Connect with us

Eranakulam

മില്‍മയോട് കോടതി വിശദീകരണം തേടി

Published

|

Last Updated

കൊച്ചി: പാല്‍പ്പൊടി ചേര്‍ത്ത് വിറ്റഴിക്കുന്ന പാല്‍ “ശുദ്ധവും പുതുമയേറിതു”മാണെന്ന് രേഖപ്പെടുത്തുന്നത് നീക്കം ചെയ്യുന്ന കാര്യത്തില്‍ ഹൈക്കോടതി മില്‍മയുടെ നിലപാട് ആരാഞ്ഞു. ബുധനാഴ്ച തീരുമാനം അറിയിക്കാനാണ് ജസ്റ്റിസുമാരായ എസ് സിരിജഗനും ബാബു മാതിര്‍ പി ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം. ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ ട്രേഡ് മാര്‍ക്കും വാചകങ്ങളുമാണ് രാജ്യമെമ്പാടുമുള്ള ക്ഷീര ഫെഡറേഷനുകള്‍ ഉപയോഗിക്കുന്നതെന്നും ഇതു സംബന്ധിച്ച് ദേശീയ ക്ഷീര വികസന ബോര്‍ഡുമായി കരാര്‍ ഒപ്പ് വെച്ചിട്ടുണ്ടെന്നും മില്‍മ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാജ്യത്തെ മറ്റ് ക്ഷീര ഫെഡറേഷനുകള്‍ വിറ്റഴിക്കുന്ന പാലിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയുള്ളവര്‍ ദേശീയ ക്ഷീര വികസന ബോര്‍ഡിലാണ് ആക്ഷേപങ്ങള്‍ ഉന്നയിക്കേണ്ടതെന്നും മില്‍മ ബോധിപ്പിച്ചു.
ദില്ലി മദര്‍ ഡയറി, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഹരിയാന, ലഡാക്ക് എന്നിവിടങ്ങളിലെ ക്ഷീര ഫെഡറേഷനുകള്‍ വില്‍പ്പന നടത്തുന്ന പാലിന്റെ ചിത്രങ്ങളും മില്‍മ ഫെഡറേഷനുകള്‍ വില്‍പ്പന നടത്തുന്ന പാലിന്റെ ചിത്രങ്ങളും മില്‍മ കോടതിയില്‍ സമര്‍പ്പിച്ചു.
അതേസമയം, ഈ സംസ്ഥാനങ്ങളില്‍ പാല്‍ യഥേഷ്ടം ലഭ്യമാണെന്നും പാല്‍പ്പൊടി ചേര്‍ക്കാത്ത പാലാണ് വിപണിയില്‍ എത്തിക്കുന്നതെന്നും ഹരജി ഭാഗം അഭിഭാഷകന്‍ ബേസില്‍ അട്ടിപ്പേറ്റി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്നാണ് “ശുദ്ധവും പുതുമയേറിയതുമായ” വാക്കുകള്‍ കവറില്‍ നിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ച് കോടതി മില്‍മയുടെ വിശദീകരണം തേടിയത്. മില്‍മ പാല്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ശരിവെച്ച സിംഗിള്‍ ബഞ്ച് വിധിക്കെതിരെ കൊച്ചി സ്വദേശി മാര്‍ട്ടിന്‍ പൈവ സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.

Latest