Connect with us

Kerala

എന്‍ജിന്‍ തകരാര്‍: പരശുറാം എക്‌സ് പ്രസ്‌ വഴിയില്‍ നിര്‍ത്തി

Published

|

Last Updated

കൊയിലാണ്ടി: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ യാത്ര തടസ്സപ്പെട്ടത് നൂറുകണക്കിന് യാത്രക്കാര്‍ക്ക് ദുരുതമായി. ഇന്നലെ രാവിലെ 8.20ഓടെയാണ് നാഗര്‍കോവിലേക്ക് പോകുന്ന പരശുറാം എക്‌സ് ട്രെയിനാണ് മൂടാടിയില്‍ വെച്ച് എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയത്.
പുലര്‍ച്ചെ മംഗലാപുരത്ത് നിന്നും പുറപ്പെട്ട ട്രെയിനില്‍ പതിവുപോലെ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച ആയതിനാല്‍ യാത്രക്കാരുടെ തിരക്ക് പതിവിലും കൂടുതലായിരുന്നു. യാത്ര മുടങ്ങിയതോടെ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമടങ്ങുന്നവര്‍ ബസുകളെ ആശ്രയിച്ചാണ് യാത്ര തുടര്‍ന്നത്. കോഴിക്കോട്ട് നിന്നും പത്ത് മണിയോടെ എന്‍ജിന്‍ എത്തിച്ചാണ് ട്രെയിന്‍ യാത്ര പുനരാരംഭിക്കാനായത്. രണ്ട് മണിക്കൂറോളം ട്രെയിന്‍ ട്രാക്കില്‍ കുടങ്ങിയതിനാല്‍ ട്രെയിന്‍ ഗതാഗതത്തെയും സാരമായി ബാധിച്ചു. മിക്ക ട്രെയിനുകള്‍ക്കും സമയനിഷ്ഠ പാലിക്കാനായില്ല. ഒന്നാം ട്രാക്കിലൂടെ മാത്രമാണ് ഈ സമയങ്ങളില്‍ ട്രെയിനുകള്‍ കടത്തിവിട്ടത്.
പരശുറാം എസ്പ്രസ് യാത്ര പുനരാരംഭിക്കുന്നത് വൈകുമെന്നറിഞ്ഞതിനാല്‍ യാത്രക്കാര്‍ ഭൂരിഭാഗവും ബസുകളെ ആശ്രയിച്ചു. ഇതുകാരണം കോഴിക്കോട്ടേക്കുള്ള ബസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മൂടാടി മുതലുള്ള മിക്ക ബസ് സ്റ്റോപ്പുകളിലും കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിലും യാത്രക്കാരുടെ വന്‍ നിര തന്നെ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ജനത്തിരക്ക് സ്വകാര്യ ബസുകള്‍ക്ക് കൊയ്ത്തായി.

Latest