Wayanad
വയനാട്-കോഴിക്കോട് റൂട്ടില്‍ കെ എസ് ആര്‍ ടി സി രാജധാനി നിരത്തിലിറങ്ങി
കല്‍പ്പറ്റ: വയനാട്-കോഴിക്കോട് റൂട്ടില്‍ കെ എസ് ആര്‍ ടി സിയുടെ ഏഴ് രാജധാനി ബസുകള്‍ സര്‍വീസ് തുടങ്ങി. ബത്തേരി ഡിപ്പോയില്‍ നിന്ന് മൂന്നും മാനന്തവാടി, കോഴിക്കോട് ഡിപ്പോകളില്‍ നിന്ന് രണ്ട് വീതവും രാജധാനി ബസുകളാണ് ഇന്നലെ മുതല്‍ ഓടിത്തുടങ്ങിയത്.
സ്റ്റോപ്പുകള്‍ കുറച്ച് യാത്രക്കാര്‍ക്ക് വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തുകയെന്നതാണ് മുഖമുദ്രയെങ്കിലും കോഴിക്കോട് നിന്ന് കല്‍പറ്റയിലേക്കുള്ള 75 കിലോമീറ്ററിന് രണ്ട് മണിക്കൂര്‍ എടുക്കുന്നുണ്ട്. ഇന്നലെ ആദ്യദിനത്തില്‍ കോഴിക്കോട് നിന്ന് ഉച്ചതിരിഞ്ഞ് 1.45ന് എടുത്ത രാജധാനി ബസ് കല്‍പറ്റ സ്റ്റോപ്പില്‍ എത്തിയത് മൂന്നേമുക്കാലിനാണ്. ഫാസ്റ്റും സൂപ്പര്‍ഫാസ്റ്റും ഇത്രയും സമയമേ കോഴിക്കോട് നിന്ന് കല്‍പറ്റയിലേക്ക് എടുക്കാറുള്ളു. ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് രണ്ടര മണിക്കൂര്‍ റണ്ണിംഗ് ടൈമാണ് നിശ്ചയിച്ചിട്ടുള്ളത്. ബത്തേരിയില്‍ നിന്ന് രാവിലെ അഞ്ച്, ആറ്, 7.15, പത്ത് മണി, 12, ഒരു മണി, രണ്ട് മണി, 4.30 എന്നിങ്ങിനെയാണ് രാജധാനി സര്‍വീസുകള്‍ ആരംഭിക്കുക. കോഴിക്കോട് നിന്ന് ബത്തേരിയിലേക്കും മാനന്തവാടിയിലേക്കുമായി രാവിലെ ഏഴ്, എട്ട്, ഒന്‍പത്, 11,ഒരു മണി, മൂന്ന് മണി, നാല്, അഞ്ച് മണി എന്നിങ്ങിനെയാണ് സര്‍വീസുകള്‍. മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് രാവിലെ 6.45, 7.30, 9.15,രണ്ട്, 3.30,5.30 എന്നീ സമയങ്ങളിലാണ് സര്‍വീസ്. ബത്തേരിയില്‍ നിന്നു പുറപ്പെടുന്ന ബസിന് കല്‍പറ്റ, താമരശേരി, കോഴിക്കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. മീനങ്ങാടി, കല്‍പറ്റ സിവില്‍സ്റ്റേഷന്‍, കോഴിക്കോട് സിവില്‍സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ റിക്വസ്റ്റഡ് സ്റ്റോപ്പുണ്ട്. കല്‍പറ്റ സിവില്‍സ്റ്റേഷനില്‍ നിന്ന് കയറുന്നവര്‍ക്ക് കല്‍പറ്റ നിരക്ക് മാതിയാവും. മീനങ്ങാടിയില്‍ നിന്ന് കയറുന്നവര്‍ ബത്തേരിയില്‍ നിന്നുള്ള നിരക്ക് കൊടുക്കേണ്ടിവരും. ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് 58 രൂപയാണ് നിരക്ക്. മാനന്തവാടിയില്‍ നിന്നു പുറപ്പെടുന്ന രാജധാനി ബസ് പനമരത്തും നിറുത്തും.
എന്നാല്‍ മാനന്തവാടിയില്‍ നിന്നുള്ള നിരക്ക് ബാധകമാണ്. ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ടിക്കറ്റ് നിരക്കും സൂപ്പര്‍ ഫാസ്റ്റിന്റെ വേഗതയുമാണ് രാജധാനി ബസുകള്‍ കൊണ്ട് ഉദേശിക്കുന്നത്. നിലവില്‍ ടൗണ്‍ ടു ടൗണ്‍, ഫാസ്റ്റ്പാസഞ്ചര്‍ ബസുകള്‍ക്ക് കിലോമീറ്ററിന് 1.8 മിനിറ്റാണ് റണ്ണിംഗ് ടൈം.
രാജധാനി ബസുകള്‍ക്ക് ഒന്നര മിനിറ്റാണ് നിശ്ചയിച്ചിട്ടുള്ളത്. കല്‍പ്പറ്റയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഒന്നേമുക്കാല്‍ മണിക്കൂറാണ് റണ്ണിടൈം നിശ്ചയിച്ചിട്ടുള്ളത്. കാഴ്ചയില്‍ സ്വകാര്യ ബസ് പോലെ തോന്നിക്കുന്ന മഞ്ഞനിറമാണ് രാജധാനിയുടേത്. രാജധാനി സര്‍വീസുകള്‍ വിജയിച്ചാല്‍ ഇപ്പോഴുള്ള ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ നിറുത്തലാക്കി അവ ലിമിറ്റഡ് സ്‌റ്റോപ്പ് സര്‍വീസുകളാക്കി മാറ്റാനാണ് ആലോചന. ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ക്കുള്ള സ്‌റ്റോപ്പുകള്‍ ഇപ്പോള്‍ ടി ടി സര്‍വീസുകള്‍ക്കുണ്ട്. ലിമിറ്റഡ് സ്‌റ്റോപ്പിന്റെ അത്രയും റണ്ണിംഗ് ടൈം ടി ടി ബസുകള്‍ എടുക്കുകയും ചെയ്യുന്നു.
സാമ്പത്തികമായി ലാഭകരമാണെങ്കില്‍ കൂടുതല്‍ രാജധാനി ബസ് സര്‍വീസുകള്‍ വയനാട് – കോഴിക്കോട് റൂട്ടില്‍ ആരംഭിക്കാന്‍ കെ എസ് ആര്‍ ടി സി ആലോചിക്കുന്നുണ്ട്. പ്രാധാന്യമില്ലാത്ത സ്ഥലത്തു വരെ സ്‌റ്റോപ്പുകള്‍ നല്‍കിയത് മൂലം ടൗണ്‍ ടു ടൗണ്‍ ബസുകളുടെ പ്രസക്തി നഷ്ടപ്പെട്ടതായി ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ജനപ്രതിനിധികളുടെയും നേതാക്കളുടെയും സമ്മര്‍ദത്തിനു വഴങ്ങി ടി ടി ബസ് സര്‍വീസുകള്‍ക്ക് മുട്ടിനു മുട്ടിനു സ്‌റ്റോപ്പുകള്‍ അനുവദിച്ച സാഹചര്യത്തില്‍ പുതിയ സര്‍വീസ് യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ മലബാര്‍ മേഖലയില്‍ ആദ്യമായി തുടങ്ങിയ രാജധാനി സര്‍വീസിന് അനുവദിച്ച ബസുകളെല്ലാം പഴക്കം ചെന്നവയായത് കണക്കുകൂട്ടല്‍ തെറ്റിക്കുമോയെന്നും ആശങ്ക ഉയരുന്നു. തീവണ്ടിയാത്രക്കു പുറമെ, വിമാന യാത്രക്കാരും കോഴിക്കോട്ടെ ആശുപത്രികളിലേക്കു പോകുന്ന രോഗികളും ബന്ധുക്കളും ഉള്‍പ്പെടെ ദിവസവും വയനാട്ടില്‍ നിന്നു കോഴിക്കോട്ടേക്കു പോകുന്ന യാത്രക്കാര്‍ ഏറെയാണ്. ഇവര്‍ക്കെല്ലാം ഉപകാര പ്രദമാവണമെന്നതാണ് രാജധാനി ബസ് സര്‍വീസുകളിലൂടെ ജനം പ്രതീക്ഷിക്കുന്നത്.. കര്‍ണാടകയുടെ രാജധാനി സര്‍വീസില്‍ നിരക്ക് കൂടുതലാണെങ്കിലും സീറ്റുകളടക്കം സൗകര്യപ്രദവും യാത്ര സുഖകരവുമാണ്. സെമിസ്ലീപ്പര്‍ സീറ്റുകളുള്ളതാണ് കര്‍ണാടകയുടെ രാജധാനി. എന്നാല്‍ കെ എസ് ആര്‍ ടി സിയുടെ രാജധാനിയില്‍ സീറ്റുകള്‍ ഫാസ്റ്റ്പാസഞ്ചറിന്റേതിന് തുല്യമാണ്. ഈ സീറ്റില്‍ രോഗികള്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും യാത്ര പ്രയാസകരമായിരിക്കും.