Connect with us

Kerala

കലാമണ്ഡലം രാമന്‍കുട്ടി നായര്‍ക്ക് കലാകേരളത്തിന്റെ യാത്രാമൊഴി

Published

|

Last Updated

ചെര്‍പ്പുളശേരി: കലാമണ്ഡലം രാമന്‍കുട്ടിനായര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ആ ദീപ്ത സ്മരണകള്‍ കലാകേരളത്തിന് ഇനി അന്യം.
ഇന്നലെ വൈകുന്നേരം നാലുമണിയോടെ വെള്ളിനേഴിയിലെ ഞാളാംകുര്‍ശി തെങ്ങിന്‍തോട്ടത്തിലെ വളപ്പിലാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍—ത്തിയാക്കിയത്.
കേരള കലാമണ്്ഡലത്തിലേയും രാമന്‍കുട്ടിനായരുടെ വന്‍ ശിഷ്യസമ്പത്തിന്റെയും സാനിധ്യത്തില്‍വച്ച് മൂത്ത മകന്‍ നാരായണന്‍കുട്ടിയാണ് ചിതയ്ക്ക് തീ കൊളുത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കഥകളി രംഗത്തെ ഒട്ടനവധി പ്രമുഖ കലാകാരന്‍മാര്‍ സംസ്‌കാരചടങ്ങിനെത്തിയിരുന്നു. കേരള സര്‍ക്കാരിനു വേണ്ടി മന്ത്രി പി ജെ ജോസഫ് പുഷ്പചക്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രിക്കു വേണ്ടിയും സാംസ്‌കാരികവകുപ്പിനുവേണ്ടിയും പുഷ്പ ചക്രങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു.
ഗ്രാമപഞ്ചായത്ത്് അംഗങ്ങള്‍ മുതല്‍ ഉന്നത ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരുടെ സാനിധ്യംകൊണ്ട് സംസ്‌കാരചടങ്ങ് ഗുരുവര്യനുള്ള ആദരവായി. എംഎല്‍എ മാരായ കെ രാധാകൃഷ്ണന്‍, എ കെ ബാലന്‍, സി പി മുഹമ്മദ്, കെ എസ് സലീഖ, എം ചന്ദ്രന്‍, വി ടി ബല്‍റാം, ഷാഫിപറമ്പില്‍ എന്നിവര്‍ പുപ്ഷ ചക്രംസമര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിനുവേണ്ടി ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ. എ കൗശിക് പുഷ്പ ചക്രം സമര്‍പ്പിച്ചു.
കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി എല്‍ സുരേഷ്, രജിസ്ട്രാര്‍ കെ കെ സുന്ദരേശന്‍, എന്നിവരും ചടങ്ങില്‍ ആദ്യവസാനംവരെ പങ്കെടുത്തു. കലാമണ്ഡലം ഗോപിയും മുതിര്‍ന്ന ആചാര്യന്‍മാരും കണ്ണീരണിഞ്ഞ മുഖത്തോടെയാണ് കഥകളി ഗുരുവിന് യാത്രാമൊഴി നല്‍കിയത്. ശിഷ്യന്‍മാരുടെ സ്‌നേഹ പ്രകനവും സങ്കടം കലര്‍ന്ന ശരീര പ്രകടനവും ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കണ്ണുകളെ ഈറനണിയിച്ചു.
കഥകളി രംഗത്ത് ഇതിഹാസമായിരുന്ന രാമന്‍കുട്ടിനായരുടെ വിയോഗം ഭാരതത്തിന് മുഴുവന്‍ തീരാ നഷ്ടമാണെന്ന് മന്ത്രി പി ജെ ജോസഫ് പറഞ്ഞു.
അഗ്നി നാളങ്ങള്‍ ആ ശരീരത്തെ മുഴുവന്‍ ഏറ്റുവാങ്ങിയപ്പോഴും കഥകളിയുടെ ഒരു യുഗത്തിന്റെ ദീപ്ത സ്മരണകള്‍ മാത്രം അണയാതെ ജ്വലിച്ചുനിന്നു.കലാമണ്ഡലം രാമന്‍കുട്ടി നായരുടെ നിര്യാണത്തില്‍ കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ അനുശോചിച്ചു. ഹംസ കാവുണ്ട അധ്യക്ഷത വഹിച്ചു.
കലാമണ്ഡലം രാമന്‍കുട്ടിനായരുടെ നിര്യാണത്തില്‍ ടോംയാസ് അനുശോചിച്ചു. ടോംയാസ് ചെയര്‍മാന്‍ തോമസ് പാറവട്ടി റീത്ത് സമര്‍പ്പിച്ചു.

Latest