Connect with us

International

ഡാനിയല്‍ പേള്‍ വധം: ലശ്കര്‍ നേതാവ് അറസ്റ്റില്‍

Published

|

Last Updated

കറാച്ചി: അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിനെ കൊലപ്പെടുത്തിയ കേസില്‍ നിരോധിത തീവ്രവാദ സംഘടനയുടെ നേതാവിനെ അറസ്റ്റ് ചെയ്തു. കറാച്ചിയുടെ കിഴക്കുള്ള ഗുല്‍ഷാന്‍ ഇ ഇഖ്ബാല്‍ മേഖലയില്‍ നിന്നാണ് ഖാരി അബ്ദുല്‍ ഹായി എന്ന അസദുല്ലയെ പിടികൂടിയതെന്ന് പാക് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. സിന്ധിലെ നിരോധിത സംഘടനയായ ലശ്കറെ ജാംഗ്‌വിയുടെ മുന്‍ തലവനായ ഇയാള്‍ നിരവധി ഭീകരാക്രമണങ്ങളില്‍ പങ്കാളിയാണെന്നും സേനാ വക്താവ് അറിയിച്ചു.
2002 ജനുവരി 23നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ ദക്ഷിണേഷ്യ ബ്യൂറോ ചീഫായ പേളിനെ കറാച്ചിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. തീവ്രവാദി സംഘടകളെ കുറിച്ചുളള ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി എത്തിയതായിരുന്നു ഇദ്ദേഹം. ഒരു മാസത്തിന് ശേഷം പേളിന്റെ തല വെട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ കറാച്ചിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് അയച്ചുകൊടുക്കുകയും ചെയ്തു. 2003ല്‍ തന്നെ അസദുല്ലയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് പാഴ്‌സല്‍ ബോംബ് അയച്ചുകൊടുക്കുകയുണ്ടായി. നിരവധി പേര്‍ക്കാണ് ഈ സംഭവത്തില്‍ പരുക്കേറ്റത്. ഇതിന് ഒരു വര്‍ഷം മുമ്പ് കറാച്ചി വിമാനത്താവളത്തിന് സമീപം അമേരിക്കന്‍ സൈനികര്‍ തങ്ങിയ ഹോട്ടലിലേക്ക് ചാവേര്‍ ആക്രമണം നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ബോംബ് തയ്യാറാക്കുന്നതിനിടെ അസദുല്ലയുടെ സഹായികളിലൊരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അസദുല്ലയെ പോലീസിന് കൈമാറുമെന്ന് സുരക്ഷാ സേന അറിയിച്ചു.
പേളിന്റെ കൊലപാതകത്തിന് പാക് പോലീസ് ഒട്ടേറെ പഴി കേള്‍ക്കേണ്ടി വന്നു. ബ്രിട്ടീഷ് വംശജനായ ശെയ്ഖ് ഒമര്‍ എന്ന അഹ്മദ് സയ്യിദ് ശെയ്ഖിന്റെ നേതൃത്വത്തിലുള്ള തീവ്രവാദി ഗ്രൂപ്പാണ് പോളിന്റെ കൊലക്ക് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. 2002 ഫെബ്രുവരിയില്‍ ശെയ്ഖ് ഉമറടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. കുറ്റം ചുമത്തപ്പെട്ട ഏഴ് പേരെ ഹാജരാക്കാനായില്ല. രണ്ട് പേര്‍ പിന്നീട് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉമറടക്കം മൂന്ന് പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഭീകരവിരുദ്ധ കോടതി വധശിക്ഷ വിധിച്ചു. ഇവരുടെ അപ്പീല്‍ ഇപ്പോള്‍ സിന്ധ് കോടതിയുടെ പരിഗണനയിലാണ്. ഗ്വാണ്ടനാമോ ജയിലില്‍ കഴിയുന്ന അല്‍ഖാഇദക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനാണ് പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് കോടതി കണ്ടെത്തിയത്.
കറാച്ചിയുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് കഴിഞ്ഞ വ്യാഴാഴ്ച പാക് പോലീസ് ആറ് താലിബാന്‍കാരെ പിടികൂടിയിരുന്നു.

Latest