Connect with us

Kannur

സര്‍ഗാത്മകമായ ഇടപെടലുകള്‍ നിയമത്തേക്കാള്‍ സ്വാധീനിക്കും: സ്പീക്കര്‍

Published

|

Last Updated

കണ്ണൂര്‍:സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കുറക്കാന്‍ പാര്‍ലിമെന്റിലോ നിയമസഭയിലോ പുതിയ നിയമം അവതരിപ്പിച്ചതുകൊണ്ട് കാര്യമില്ലെന്നും അതിക്രമങ്ങള്‍ക്കെതിരെ സര്‍ഗാത്മകമായ ഇടപെടലുകളാണ് നിയമത്തെക്കാള്‍ സ്വാധീനം ചെലുത്തുകയെന്നും സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വളരെയേറെ ചെയ്യാനാകും. കണ്ണൂര്‍ പ്രസ് ക്ലബ്ബും ദേശാഭിമാനി എംപ്ലോയീസ് യൂനിയനും സംയുക്തമായി ഏര്‍പ്പെടുത്തിയ രാജീവന്‍ കാവുമ്പായി അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതം ഉണ്ടായത് മുതല്‍ സ്ത്രീയുടെ സംരക്ഷണം ഏറ്റെടുത്തത് പുരുഷന്‍ തന്നെയാണ്. പുരുഷന്‍ തന്നെയാണ് സ്ത്രീയുടെ സുരക്ഷ ഏറ്റെടുക്കേണ്ടതും. ഇപ്പറയുന്നതിനര്‍ഥം സ്ത്രീ അബലയാണെന്നല്ല. തന്നോടൊപ്പം ചേര്‍ത്ത് നിര്‍ത്തി എല്ലാ സംരക്ഷണവും സ്ത്രീക്ക് നല്‍കാന്‍ പുരുഷന് കഴിയണം. ഇത് പുരുഷന്മാര്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. സ്ത്രീയെ ശരീരം മാത്രമായി കാണുമ്പോഴാണ് കാഴ്ചപ്പാടും മാറുന്നത്.
കുട്ടികള്‍ വഴിതെറ്റിപ്പോകുന്നതിന് കാരണം ചുറ്റുപാടുകളാണ്. അത്തരം ചുറ്റുപാടുകള്‍ ഉണ്ടാക്കുന്നതും നമ്മള്‍ തന്നെയാണ്. പെണ്ണിന് ആണിനെ പോലെയും ആണിന് പെണ്ണിനെ പോലെയും നടക്കണമെന്നാണ്. ന്യൂ ജനറേഷന്‍ സിനിമകള്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന സിനിമകള്‍ എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നു കൂടി ആലോചിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ എന്‍ ബാബു അധ്യക്ഷത വഹിച്ചു.