Connect with us

Ongoing News

വേനല്‍ മഴ പെയ്തിട്ടും ചൂടിന് ശമനമില്ല

Published

|

Last Updated

പാലക്കാട്: വേനല്‍ചൂടിന് പ്രതിദിനം കാഠിന്യം വര്‍ധിക്കാന്‍ തുടങ്ങിയതോടെ ജില്ല സൂര്യാഘാതഭീതിയില്‍. കഴിഞ്ഞ രണ്ടുമാസത്തിനിടെ ജില്ലയില്‍ 21 ഓളം പേരാണ് സൂര്യാഘാതമേറ്റ് പൊള്ളലേറ്റിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ചോളം പേര്‍ക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്. പാലക്കാട് കൊട്ടേക്കാട് പ്രദേശത്ത് കെട്ടിടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന നാല് തൊഴിലാളികള്‍ക്ക് പൊള്ളലേറ്റത്.

പട്ടഞ്ചേരി അത്തിമണിസ്വദേശികളായ റിയാസ് (28), ശിവരാമന്‍ (38) കാരികുളം, മണി (52) വിളക്കനാംകോട്, ഹരിദാസ് (40) പടിഞ്ഞാറേക്കോട് എന്നിവര്‍ക്കാണ് മുതുകില്‍ പൊള്ളലേറ്റത്. നാലുപേരും ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ആലത്തൂര്‍ പൂള്‍ ഒന്നിലെ സി ഐ ടി യു. ലോഡിങ്‌തൊഴിലാളി കെ പി. സുനിലിന്28) സൂര്യാഘാതമേറ്റു. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഈ സമയം ലോഡിറക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കയായിരുന്നു. മുതുകില്‍ മൂന്നുഭാഗത്തായി തൊലി പൊള്ളി അടര്‍ന്നു. താലൂക്കാശുപത്രിയില്‍ ചികിത്സ നല്‍കി.
സൂര്യാഘാതത്തിന് പുറമെ കുഴഞ്ഞ് വീണ് മരിക്കുന്നതും സാധാരണമായിരിക്കുകയാണ്. 18 ദിവസത്തിനിടെ പത്ത് പേരാണ് ചൂടിന്റെ കാഠിന്യത്തില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ചൂട് ക്രമാതീതമായി ഉയരുകയാണെങ്കില്‍ മെയ്മാസം എത്തുമ്പോഴേക്കും ഹൃദയാഘാതമരണങ്ങള്‍ കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിക്കുമെന്നാണ് സൂചന.
2009-10ല്‍ ഫിബ്രവരിമുതല്‍ മെയ്‌വരെ 24 ഹൃദയാഘാതമരണങ്ങള്‍ ജില്ലാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2010-11 വര്‍ഷത്തില്‍ 23 മരണങ്ങളും 201112ല്‍ 24 മരണങ്ങളുമുണ്ടായി.ഈവര്‍ഷം ജനവരിമുതല്‍ ഇതുവരെ 24 കുഴഞ്ഞുവീണ് മരണങ്ങളുണ്ടായതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.ചൂടില്‍ പ്രായമായവര്‍, ഹൃദ്രോഗികള്‍, മദ്യപര്‍ എന്നിവര്‍ക്ക് ഹൃദയാഘാതസാധ്യത കൂടുതലാണ്. മദ്യപാനശീലം, ഹൃദയധമനികളിലെ തടസ്സം എന്നിവയുള്ളവരില്‍ ഉയര്‍ന്ന അന്തരീക്ഷോഷ്മാവ് വരുത്തുന്ന അപകടസാധ്യത പലമടങ്ങ് വര്‍ധിക്കുന്നു.
സൂര്യാഘാതം, കുഴഞ്ഞുവീണുമരണങ്ങള്‍, തളര്‍ച്ച എന്നിങ്ങനെയുള്ള സംഭവങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ വെള്ളംകുടി മുടക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.കത്തുന്ന വേനല്‍ക്കാലത്ത് ചുരുങ്ങിയത് മൂന്നുലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. അമിതമായി വിയര്‍ക്കുന്നവര്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനനുസരിച്ച് വെള്ളം കുടിച്ചില്ലെങ്കില്‍ ബോധക്ഷയം, വൃക്കകള്‍ തകരാറിലാകല്‍, നെഞ്ചെരിച്ചില്‍ എന്നിവയുണ്ടാകും.വിയര്‍ക്കുന്നതിനനുസരിച്ച് ശരീരത്തിനാവശ്യമായ ധാതുലവണങ്ങള്‍ നഷ്ടമാകും. അമ്ലത്തെ ക്ഷാരമാക്കാനാവശ്യമായ പൊട്ടാസ്യം നഷ്ടപ്പെടുന്നത് നെഞ്ചെരിച്ചിലിനിടയാക്കും. ഇളനീര്‍ കുടിക്കുന്നത് ഇതിനൊരു പരിഹാരമാകും. നാരങ്ങവെള്ളം, സംഭാരം, കഞ്ഞിവെള്ളം എന്നിവയും വേനലില്‍ ശരീരക്ഷീണമകറ്റാന്‍ ഉത്തമമാണ്.ജലാംശം കൂടുതലുള്ള പഴങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കണം.
തണ്ണിമത്തന്‍, ഓറഞ്ച്, തക്കാളി, മുന്തിരി, കക്കിരി, നൊങ്ക് എന്നിവ ചൂടുകാലത്തിനിണങ്ങിയ പഴവര്‍ഗങ്ങളാണ്.കാപ്പി, ചായ, കോള, ഐസ്‌ക്രീം തുടങ്ങിയവയുടെ അമിതോപയോഗം വേനലില്‍ ശരീരത്തിന് ദോഷംചെയ്യും. മറ്റ് കൃത്രിമപാനീയങ്ങളും ഒഴിവാക്കേണ്ടതുണ്ട്. കഴിഞ്ഞ ഏതാനുംദിവസങ്ങളിലായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വേനല്‍ മഴ ചെയ്യുന്നുണ്ടെങ്കിലും പകല്‍ സമയത്തുള്ള ചൂട് അസഹനീയമാണ്.നാല്‍പ്പത് ഡിഗ്രിയാണ് കഴിഞ്ഞ ഒരാഴ്ചയിലായി ജില്ലയില്‍ അനുഭവപ്പെടുന്ന ചൂട്.

Latest