Connect with us

National

ഐ ബിയില്‍ എണ്ണായിരം ഉദ്യോഗസ്ഥരുടെ കുറവ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണം കൈകാര്യം ചെയ്യുന്ന ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി)യില്‍ എണ്ണായിരം ഉദ്യോഗസ്ഥരുടെ കുറവ്.
26,867 പേരാണ് ഐ ബിയില്‍ ഉണ്ടാകേണ്ടത്. 18,759 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. മുപ്പത് ശതമാനം ഒഴിവുകള്‍ നികത്താനുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ആര്‍ പി എന്‍ സിംഗ് ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. 2001 – 2006 കാലത്ത് നടപ്പാക്കിയ നിയമന നിയന്ത്രണമാണ് ഇത്രയും ഒഴിവുകള്‍ ഉണ്ടാകാന്‍ കാരണം. എല്ലാ മന്ത്രാലയങ്ങളിലും നേരിട്ടുള്ള നിയമനത്തിന് അന്ന് നിയന്ത്രണം ഏര്‍െപ്പടുത്തിയിരുന്നു. ഈ നിയന്ത്രണം പിന്നീട് 2009 വരെ നീട്ടി. അതോടെ സ്ഥിതി കൂടുതല്‍ വഷളായെന്ന് മന്ത്രി പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിന് 2008 – 2012 കാലയളവില്‍ ആറായിരം പേരെ നിയമിക്കാനായി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഡെപ്യൂട്ടേഷനില്‍ ഐ ബി വിട്ട 1,500 ഉദ്യോഗസ്ഥര്‍ക്ക് പകരമായി നിയമനം നടന്നിട്ടില്ല.
നേരിട്ടുള്ള നിയമനത്തിന്റെ കാര്യത്തില്‍ ഐ ബിക്ക് ഇളവ് നല്‍കിയതോടെ 2008ല്‍ വിവിധ തസ്തികകളില്‍ നിയമനം നടത്താന്‍ ഐ ബി ശ്രമിച്ചിരുന്നു. പക്ഷേ ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട പല ഉദ്യോഗാര്‍ഥികളും ഐ ബിയില്‍ ചേരാത്ത സ്ഥിതിയുമുണ്ടായെന്ന് മന്ത്രി പറഞ്ഞു. ഐ ബി യിലെ സെലക്ഷന്‍ പ്രക്രിയ സുതാര്യവും കുറ്റമറ്റതുമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.