Connect with us

Ongoing News

സ്വര്‍ണം: തിളക്കത്തിനുമപ്പുറം

Published

|

Last Updated

vazhi vilakku new 2

അനുവദിക്കപ്പെട്ടവയില്‍, പുരുഷന്മാര്‍ ഉപയോഗിക്കരുത് എന്ന് നബി (സല്ലല്ലാഹു അലൈഹി വസല്ലം) വിലക്കിയത് രണ്ടു വസ്തുക്കളാണ്. സ്വര്‍ണവും പട്ടു വസ്ത്രങ്ങളും. ആ വിലക്കിന് തക്കതായ കാരണം തിരുനബി (സ. അ) വിശദീകരിച്ചു തന്നിട്ടുമുണ്ട്. പുരുഷന്മാര്‍ ഇത്തരം ആഡംബരങ്ങള്‍ അണിയുകയും അവ അണിഞ്ഞുകൊണ്ട് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് ആശാസ്യമല്ല എന്നാണ് അവിടുന്ന് പഠിപ്പിച്ചത്. ഇതിന്റെ താത്പര്യം വ്യക്തമാണ്. സമൂഹത്തില്‍ ഒരു വിഭാഗത്തിന് മാത്രമാണ്, അതായത് പണമുള്ളവര്‍ക്ക് മാത്രമാണ് പട്ടും പൊന്നും ഉപയോഗിക്കാന്‍ കഴിയുക. പൊതുസ്ഥലങ്ങളില്‍ എല്ലാവരും ഉണ്ടായിരിക്കുമല്ലോ. പണം ഉള്ളവരും ഇല്ലാത്തവരും. പണവും സൗകര്യവും ഉള്ളവന്‍ പട്ടു വസ്ത്രങ്ങളും സ്വര്‍ണവും അണിഞ്ഞ് സര്‍വാഭരണ വിഭൂഷിതനായി വിലസുന്നത് കാണാനിടവരുന്ന പാവപ്പെട്ടവന്റെ മനസ്സില്‍ ഉണ്ടാകാനിടയുള്ള വികാരവിചാരങ്ങള്‍ ആലോചിച്ചു നോക്കുക.

സ്ത്രീകള്‍ക്ക് ഇവ രണ്ടും ഉപയോഗിക്കാം. അനുവാദമുണ്ട്. എന്നുവെച്ച് അനിയന്ത്രിതമാകാമോ? ഇല്ലെന്നാണ് വിവക്ഷ. സ്ത്രീകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്വര്‍ണത്തിന് സകാത്ത് ഇല്ലെങ്കിലും സൂക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ വാങ്ങിവെക്കുന്ന സ്വര്‍ണത്തിന്റെ വില കണക്കാക്കി സകാത്ത് കൊടുക്കണമെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക്, ഉപയോഗിക്കാന്‍ വിലക്കില്ല എങ്കിലും സ്വര്‍ണം എന്ന വസ്തുവിനെ സമ്പത്തിന്റെ ഗണത്തിലാണ് ഇസ്‌ലാം പെടുത്തിയിരിക്കുന്നത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ. സ്വര്‍ണത്തെ സാമ്പത്തിക ഇടപാടിനുള്ള അടിസ്ഥാന ഉപാധിയായിട്ടാണല്ലോ ആധുനിക കാലത്തെ വിപണി വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും കാണുന്നത്. സ്വര്‍ണത്തിന് അടുത്ത കാലത്തുണ്ടായ അനിയന്ത്രിതമായ വിലക്കയറ്റത്തിന്റെ അടിസ്ഥാനവും അന്താരാഷ്ട്ര സാമ്പത്തിക രംഗത്തുണ്ടായ ചലനങ്ങള്‍ തന്നെയാണ്.
ആ ചലനങ്ങള്‍ നമ്മുടെ നാട്ടിലെ സാധാരണക്കാരന്റെ ഉള്ളില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ ചെറുതല്ല. ഓരോ ദിവസവും പത്രങ്ങള്‍ സ്വര്‍ണ വിലയുടെ പുതിയ പുതിയ റെക്കോര്‍ഡോടെയാണ് പുറത്തുവരുന്നത്. കച്ചവടക്കാര്‍ക്കും വിപണി വിദഗ്ധര്‍ക്കും ഒരു പക്ഷേ ഇതല്‍പ്പം ആവേശം നല്‍കുന്നുണ്ടാകാം. ഏതു വിലക്കയറ്റവും വിപണിക്ക് അനുകൂലമാക്കാന്‍ അവര്‍ക്ക് സാധിക്കുന്നുമുണ്ടാകാം.
പക്ഷേ, സാധാരണക്കാരന്റെ വീടുകളില്‍ ഈ വാര്‍ത്തകള്‍ ഉണ്ടാക്കുന്ന പ്രതികരണം അത്രതന്നെ തിളക്കമാര്‍ന്നതല്ല. പ്രായപൂര്‍ത്തിയായ പെണ്‍മക്കളുള്ള ഒരു മനുഷ്യന്റെ മൂന്നിലേക്ക് സ്വര്‍ണ വില കുതിച്ചുയരുന്നു എന്ന വാര്‍ത്തയുമായി പത്രം വന്നു വീഴുമ്പോള്‍ ആ മനുഷ്യന്‍ ഞെട്ടുകയാണ് ചെയ്യുക. നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ പോലും കൃത്യസമയത്തു നടത്താന്‍ പാടുപെടുന്ന എത്രയോ രക്ഷിതാക്കള്‍ നമ്മുടെ സമൂഹത്തിലുണ്ട്. പെണ്‍മക്കളെ കല്യാണം കഴിച്ചുകൊടുക്കുമോ എന്നു ചോദിച്ചുകൊണ്ട് വരന്റെ ബന്ധുക്കള്‍ വീട്ടിലേക്ക് കയറിവരുമ്പോള്‍ പെണ്‍മക്കളുടെ രക്ഷിതാക്കള്‍ വിറക്കുകയാണ്. കാരണം, സ്വര്‍ണത്തെക്കുറിച്ചുള്ള ചിന്ത അവരെ അത്രമേല്‍ ഭയചകിതരാക്കുന്നു.

സ്വര്‍ണം സാമ്പത്തിക വിനിമയങ്ങളുടെ അടിത്തറയാണെങ്കില്‍, സമ്പത്ത് നമ്മുടെ നാട്ടില്‍ മനുഷ്യബന്ധങ്ങളുടെ അടിത്തറയായി മാറിക്കഴിഞ്ഞിരിക്കുന്നു. വിവാഹബന്ധങ്ങളും ഈ ഗണത്തില്‍ പെട്ടുപോയിരിക്കുന്നു. സാമാന്യമായി പറഞ്ഞാല്‍, നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വിവാഹ ആലോചനകള്‍ പലപ്പോഴും അവസാനിക്കുന്നത് കണക്കുകളിലാണ്. കൊടുക്കുന്നതെത്ര, വാങ്ങുന്നതെത്ര എന്ന് പറയാനും പറയിക്കാനും കൗശലമുള്ളവര്‍ ഇത്തരം ചടങ്ങുകളില്‍ പ്രധാനസ്ഥാനം അലങ്കരിക്കുന്നതു കാണാം. അവരുടെ വാക്പ്രയോഗങ്ങള്‍ അവസാനിക്കുമ്പോഴേക്ക് വലിയൊരു ബാധ്യത പെണ്‍കുട്ടിയുടെ രക്ഷിതാവിന്റെ ചുമലില്‍ കയറ്റിവെച്ചിരിക്കും.
വിവാഹബന്ധം പവിത്രമാക്കാന്‍ ഇസ്‌ലാം കല്‍പ്പിച്ചതും തിരുനബി നിര്‍ദേശിച്ചതും മഹ്ര്‍ ആണ്. സ്ത്രീ ആവശ്യപ്പെടുന്ന മഹ്ര്‍ അവള്‍ക്ക് കൊടുത്തുകൊണ്ട് അവളുമായുള്ള ബന്ധം വിശുദ്ധമാക്കിയെടുക്കാനാണ് അവിടുന്ന് പുരുഷനോട് നിര്‍ദേശിച്ചത്. ഈ നിര്‍ദേശം നമ്മുടെ നാട്ടിലെ പുരുഷന്മാര്‍ പാലിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍, ഉണ്ട്. പാലിക്കുന്നുണ്ട്. കണക്കു പറഞ്ഞു തന്നെ മഹ്ര്‍ കൊടുക്കുന്നുണ്ട്. പക്ഷേ, അതിനേക്കാള്‍ വലിയൊരു കണക്ക് തിരിച്ചു പറയപ്പെടുന്നുണ്ട്. സ്ത്രീധനവും മഹ്‌റും ശതമാനക്കണക്ക് നിശ്ചയിച്ച് പരസ്പരം കൈമാറുന്ന സമ്പ്രദായങ്ങള്‍ പോലുമുണ്ട്. ഇവിടെ മഹ്ര്‍ ചെറുതും സ്ത്രീധനം വലുതുമാണ്. മനുഷ്യന്റെ ആര്‍ത്തിക്കു മുന്നില്‍ എല്ലാ നിയമങ്ങളും തോറ്റുപോവുകയാണോ?
അങ്ങനെയാണെങ്കില്‍, ആരാണ് ഇതിന് ഉത്തരവാദി എന്ന് അന്വേഷിക്കേണ്ട ചുമതല സമൂഹത്തിന് മൊത്തമായുണ്ട്. വ്യക്തിപരമായി നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. ആരാണ് നമ്മുടെ ബന്ധങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത്? ആരാണ്?

---- facebook comment plugin here -----

Latest