Connect with us

Gulf

സഞ്ചാരികള്‍ക്ക് സ്റ്റോപ്പ് ഓവര്‍ സൗകര്യവുമായി എയര്‍ ഇന്ത്യയുടെ പുതിയ ടൂറിസം പ്രമോഷന്‍

Published

|

Last Updated

മസ്‌കത്ത്: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ വഴി യാത്ര ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി എയര്‍ ഇന്ത്യയുടെ പ്രത്യേക പ്രമോഷന്‍. ഇന്ത്യക്കാര്‍ക്കും കുറഞ്ഞ നിരക്കില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഒരു ടിക്കറ്റ് നിരക്കില്‍ രണ്ടു രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള സൗകര്യം വിദേശികള്‍ക്കും ലഭിക്കുന്നു.
ബാംഗോക്, സിംഗപൂര്‍, ഹോംഗ്‌കോംഗ്, ശംങായ്, ടോകിയോ, ഒസാക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് എയര്‍ ഇന്ത്യയില്‍ പ്രമോഷന്‍ ടിക്കറ്റില്‍ യാത്ര ചെയ്യാനാവുക. ഇതാദ്യമായാണ് ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുന്നത്. ഇത് വേനല്‍കാല ആനുകൂല്യമാണെന്നും പ്രത്യേക നിരക്കിലാണ് ടിക്കറ്റുകള്‍ വില്‍പന നടത്തുന്നതെന്നും എയര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ അമരേഷ് ചൗധരി പറഞ്ഞു. ഇന്ത്യന്‍ നഗരങ്ങളിലേക്കു യാത്ര ചെയ്യുന്നതിനു വേണ്ടി വരുന്ന ടിക്കറ്റ് നിരക്കിനൊപ്പം അല്‍പംകൂടി അധികം നല്‍കിയാല്‍ മറ്റൊരു രാജ്യം കൂടി സന്ദര്‍ശിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി, മുബൈ, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ നഗരങ്ങളിലൂടെയാണ് യാത്ര. ബാംഗോകിലേക്ക് മടക്ക ടിക്കറ്റിന് 191 റിയാലാണ് നിരക്ക്. ബിസിനസ് ക്ലാസിന് 626 റിയാല്‍ നല്‍കണം. സിംഗപ്പൂരിലേക്ക് 211 റിയാലിന് പോയി മടങ്ങാം. ബിസിനസ് ക്ലാസിലെങ്കില്‍ 806 റിയാല്‍ വരും. ഈ യാത്രയില്‍ ഇന്ത്യന്‍ നഗരങ്ങളിലും ഇറങ്ങാം. ഇന്ത്യക്കാരാണെങ്കില്‍ അവധിക്കു നാട്ടില്‍ പോകുമ്പോള്‍ ടിക്കറ്റെടുത്ത് മടങ്ങി വരുമ്പോള്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങാം. ഇപ്പോള്‍ അവതരിപ്പിച്ച പ്രൊമോഷന്‍ പാക്കേജില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31  വരെ ടിക്കറ്റുകളെടുക്കാം. ടിക്കറ്റെടുത്ത് ആറു മാസത്തിനകം യാത്ര ചെയ്തിരിക്കണം. ഒരു തവണ സൗജന്യമായി യാത്രാ തിയതി മാറ്റാം.
സ്റ്റോപ് ഓവര്‍ സൗകര്യം ഇപ്പോല്‍ ഡല്‍ഹിയിലാണ് അവതരിപ്പിക്കുന്നത്. ഹോട്ടല്‍, എയര്‍പോര്‍ട്ടില്‍നിന്നും ഹോട്ടിലിലേക്കുള്ള യാത്ര എന്നിവയടങ്ങുന്നതാണ് സ്റ്റോപ് ഓവര്‍ സൗകര്യം. എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. ചെന്നൈ, ബാഗ്ലൂര്‍ വഴി മാല്‍ദാവീസിലേക്കും എയര്‍ ഇന്ത്യ യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്. 125 റിയാലിനാണ് മടക്ക ടിക്കറ്റ് ലഭിക്കുക. എയര്‍ ഇന്ത്യക്ക് കേരളത്തിലേക്ക് നേരിട്ട് സര്‍വീസില്ല. എന്നാല്‍ ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍ വഴി കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കുള്ള യാത്രക്ക് വലപ്പോഴും എക്‌സ്പ്രസിനെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് ലഭിക്കുന്നത്.