Connect with us

National

അന്വേഷണം ഇന്ത്യന്‍ മുജാഹിദീനിലേക്ക് ?

Published

|

Last Updated

ഹൈദരാബാദ്: നഗരത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദി സംഘടനയായ ഇന്ത്യന്‍ മുജാഹിദീനാണെന്ന് സൂചന. കഴിഞ്ഞ വര്‍ഷത്തെ പൂനെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ നേരത്തെ ദില്‍സുഖ് നഗറില്‍ പരിശോധന നടത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കൂടാതെ, ദില്‍സുഖ് നഗറില്‍ സ്‌ഫോടനം നടത്തിയ രീതി ഇന്ത്യന്‍ മുജാഹിദീന്റെ മറ്റ് ആക്രമണങ്ങളുടെ ശൈലിയുമായി ഒത്തുപോകുന്നുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. ടിഫിന്‍ ബോക്‌സിലും സൈക്കിളിലുമാണ് ദില്‍സുഖ് നഗറില്‍ ബോംബുകള്‍ സ്ഥാപിച്ചത്. ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ സ്വഭാവവും സംശയത്തിന് കാരണമാണ്.
പാര്‍ലിമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടതിന് തിരിച്ചടിയെന്നോണമാണ് ഹൈദരാബാദില്‍ സ്‌ഫോടനങ്ങളുണ്ടായതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ജൂലൈ മുതല്‍ തന്നെ ഹൈദരാബാദ് ഇന്ത്യന്‍ മുജാഹിദീന്റെ പ്രധാന താവളങ്ങളിലൊന്നായിരുന്നുവത്രേ.
കഴിഞ്ഞ ആഗസ്റ്റിലെ പൂനെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് സയിദ് മഖ്ബൂല്‍, ഇമ്രാന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഹൈദരാബാദില്‍ പോയ കാര്യം ഇവര്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ ഇരട്ട സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇവരെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.
2008 സെപ്തംബറിലെ ഡല്‍ഹി ബട്‌ല ഹൗസ് ഏറ്റുമുട്ടലിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന റിയാസ് ഭട്കലിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇവര്‍ അവിടെ പോയതെന്നും ബീഹാറിലെ ബോധ് ഗയ ആക്രമിക്കാന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നതായും രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

 

Latest