ സെഞ്ച്വറി. ഡി ആര്‍ എസ് നടപ്പിലാക്കുവാന്‍ ഐ സി സിയും മറ്റ് അംഗങ്ങളും തയ്യാറായിട്ടും അതിനെ എതിര്‍ക്കുന്നത് ബി സി സി ഐ ആണ്. മറ്റ് പരമ്പരകളില്‍ ഡി ആര്‍ എസ് വിജയകരമായി നടപ്പിലാക്കിയിട്ടും ബി സി സി ഐ ഇന്ത്യയുടെ മത്സരങ്ങളില്‍ ഡി ആര്‍ എസ് വേണ്ടെന്ന് വാശി പിടിക്കുകയാണ്. ക്രിക്കറ്റ് ലോകം ഇപ്പോഴും ഡി ആര്‍ എസ് ചര്‍ച്ചയിലാണ്.
ടോസ് നേടിയ ആസ്‌ത്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഫീല്‍ഡിലേക്ക് ഇന്ത്യന്‍ ടീമിനെ പതിവിന് വിപരീതമായി നയിച്ചത് നൂറാം ടെസ്റ്റിന്റെ നിറവില്‍ നില്‍ക്കുന്ന ഹര്‍ഭജന്‍ സിംഗായിരുന്നു. ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ ഹര്‍ഭജന് മെമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു. എന്നാല്‍, ഭാജിയുടെ തിരിച്ചുവരവ് ബൗളിംഗില്‍ കണ്ടില്ല. പത്തൊമ്പത് ഓവറുകള്‍ എറിഞ്ഞ ഹര്‍ഭജന് വിക്കറ്റൊന്നും നേടാനായില്ല. 71 റണ്‍സ് വിട്ടുകൊടുത്ത ഭാജിക്ക് ഒരോവര്‍ മാത്രമാണ് മെയ്ഡനാക്കാന്‍ സാധിച്ചത്. ആസ്‌ത്രേലിയയുടെ മോയിസസ് ഹെന്റികസിനൊപ്പം ഇന്നലെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ആവേശത്തോടെയാണ് പന്തെറിഞ്ഞത്. മണിക്കൂറില്‍ 130 കിലോമീറ്ററിലാണ് ഭുവനേശ്വര്‍ പന്തെറിഞ്ഞത്. ക്ലാര്‍ക്കിനും ഹെന്റികസിനും ഭുവനേശ്വര്‍ പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്തു. പതിനൊന്ന് ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത ഭുവനേശ്വറിന് വിക്കറ്റൊന്നും ലഭിച്ചില്ല. ഇഷാന്ത് ശര്‍മയും പതിനൊന്നോവര്‍ എറിഞ്ഞ് വിക്കറ്റില്ലാതെ പിന്‍വാങ്ങി. തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്ന അശ്വിനായിരുന്നു ധോണിയുടെ മുഖ്യ ആയുധം.
ആദ്യ മണിക്കൂറില്‍ എഡ് കോവനും ഡേവിഡ് വാര്‍ണറും അനായാസം ബാറ്റ് ചെയ്തു. ഹര്‍ഭജനെയും അശ്വിനെയും അവര്‍ ആക്രമിച്ചു കളിക്കാനും മടിച്ചില്ല. എഡ് കോവനെ സ്റ്റംപ് ചെയ്യാനുള്ള അവസരം ധോണി പാഴാക്കിയപ്പോള്‍ വാര്‍ണര്‍ ഫസ്റ്റ് സ്ലിപ്പില്‍ നല്‍കിയ ക്യാച്ച് വിരേന്ദര്‍ സെവാഗ് വിടുകയും ചെയ്തു.രണ്ടവസരത്തിലും ബൗളര്‍ അശ്വിനായിരുന്നു. എന്നാല്‍, രണ്ടാമതൊരു സ്റ്റംപിംഗ് അവസരം ധോണി പാഴാക്കിയില്ല. അശ്വിന് ആദ്യ വിക്കറ്റ്. ഫില്‍ ഹ്യൂസിനെ ക്ലീന്‍ ബൗള്‍ ചെയ്ത് അശ്വിന്‍ രണ്ടാം വിക്കറ്റ് ആഘോഷിച്ചു.
വാര്‍ണര്‍ 77 പന്തില്‍ 50 തികച്ചതും ഷെയിന്‍ വാട്‌സന്‍ ശ്രദ്ധയോടെ നിലയുറപ്പിച്ചതും ഓസീസ് സ്‌കോര്‍ മൂന്നക്കം കടത്തി. മൂന്നാം വിക്കറ്റില്‍ ഇവര്‍ 54 റണ്‍സ് ചേര്‍ത്തു.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 126ന് രണ്ട് എന്ന നിലയിലായിരുന്നു ഓസീസ്. 126ന് മൂന്നാം വിക്കറ്റും( വാട്‌സന്‍ എല്‍ബിഡബ്ല്യു ബി അശ്വിന്‍), 131ന് നാലാം വിക്കറ്റും (വാര്‍ണര്‍ എല്‍ബിഡബ്ല്യു ബി അശ്വിന്‍) 153ന് അഞ്ചാം വിക്കറ്റും(മാത്യു വാഡെ എല്‍ബിഡബ്ല്യു ബി അശ്വിന്‍) നഷ്ടമായതിന് ശേഷം മോയിസസ് ഹെന്റികസും മൈക്കല്‍ ക്ലാര്‍ക്കും രക്ഷാപ്രവര്‍ത്തകരായി.
88 പന്തില്‍ ക്ലാര്‍ക്ക് 50 തികച്ചപ്പോള്‍ അരങ്ങേറ്റക്കാരന്റെ പരുങ്ങലില്ലാതെ ഹെന്റികസ് 101 പന്തില്‍ 50 തികച്ചു. 132 പന്തുകളില്‍ അഞ്ച് ബൗണ്ടറികളോടെ ഹെന്റികസ് നേടിയ 68 റണ്‍സ് ക്രിക്കറ്റ് ആസ്‌ത്രേലിയ സെലക്ടര്‍മാര്‍ സൂക്ഷ്മമായി വിലയിരുത്തും.
വിക്കറ്റിനിടയിലെ ഓട്ടത്തിലും സ്‌ട്രൈക്ക് കൈമാറുന്നതിലും മൈക്കല്‍ ക്ലാര്‍ക്കിനോട് മത്സരിച്ച ഹെന്റികസ് കളമൊഴിഞ്ഞ റിക്കി പോണ്ടിംഗിന്റെ പിന്‍ഗാമിയാകാനുള്ള ശ്രമത്തിലാണ്.