Connect with us

Kerala

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിംഗ് പരിസ്ഥിതിക്ക് ആഘാതമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് യാത്ര ജലമലിനീകരണം ഉണ്ടാക്കുന്നതായി കണ്ടെത്തല്‍. മോട്ടൊറൈസ്ഡ് ബോട്ടുകളാണ് ജലജീവികള്‍ക്കും വന്യമൃഗങ്ങള്‍ക്കും പരിസ്ഥിതിക്കുതന്നെയും ദോഷകരമായ രീതിയില്‍ സര്‍വീസ് നടത്തുന്നത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലെ സ്ഥിതിയും വ്യത്യസ്തമല്ല. മൂന്നാര്‍ മേഖലയിലെ മാട്ടുപ്പെട്ടി ഡാമിലെ ബോട്ടിംഗ് ഏറെ പാരിസ്ഥിതികാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ജൈവവൈവിധ്യ ബോര്‍ഡും വനം വകുപ്പും ഇതു സംബന്ധിച്ച് നിരവധി തവണ ടൂറിസ്റ്റുകള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. കെ എസ് ഇ ബിയും ഇത് സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു.

നിയന്ത്രണങ്ങളില്ലാതെയാണ് മോട്ടൊറൈസ്ഡ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്. മാട്ടുപ്പെട്ടി ഡാമിന് ചുറ്റമുള്ള വനമേഖലയില്‍ നിന്ന് ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ അണക്കെട്ടിലാണ് വെള്ളം കുടിക്കാനായി എത്താറുള്ളത്. എന്നാല്‍ വെള്ളത്തില്‍ കെറോസിന്‍ കലരുന്നതിനാല്‍ ഇവ അണക്കെട്ടില്‍ നിന്ന് വെള്ളം കുടിക്കാതെ പലപ്പോഴും സമീപത്തുള്ള ഡയറി ഫാമിലേക്ക് കടക്കുകയാണ്. ഇവ ഡയറി ഫാമില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതായാണ് കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് അംഗങ്ങള്‍ പറയുന്നത്.
ഡയറി ഫാമിലെ കന്നുകാലികള്‍ക്കും ഇത് ഭീഷണിയാകുന്നുണ്ട്. സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അധീനതയിലാണ് മാട്ടുപ്പെട്ടി ഡാം ഉള്‍പ്പെടുന്നത്. ചെറിയ അണക്കെട്ട് ആയതിനാല്‍ തന്നെ ബോട്ടുകള്‍ നിര്‍ബാധം സര്‍വീസ് നടത്തുന്നതും ജലത്തില്‍ കെറോസിന്‍ കലരുന്നതും ജീവജാലങ്ങളെ സാരമായി ബാധിക്കും. ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ഹൈഡല്‍ ടൂറിസം സൊസൈറ്റിയുമാണ് മാട്ടുപ്പെട്ടി അണക്കെട്ടില്‍ ബോട്ടിംഗ് നടത്തുന്നത്.