Connect with us

Ongoing News

അര്‍ബുദരോഗികള്‍ക്ക് ആശ്വാസമായ വിധി

Published

|

Last Updated

hi-novartis-drug-rtr23zafന്യൂഡല്‍ഹി: അര്‍ബുദ രോഗ മരുന്നിന് വന്‍ വില ഈടാക്കാന്‍ പേറ്റന്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള ആഗോള കുത്തക കമ്പനിയുടെ ഹരജി സുപ്രീം കോടതി പിഴയോടെ തള്ളി. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ നൊവാര്‍ട്ടീസിന്റെ ഹരജിയാണ് തള്ളിയത്. ഇന്ത്യയിലെ അര്‍ബുദ രോഗികള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് സുപ്രീം കോടതി ഉത്തരവ്. അര്‍ബുദത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലീവിക് എന്ന മരുന്നിന് പേറ്റന്റ് ആവശ്യപ്പെട്ട് നൊവാട്ടീസ് നല്‍കിയ ഹരജി സുപ്രീം കോടതി പിഴയോടുകൂടിയാണ് തള്ളിയത്. രക്താര്‍ബുദത്തിനും കുടലിലെ ക്യാന്‍സറിനും ഉപയോഗിക്കുന്ന മരുന്നാണ് ഗ്ലീവിക്. മെഡിക്കല്‍ ഗവേഷണ രംഗത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പുതിയ മരുന്നുകള്‍ വികസിപ്പിക്കുന്നതെന്നും ഈ നിക്ഷേപം പാഴായി പോകാന്‍ അനുവദിക്കരുതെന്നും ആയിരുന്നു കമ്പനിയുടെ പ്രധാന വാദം. രണ്ടര മാസത്തോളം വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ അഫ്താബ് ആലമും രഞ്ജനാ പ്രകാശ് ദേശായിയും വിധി പ്രഖ്യാപിച്ചത്. ഗ്ലീവിക്കില്‍ പുതുതായി ഒന്നുമില്ലെന്നും ഇന്ത്യന്‍ പേറ്റന്റ് (ബൗദ്ധിക സ്വത്തവകാശ)നിയമം നിലനില്‍ക്കുന്നുവെന്നും കോടതി നീരീക്ഷിച്ചു. ഗ്ലീവിക്കിന്റെ പേറ്റന്റിനായി 2006 ല്‍ കമ്പനി പേറ്റന്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയില്‍ 2007 ല്‍ നോവാര്‍ട്ടീസ് നല്‍കിയ ഹരജിയും തള്ളിയതോടെയാണ് കേസ് സുപ്രീം കോടതിയില്‍ 2009 ലെത്തുന്നത്.

ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ 3(ഡി), 3(ബി) വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിച്ചത്. ഇതിനെതിരെ ചെന്നൈയിലെ ബൗദ്ധിക സ്വത്തവകാശ അപ്പലേറ്റ് അതോറിറ്റിയെയും നൊവാട്ടീസ് സമീപിച്ചെങ്കിലും ഇവരും അപ്പീല്‍ തള്ളി. മരുന്നുകളുടെ രാസമിശ്രിതത്തില്‍ ചെറിയ മാറ്റം വരുത്തി പേറ്റന്റ് നേടുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് പേറ്റന്റ് നിയമത്തിലെ 3(ഡി) വകുപ്പ്. പൊതുജന താത്പര്യത്തിന് വിരുദ്ധമായുള്ള ഉത്പന്നങ്ങള്‍ക്ക് പേറ്റന്റ് നല്‍കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് 3 (ബി) വകുപ്പ്.
എന്നാല്‍, നിലവിലുള്ള ഫോര്‍മുലയേക്കാള്‍ മെച്ചപ്പെട്ടതാണ് തങ്ങളുടെതെന്നും നിലവിലുള്ള മരുന്നുകള്‍ നല്‍കുന്നതിന്റെ 40 ശതമാനത്തോളം അധിക ഫലം ഗ്ലീവിക്ക് നല്‍കുന്നുണ്ടെന്നുമായിരുന്നു കമ്പനിയുടെ വാദം. ഇമ്മാനിറ്റിനിബ് മെസെലേറ്റ് എന്ന രാസ വസ്തുവാണ് മരുന്നിലെ ഘടകം. ഇത് തന്നെയാണ് ഇന്ത്യന്‍ കമ്പനികളുടെയും മരുന്ന്. കേസിന്റെ വാദത്തിനിടെ മരുന്നിന് അമിത വില ഈടാക്കുന്ന കമ്പനിയുടെ നടപടിയെയും സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു. ഒരു മാസത്തെ ഡോസിന് 1.2 ലക്ഷം രൂപയോളമാണ് ഗ്ലീവിക്കിന്റെ വില. മിക്ക രോഗികള്‍ക്കും ആജീവനാന്തം ഉപയോഗിക്കേണ്ടി വരുന്ന മരുന്നാണിത്. പേറ്റന്റ് നല്‍കിയാല്‍ 20 വര്‍ഷത്തോളം മരുന്നിന്റെ കുത്തകാവകാശം കമ്പനിക്ക് സ്വന്തമാകുമായിരുന്നു. ഇതേ മരുന്നിന് മറ്റു കമ്പനികള്‍ ഈടാക്കുന്നത് 8000 രൂപ മാത്രമാണ്. ആഗോള മരുന്നു വിപണിയില്‍ പതിന്നാലാം സ്ഥാനത്താണ് ഇന്ത്യന്‍ മരുന്നു വിപണി. പ്രതിവര്‍ഷം 13 മുതല്‍ 14 വരെ ശതമാനമാണ് ഇന്ത്യന്‍ മരുന്നു വിപണിയുടെ വളര്‍ച്ച. ലോകത്ത് അര്‍ബുദം, എച്ച് ഐ വി മരുന്നുകള്‍ കുറഞ്ഞ വിലക്ക് ഉത്പാദിപ്പിക്കുന്നത് ഇന്ത്യന്‍ കമ്പനികളാണ്.
ഗ്ലീവിക്കിന് യു എസും ചൈനയും റഷ്യയും ഉള്‍പ്പെടെ നാല്‍പ്പതോളം രാജ്യങ്ങള്‍ പേറ്റന്റ് നല്‍കിയിട്ടുണ്ട്. വിധിക്കു ശേഷം നൊവാട്ടീസിന്റെ ഇന്ത്യന്‍ കമ്പനിയായ നൊവാട്ടീസ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരിവിലയിലും ഇടിവുണ്ടായി. 571.10 രൂപയായിരുന്ന ഓഹരി വില അഞ്ച് ശതമാനത്തോളമാണ് വിധി വന്ന് ആദ്യ മണിക്കൂറില്‍ ഇടിഞ്ഞത്. സുപ്രീം കോടതിയുടെ വിധി അന്തിമ തീരുമാനമാണെന്നിരിക്കെ മറ്റ് അന്താരാഷ്ട്ര മരുന്നുനിര്‍മാണ കമ്പനികളും ആകാംക്ഷയോടെയാണ് വിധി കാത്തിരുന്നത്. വിധി അനുകൂലമല്ലെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ മരുന്നുകള്‍ എത്തിക്കേണ്ടെന്ന ധാരണ ആഗോള മരുന്നുകമ്പനികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ മരുന്നു കമ്പനികളായ റാന്‍ബാക്‌സി, സിപ്ല എന്നിവയാണ് നോവാര്‍ട്ടീസിന്റെ വാദങ്ങളെ എതിര്‍ത്തത്. ഇരു കമ്പനികള്‍ക്കും വേണ്ടി അഡ്വ. പ്രഭിതാ സിംഗ് ഹാജരായി. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യമാണ് കമ്പനിക്ക് വേണ്ടി ഹാജരായത്.