Editors Pick
പരസ്പരം ബന്ധമില്ലെന്ന് ഇരുവരും:പിള്ള- ഗണേഷ് പോര് വഴിത്തിരിവില്‍
തിരുവനന്തപുരം:മക്കള്‍ രാഷ്ട്രീയം പുതുമയല്ലെങ്കിലും ആര്‍ ബാലകൃഷ്ണപ്പിള്ളയുടെയും ഗണേഷ് കുമാറിന്റെയും കാര്യത്തില്‍ ഇത് നേര്‍വിപരീതമാണ്. രാഷ്ട്രീയത്തിലെ ചാണക്യനാണ് പിള്ളയെങ്കില്‍ ഈ രംഗത്ത് ഗണേഷിന് വലിയ പാരമ്പര്യമില്ല. എന്നാല്‍, ഭരണ രംഗത്ത് പിള്ളയേക്കാള്‍ മിടുക്ക് ഗണേഷിനാണെന്ന പൊതുവിലയിരുത്തലുകളാണ് പിള്ളയും ഗണേഷും തമ്മിലുള്ള ഭിന്നതയുടെ അടിസ്ഥാനം. ഭാര്യ യാമിനി തങ്കച്ചിയുടെ പരാതിയാണ് മന്ത്രിയുടെ രാജിക്ക് കാരണമെങ്കിലും ഗണേഷിനെ നീക്കാന്‍ മുന്നണി നേതൃത്വത്തിന് അന്ത്യശാസനം നല്‍കി കാത്തിരിക്കുകയായിരുന്നു പിള്ള.
അതുകൊണ്ടാണ് മകന്റെ രാജിയില്‍ പിള്ള ആഹ്ലാദിക്കുന്നതും. മകനെ താഴെയിറക്കാന്‍ അച്ഛന്‍ മാസങ്ങളായി നടത്തുന്ന ശ്രമം മറ്റൊരു കാരണത്താലാണെങ്കിലും ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നു. ഈ രാജിയുടെ പേരില്‍ കേരളാ കോണ്‍ഗ്രസ്-ബി പ്രവര്‍ത്തകരില്‍ നിന്ന് ഒരു തുള്ളി കണ്ണീരും വീഴില്ലെന്നായിരുന്നു പിള്ളയുടെ ആദ്യ പ്രതികരണം.
പിള്ളയും ഗണേഷ് കുമാറും തമ്മിലുള്ള പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല ഘട്ടങ്ങളിലും ഇരുവരും പരസ്യമായി ഏറ്റുമുട്ടി. ഗണേഷിന്റെ രാഷ്ട്രീയ പ്രവേശത്തോടെ പോരിന് പുതിയ മാനവും വന്നു. 2001ല്‍ പത്തനാപുരത്ത് നിന്നാണ് ഗണേഷ് കുമാര്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. കൊട്ടാരക്കരയില്‍ നിന്ന് പിള്ളയും അതേ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. എന്നാല്‍, ഗ്രാഫൈറ്റ് കേസില്‍ കുറ്റാരോപിതനായ പിള്ളയെ മന്ത്രിസഭയില്‍ എ കെ ആന്റണി ഉള്‍പ്പെടുത്തിയില്ല. പകരം മകന്‍ ഗണേഷ് ഗതാഗത മന്ത്രിയായി. ചെറുപ്പത്തിന്റെ ഊര്‍ജവുമായി ഓടി നടന്ന ഗണേഷ് അച്ഛനേക്കാള്‍ മികച്ച നിലയില്‍ ഭരിക്കുന്നുവെന്ന പേര് നേടി. ചെറിയ അസ്വാരസ്യങ്ങള്‍ക്ക് ഇത് വഴിവെച്ചെങ്കിലും പിള്ള കുറ്റവിമുക്തനായപ്പോള്‍ മന്ത്രിസ്ഥാനം തിരികെ കൊടുത്ത് ഗണേഷ് മാറി നിന്നു. എന്നാല്‍ ഗണേഷായിരുന്നു നല്ല മന്ത്രി എന്ന അഭിപ്രായം കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഉയര്‍ന്നു. ഇടക്കുവെച്ച് ആന്റണി മാറി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ പിള്ളയെ മന്ത്രിസഭയിലെടുത്തില്ല. അന്ന് പിള്ള യു ഡി എഫ് വിട്ടെങ്കിലും എല്‍ ഡി എഫില്‍ എടുക്കാത്തതിനാല്‍ അങ്ങോട്ടു തന്നെ മടങ്ങി.
2006ലെ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ മത്സരിച്ച പിള്ള വീണു. പത്തനാപുരം ഗണേഷിനെ കൈവിട്ടില്ല. എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി പിള്ളയെ ശിക്ഷിച്ചതോടെ കാര്യങ്ങളെല്ലാം കൈവിട്ടു. ജയിലിലായതിനാല്‍ പിള്ളക്ക് മത്സരിക്കാനായില്ല.
തനിക്ക് മത്സരിക്കാനാകാത്ത സാഹചര്യത്തില്‍ മൂത്ത മകള്‍ ഉഷ മോഹന്‍ദാസിനെ കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാന്‍ പിള്ള കരുക്കള്‍ നീക്കിയെങ്കിലും അത് വിജയിച്ചില്ല. ഒരു വീട്ടില്‍ നിന്നുള്ള രണ്ടു പേര്‍ അടുത്തടുത്ത മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് വിജയസാധ്യതയെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി ഗണേഷ് തന്നെയാണ് അതു വെട്ടിയത്. ഉഷക്ക് പകരം ഡോ. എന്‍ എം മുരളിയെ കൊട്ടാരക്കരയില്‍ പിള്ള സ്ഥാനാര്‍ഥിയാക്കി. എന്നാല്‍, പിള്ളയുടെ ഈ സ്ഥാനാര്‍ഥി തോറ്റു. ഗണേഷ് ജയിച്ച് മന്ത്രിയായി. ഗണേഷിനെ മന്ത്രിയാക്കാതിരിക്കാന്‍ പിള്ള ശ്രമിച്ചതാണെങ്കിലും ഉമ്മന്‍ ചാണ്ടി ഇടപെട്ട് അത് പൊളിച്ചു.
മന്ത്രിയായതോടെ മകനുമായി അടുപ്പം കാണിച്ചെങ്കിലും അധികം വൈകാതെ അകന്നു. മകന്‍ മന്ത്രിസഭയിലുണ്ടായിട്ടും തന്നെ ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ ഗണേഷ് കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നായിരുന്നു പിള്ളയുടെ പരാതി. യു ഡി എഫിന് അധികാരം കിട്ടിയിട്ടും താന്‍ ജയിലില്‍ തുടരേണ്ടി വരുന്നത് ഗണേഷ് കാരണമാണെന്ന് പിള്ള കുറ്റപ്പെടുത്തി.
അതോടെ ഭിന്നത രൂക്ഷമായി. ഒടുവില്‍ പിള്ള ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും അച്ഛനും മകനും വല്ലാതെ അകന്നിരുന്നു. പാര്‍ട്ടിയുടെ കെട്ടുകളില്‍ നിന്ന് ഗണേഷും മാറിക്കൊണ്ടിരുന്നു.
മന്ത്രിയെ നീക്കണമെന്ന് പിള്ള ആവശ്യപ്പെട്ടതോടെ തന്നെ അനുകൂലിക്കുന്നവരെ സംഘടിപ്പിച്ച് ഗണേഷ് സമാന്തര കമ്മിറ്റിയുണ്ടാക്കി. അച്ഛന്‍ നിര്‍ദേശിച്ചതൊന്നും മന്ത്രി നടപ്പാക്കിയില്ല. ഒടുവില്‍ മന്ത്രിയെ പിന്‍വലിക്കാന്‍ മുന്നണിക്ക് പിള്ള കത്തും നല്‍കി. എന്നാല്‍ മുഖ്യമന്ത്രിയുടെ പിന്തുണയോടെ ഗണേഷ് ഇതിനെയെല്ലാം മറികടന്നു.
ഇതിനിടെയാണ് പി സി ജോര്‍ജിന്റെ രംഗപ്രവേശവും ഭാര്യയുടെ പരാതിയും ഗണേഷിനെ കുരുക്കുന്നത്. പിന്നെ, ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍. മന്ത്രി ഷിബു ബേബി ജോണും പിള്ളയുടെ മരുമകന്‍ ടി ബാലകൃഷ്ണനും മധ്യസ്ഥരായതോടെ സമവായത്തിലേക്ക് കാര്യങ്ങളെത്തി. പിള്ളയും നിലപാട് മയപ്പെടുത്തി ചര്‍ച്ചകള്‍ തുടങ്ങി. അച്ഛന്‍ മഹാനായ നേതാവാണെന്ന് വരെ ഗണേഷ് പറഞ്ഞു. എന്നാല്‍, ഈ ഒത്തുതീര്‍പ്പിന് അധികം ആയുസ്സുണ്ടായില്ല. കാര്യങ്ങള്‍ വീണ്ടും പഴയ പടി. പിള്ളയും ഗണേഷിനെ കൈവിട്ടു. യാമിനിയുടെ പരാതിയും വന്നതോടെ മന്ത്രി സ്ഥാനം രാജിവെക്കേണ്ടിയും വന്നു. രാജിയോടെ ഇരുവരും ഒന്നുറപ്പിച്ചു പറയുന്നു. ഇനി പരസ്പരം ബന്ധമില്ല. താനാണ് പാര്‍ട്ടിയെന്ന് ഗണേഷും മകനുമായി ബന്ധമില്ലെന്ന് പിള്ളയും വ്യക്തമാക്കി. ഇതോടെ, കേരളാ കോണ്‍ഗ്രസ് ബിയിലെ മക്കള്‍ രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്കാണ്.