Connect with us

Kozhikode

ശില്‍പ്പനഗരം പദ്ധതി രണ്ടാംഘട്ടം എങ്ങുമെത്താതെ മുടങ്ങി

Published

|

Last Updated

കോഴിക്കോട്: ഏറെ കൊട്ടിയാഘോഷിച്ച് നടത്തിയ ശില്‍പ്പനഗരം പദ്ധതിയുടെ രണ്ടാംഘട്ടം എങ്ങുമെത്താതെ മുടങ്ങിനില്‍ക്കുകയാണിപ്പോള്‍. മൂന്ന് മാസം മുമ്പ് മലാപ്പറമ്പിലെ എ ഡി എം ബംഗ്ലാവില്‍ ശില്‍പ്പനഗരം ക്യാമ്പ് നടന്നു. പദ്ധതിയുടെ ഒന്നാംഘട്ടം ബീച്ചില്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും നേരിട്ടെത്തിയാണ് സ്ഥാപിച്ചത്. ശില്‍പ്പനഗരം ഒന്നാംഘട്ടം മാത്രമല്ല, വേണമെങ്കില്‍ പത്താം ഘട്ടംവരെ നടപ്പിലാക്കാമെന്നായിരുന്നു മന്ത്രിമാരുടെ അന്നത്തെ വാഗ്ദാനം. ഒന്നാംഘട്ടം വളരെ ആവേശത്തോടെ നടപ്പാക്കിയെങ്കിലും ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച രണ്ടാംഘട്ടത്തിലെ ശില്‍പ്പങ്ങള്‍ ഇപ്പോഴും മലാപ്പറമ്പിലെ ക്യാമ്പില്‍ പൊടിപിടച്ച് കിടക്കുന്നു. ഈ ശില്‍പ്പങ്ങള്‍ നിര്‍മിച്ച ശില്‍പ്പികളെല്ലാം അവരവരുടെ നാട്ടിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു.
കോഴിക്കോടിനെ ശില്‍പ്പനഗരമാക്കുക എന്ന ലക്ഷ്യം വെച്ച് കഴിഞ്ഞ നവംബര്‍ അഞ്ചിനാണ് ജില്ലാ ഭരണകൂട്ടത്തിന്റെ നേതൃത്വത്തില്‍ കേരള ലളിതകലാ അക്കാദമി മലാപ്പറമ്പിലെ എ ഡി എം ബംഗ്ലാവില്‍ ക്യാമ്പ് തുടങ്ങിയത്. പ്രശസ്ത ശില്‍പ്പി ജീവന്‍ തോമസായിരുന്നു ക്യാമ്പ് ഡയറക്ടര്‍. അനില ജേക്കബ്, രാജശേഖരന്‍, നിജി്യൂനീലാംഭരന്‍, കെ പി പ്രദീപ്കുമാര്‍, ആര്‍ രാജീവ്, വത്സന്‍ കൂര്‍മ കൊല്ലേരി തുടങ്ങിയ ഏഴ് ശില്‍പ്പികളാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. നവംബര്‍ അഞ്ചിന് തുടങ്ങിയ ക്യാമ്പ് 25ന് അവസാനിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ചില ശില്‍പ്പങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ തീയതി 30ലേക്ക് നീട്ടി. ഇതിനിടയില്‍ പണി പൂര്‍ത്തിയാക്കിയ ശില്‍പ്പങ്ങള്‍ സംഘാടകരെ ഏല്‍പ്പിച്ച് ശില്‍പ്പികള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇത്തരത്തില്‍ നിരവധി പേരുടെ രാത്രിയും പകലും ഭേദമില്ലാത്ത കഠിനാധ്വാനത്തിന്റെയും ആവിഷ്‌കാരത്തിന്റെയും ബിംബങ്ങളാണ് ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയില്‍ അനാഥമായി ക്യാമ്പില്‍ കിടക്കുന്നത്.

ക്യാമ്പ് നടത്താന്‍ തുനിഞ്ഞിറങ്ങുന്നതിന് മുമ്പുതന്നെ ശില്‍പ്പങ്ങള്‍ സ്ഥാപിക്കാനുള്ള സ്ഥലം ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കണ്ടത്തേണ്ടിയിരുന്നതല്ലേ എന്ന ചോദ്യം കോഴിക്കോട്ടെ കലാകാരന്മാരുടെ മനസ്സില്‍ ബാക്കിനില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം മെയിലാണ് കോഴിക്കോടിനെ ശില്‍പ്പനഗരമാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒന്നാംഘട്ടത്തില്‍ 12 ശില്‍പ്പങ്ങളാണ് പണിതീര്‍ത്തത്. ക്യാമ്പില്‍ ആദ്യം പൂര്‍ത്തിയായ ഒറീസയില്‍ നിന്നുള്ള അദൈ്വതപ്രസാദ് ഗഡനായികിന്റെ ശില്‍പ്പം മുഖ്യമന്ത്രിയെത്തി ആഘോഷങ്ങളോടെയാണ് ബീച്ചില്‍ സ്ഥാപിച്ചത്. പിന്നീട് എട്ട് ശില്‍പ്പങ്ങള്‍ കൂടി ബീച്ചില്‍ സ്ഥാപിച്ചു.
എന്നാല്‍ ആദ്യഘട്ടത്തില്‍ പണിത ശില്‍പ്പങ്ങളില്‍ ചിലത് ബീച്ചിലെ ഒരിടത്ത് കൂട്ടിയിട്ട് ശില്‍പ്പങ്ങളുടെ ഭംഗി നഷ്ടപ്പെടുത്തിയെന്ന് അന്നുതന്നെ പലരും പരാതിപ്പെട്ടിരുന്നു. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഈ പേരായ്മകളെല്ലാം പരിഹരിക്കുമെന്നും ശില്‍പ്പങ്ങളുടെ പണി തീരുന്നമുറക്ക് തന്നെ അവ സ്ഥാപിക്കുമെന്നും സംഘാടകര്‍ ഉറപ്പ് നല്‍കി. എന്നാല്‍ എല്ലാ ഉറപ്പുകളും കാറ്റില്‍ പറത്തിയാണ് ശില്‍പ്പങ്ങള്‍ ക്യാമ്പില്‍ അനാഥമായി കിടക്കുന്നത്.