Connect with us

Articles

നിതാഖാത്ത്: പ്രചാരണങ്ങള്‍ക്കപ്പുറം ചില യാഥാര്‍ഥ്യങ്ങള്‍

Published

|

Last Updated

സഊദി അറേബ്യയിലെ ഇക്കാമയെക്കുറിച്ച് മലപ്പുറത്തെ വല്യുമ്മമാര്‍ക്ക് പോലും നന്നായി അറിയാം. അവിടെ പോലീസിന്റെ പിടിയില്‍ പെടാതെ പുറത്തിറങ്ങി നടക്കാനും ജോലിയെടുക്കാനും ഈ സാധനം വേണമെന്ന വല്യുമ്മമാരുടെ ജ്ഞാനം ഗള്‍ഫ് നാടുകളിലെ തൊഴില്‍ നിയമങ്ങളുടെ കണിശതയെയാണ് അറിയിച്ചിരുന്നത്. അതുകൊണ്ടാണ് അവര്‍ ആദ്യമായി ഗള്‍ഫില്‍ പോയ മക്കളോടും പേര മക്കളോടും “ഇക്കാമ കിട്ടിയോ, പണിക്കിറങ്ങിയോ” എന്നു വിളിച്ചു ചോദിച്ചിരുന്നത്. ജോലിക്കാരന്റെ പേര്, രാജ്യം, കമ്പനി, തൊഴില്‍ മേഖല, തസ്തിക തുടങ്ങിയ അടിസ്ഥാന വിവരങ്ങളടങ്ങിയ ഇക്കാമ അല്ലെങ്കില്‍ ബത്താക്ക എന്നു വിളിക്കുന്ന ലേബര്‍/റസിഡന്റ് കാര്‍ഡ് ഗള്‍ഫിലെ വിദേശികളുടെ അടിസ്ഥാന ആധാര രേഖയാണ്. ജോലിക്കെത്തുന്ന വിദേശികള്‍ ആര് എന്നു വ്യക്തമാക്കപ്പെടുന്നതു പോലെ തന്നെ അയാള്‍ക്ക് ജോലി ചെയ്യാന്‍ ഒരു കമ്പനി, അല്ലെങ്കില്‍ സ്വദേശിയായ ഒരു സ്‌പോണ്‍സര്‍ ഉണ്ടായിരിക്കണമെന്നും അതിനോടു നീതി പുലര്‍ത്താന്‍ ബാധ്യസ്ഥരാണെന്നുമുള്ള നിബന്ധന പതിതിറ്റാണ്ടുകള്‍ക്കു മുമ്പേ പ്രാബല്യത്തില്‍ വന്ന ലേബര്‍/റസിഡന്റ് കാര്‍ഡ് ബോധ്യപ്പെടുത്തുന്നു. മലബാറിലെ വല്യുമ്മമാര്‍ക്കു പോലും അറിയാവുന്ന ഇക്കാമയില്‍ അടങ്ങിയിരിക്കുന്ന ദേശ സുരക്ഷയുടെയും സാമൂഹിക സുരക്ഷയുടെയും തൊഴില്‍ സുരക്ഷയുടെയും താത്പര്യത്തിനപ്പുറം സഊദിയില്‍ പുതുതായി ഒന്നും സംഭവിക്കുന്നില്ലെന്നതാണ് വാസ്തവം. നടേ പറഞ്ഞ ഇക്കാമ നിബന്ധനകള്‍ ആദ്യം സഊദി അറേബ്യന്‍ പൗരന്‍മാരും അതിന്റെ ഓരം പറ്റി വിദേശികളും ലംഘിക്കുകയും ദുരുപയോഗം ചെയ്യുകയും സര്‍ക്കാര്‍ പുലര്‍ത്തിയ ഉദാര സമീപനത്തിന്റെ ചൂഷകരായി മാറുകയും ചെയ്തു വെന്നതാണ് ഇപ്പോഴത്തെ കോലാഹലങ്ങളുടെ അടിസ്ഥാന കാരണം. പിെന്നപ്പിന്നെ ഈ നിയമലംഘനം പിടിവിട്ടു പോകുന്ന തരത്തില്‍ വികാസം പ്രാപിച്ചപ്പോള്‍ സര്‍ക്കാര്‍ ഒരു കടിഞ്ഞാണിടാന്‍ തീരുമാനിക്കുകയും ഇക്കാര്യം സ്വന്തം നാട്ടുകാരെയും ഇവിടെ പണിയെടുത്തും കച്ചവടം നടത്തിയും ജീവിക്കുന്ന ലക്ഷക്കണക്കിനു വിദേശികളെയും നേരത്തെ തന്നെ അറിയിക്കുകയും ചെയ്തു. മതിയാവോളം സാവകാശം നല്‍കി നല്‍കിയ നിര്‍ദേശത്തില്‍ സഊദി സര്‍ക്കാര്‍ പറഞ്ഞതിത്രമാത്രം; “വിദേശത്തു നിന്നു ജോലിക്കെത്തുന്നവര്‍ ജോലി ചെയ്യുന്ന സ്ഥാപനവുമായി ഉണ്ടാക്കുന്ന തൊഴില്‍ കരാര്‍ പാലിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ നിങ്ങളുടെ സ്‌പോണ്‍സറുടെ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്യണം. പുറത്തു ജോലി ചെയ്യരുത്. ഇപ്രകാരം സ്വന്തം സ്‌പോണ്‍സറുടെതല്ലാത്ത സ്ഥാപനങ്ങളിലോ സ്വന്തമായി തന്നെയോ ജോലിയോ കച്ചവടമോ നോക്കുന്നവര്‍ നിയമം അനുശാസിക്കുന്ന തൊഴില്‍ രീതിയിലേക്കു മാറണം. അതല്ലെങ്കില്‍ നിയമം ലംഘച്ചതായി പരിഗണിച്ചു നടപടികള്‍ നേരിടേണ്ടി വരും”. വിദേശത്തു നിന്നു സ്വന്തം നാട്ടില്‍ വന്ന് ജോലി ചെയ്യുന്നവരോട് നിങ്ങള്‍ നിങ്ങളുടെ നാടുകളിലേക്കു മടങ്ങിപ്പോകണമെന്നോ തിരിച്ചയക്കുമെന്നോ സഊദി പറഞ്ഞിട്ടില്ല. ഭീതി പടര്‍ത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ പോലും പറഞ്ഞയക്കപ്പെട്ടവരെ അത്രയൊന്നും കണ്ടുപിടിക്കാനായില്ല. എയര്‍പോര്‍ട്ടുകളില്‍ ട്രോളി നിറയെ ലഗേജുകളുമായി പുറത്തിറങ്ങി ചാനലുകളോട് സംസാരിച്ചവരൊക്കെയും സ്വമേധയാ നാട്ടിലേക്കു പോകാന്‍ തയാറായവരായിരുന്നു. നിയമലംഘനം കണ്ടെത്തി സഊദി അറേബ്യ ഡിപോര്‍ട്ട് ചെയ്യുന്ന (നാടു കടത്തുന്ന)വര്‍ക്ക് ഇങ്ങനെ ലഗേജുകളുമായൊന്നും കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ചെന്നിറങ്ങാനാകില്ല. വല്ല പൂനെയിലെയോ ലക്‌നോവിലെയോ മുംബൈയിലെയോ എയര്‍പോര്‍ട്ടുകളിലേക്കാകുമായിരുന്നു അവരയക്കപ്പെടുക. ദശലക്ഷക്കണക്കിനു വിദേശികള്‍ക്കു ജോലിയും കൂലിയും നല്‍കുകയും കച്ചവടം നടത്തി പണം സമ്പാദിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന രാജ്യത്തിന് സ്വന്തം നാട്ടിലെ ജനങ്ങളോടു കൂടി കടപ്പാടുണ്ടല്ലോ. പെരുകിക്കൊണ്ടിരിക്കുന്ന ജനസംഖ്യയുടെ നടുവില്‍, തൊഴിലില്ലായ്മ പരിഹരിക്കലും പുതിയ തലമുറയിലെ അഭ്യസ്ഥവിദ്യരായ പൗരന്‍മാര്‍ക്ക് മികച്ച തൊഴില്‍ സാധ്യതകള്‍ തന്നെ കണ്ടെത്തിക്കൊടുക്കലും ആ രാജ്യത്തിന്റെ കടമയാണല്ലോ. അവര്‍ക്കു മലയാളികളെപ്പോലെ ഒരു വിസ തരപ്പെടുത്തി വിമാനം കയറാന്‍ മറ്റൊരു ഗള്‍ഫില്ലല്ലോ. എന്നിരിക്കെ രാജ്യത്തു പ്രവര്‍ത്തിക്കുന്ന സ്വന്തം പൗരന്‍മാരുടെ തന്നെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ ഒരു നിശ്ചിത ശതമാനം സ്വദേശികള്‍ക്ക് ജോലി നല്‍കണമെന്നാണ് രാജ്യം ആവശ്യപ്പെട്ടത്. ഇതാകട്ടെ മറ്റു പല ഗള്‍ഫ് നാടുകളിലേതിനേക്കാളും കുറവാണുതാനും. ഒമാനില്‍ പല തൊഴില്‍ മേഖലകളും 100 ശതമാനം ദേശസാത്കരിക്കരിച്ചപ്പോള്‍ ഭൂരിഭാഗം തൊഴില്‍ മേലകളിലും 60 ശതമാനമാണ് ദേശസാത്കരണം. സഊദി അറേബ്യന്‍ മനുഷ്യവിഭവത്തിന്റെ ലഭ്യതയെക്കുറിച്ച് നല്ല ബോധ്യത്തോടെ തന്നെയാണ് തൊഴില്‍ മന്ത്രി തീരുമാനമെടുത്തത്. തരം തിരിവ് നടത്തിയതും നിയമം തയാറാക്കിയതും. “നിതാഖാത്” എന്ന പേരിലറിയപ്പെടുന്ന ഈ തരം തിരിവ്, നിബന്ധനകള്‍ പാലിച്ച് സ്വദേശികളെ ജോലിക്കു നിര്‍ത്തുന്നവരും അത് പാലിക്കാത്തവരും എന്ന അര്‍ഥത്തിലാണ്. നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ ചുകപ്പു നിറം സൂചിപ്പിക്കുന്ന വിഭാഗത്തില്‍ ഉള്‍പെടുകയും ഈ സ്ഥാപനം ഏറെ നാള്‍ മുന്നോട്ടു കൊണ്ടുപോകുക തടസ്സമാകുന്ന രീതിയില്‍ സ്ഥാപനത്തിന്റെ ലൈസന്‍സും ജോലിക്കാരുടെ വിസയും പുതുക്കി നല്‍കാതിരിക്കുന്നതുള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നാണ് മന്ത്രാലയം മുന്നറിയിപ്പു നല്‍കിയത്. നിബന്ധനകള്‍ പാലിക്കാതെ ചുകപ്പ് വിഭാഗത്തില്‍ ഉള്‍പെടുന്ന സ്ഥാപനങ്ങള്‍ക്ക് യാതൊന്നും ഭയപ്പെടാനില്ലാത്ത “പച്ച” വിഭാഗത്തിലേക്കു മാറുക അത്ര പ്രയാസകരവുമല്ല. ബന്ധപ്പെട്ട തസ്തികകളില്‍ സ്വദേശികളെ തൊഴിലിനു നിര്‍ത്തുക എന്നതു മാത്രമാണ് നിബന്ധന. ഇവിടെ മനസ്സിലാക്കേണ്ട വസ്തുത, നിതാഖാത് എന്ന ഈ തരം തിരിവ് സ്വന്തം നാട്ടിലെ സ്വാകാര്യ മേഖലയില്‍ സ്വന്തം പൗരന്‍മാര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു സംവരണ തത്വമാണ്. നിതാഖാത് സ്ഥാപനങ്ങളെ ബാധിക്കുന്ന നിബന്ധനയാണ്. തൊഴിലാളിയായ ഒരാളെ നിതാഖാത് എന്ന തരം തിരിവ് ബാധിക്കുന്നേയില്ല. എന്നിട്ടും നിയമം നടപ്പിലാക്കുന്നതു വഴി ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു പോകുന്നവരെ സംബന്ധിച്ച് ആശങ്ക നിറക്കപ്പെടുന്ന വാര്‍ത്തകള്‍ “നിതാഖാത്” എന്ന ബാനറിനു കീഴിലേക്കു കൊണ്ടു വന്ന് അവതരിപ്പിക്കുന്നതിലാണ് മലയാള മാധ്യമങ്ങള്‍ മുഴുകിയിരുക്കുന്നത്. നിതാഖാത് ബാധിക്കുന്നത് കമ്പനികളെയാണ്. സ്ഥാപനങ്ങളുടെ വലിപ്പത്തിനനുസരിച്ച് സ്വദേശികള്‍ക്കായി സംവരണം ചെയ്ത അത്രയും ജോലികള്‍ അവര്‍ക്കു നല്‍കിയില്ലെങ്കില്‍ സംഭവിക്കുന്ന തരംതാഴ്ത്തല്‍ ജീവനക്കാരായ വ്യക്തികളെ നേരിട്ടു ബാധിക്കുന്ന സംഗതിയേ അല്ല. നിതാഖാത്ത് പാലിക്കാതിരിക്കുകയും അതുവഴി ചുകപ്പു പട്ടികയിലുള്‍പെട്ട് ക്രമേണ അടച്ചു പൂട്ടേണ്ടി വരികയും ചെയ്യുന്ന ഘട്ടത്തില്‍ ജീവനക്കാരെ അതു ബാധിക്കുമെന്ന മറുപുറം കാണാതെ പോകുന്നില്ല. എന്നാല്‍, സഊദിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനവും നിതാഖാതിലെ വ്യവസ്ഥകള്‍ കാരണം അടുച്ച പൂട്ടാനുള്ളവയല്ലെന്നും അല്‍പം സാമ്പത്തിക ബാധ്യത വഹിക്കേണ്ടി വന്നാല്‍ പോലും സ്വദേശി സംവരണതത്വം പാലിച്ച് നിയമവിധേയമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുന്നവയാണെന്നും മനസ്സിലാക്കേണ്ടതുണ്ട്. സ്ഥാപനങ്ങള്‍ നിലനില്‍ക്കണമെന്നും എന്നിട്ട് ഈ സ്ഥാപനങ്ങളില്‍ വേണം സ്വദേശികള്‍ക്ക് തൊഴിലവസരമൊരുക്കിക്കൊടുക്കാന്‍ എന്നുമാണ് സഊദി സര്‍ക്കാറിന്റെ താത്പര്യം. നിതാഖാത് തത്വം പാലിക്കുന്നതിന് സഊദി തൊഴില്‍ മന്ത്രാലയം അനുവദിച്ച സാവകാശം കഴിഞ്ഞ മാസം ഒടുവില്‍ അവസാനിച്ചിട്ടുണ്ട്. നിതാഖാത് കൊണ്ടു ലക്ഷ്യം വെച്ച രാജ്യത്തെ തൊഴില്‍ രംഗത്തെ ക്രമീകരണവും സുരക്ഷിതത്വവും പൂര്‍ണമാകണമെങ്കില്‍ ഫ്രീ വിസ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പണിയും കൂലിയുമില്ലാത്ത വിസ സംവിധാനവും ഇപ്രകാരം വിസകള്‍ വിറ്റു ജീവിക്കുന്ന സ്വദേശികളുടെ കൂലിക്കഫീല്‍ (പണം പറ്റി തൊഴിലുടമയാകല്‍) ഏര്‍പാടും അവസാനിപ്പിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് വിദേശ ജീവനക്കാര്‍ അവരുടെ വിസയില്‍ രേഖപ്പെടുത്തിയ തൊഴില്‍, സ്വന്തം സ്‌പോണ്‍സറുടെ സ്ഥാപനത്തില്‍ തന്നെ ചെയ്യുന്നവരാകണമെന്നു ശഠിച്ചത്. കമ്പനികള്‍ക്കു പുറമേ സഊദി പൗരന്‍മാര്‍ക്കു ലഭിക്കുന്ന വീട്ടു വിസകള്‍ (ഡ്രൈവര്‍, കുക്ക്, ആട്ടിടയന്‍, ക്ലീനിംഗ് തുടങ്ങിയവ) സംഘടിപ്പിച്ച് പുറത്ത് കമ്പനികളിലും സ്വന്തമായി കച്ചവടവും ജോലിയും ചെയ്തിരുന്ന നിരവധി പേര്‍ സഊദിയിലുണ്ട്. ഈ സമ്പ്രദായമാണ് ഫ്രീ വിസ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്. നിയമവിരുദ്ധമാണ് ഇതെന്ന് ഇത്ര കാലവും സഊദിയില്‍ ഇപ്രകാരം തൊഴിലും കച്ചവടവും ചെയ്തു പോന്നവര്‍ക്കും വിസ നല്‍കിയ സ്വദേശികള്‍ക്കും അറിയാം. എന്നാല്‍, കര്‍ശനമായ നടപടി സ്വീകരിക്കാതെ ഭരണകൂടം കണ്ണ് ചിമ്മിയിരുന്ന ഒരു രീതി ഇനിയല്‍പം നിയന്ത്രിക്കണം എന്ന സഊദി സര്‍ക്കാറിന്റെ തീരുമാനത്തെയാണ് മലയാള മാധ്യമങ്ങള്‍ ആടിനെ പട്ടിയാക്കുന്ന രീതിയില്‍ അവതരിപ്പിച്ചത്. ലക്ഷക്കണക്കിനു മലയാളികളെ സഊദി അറേബ്യ പുറത്താക്കുന്നുവെന്ന് ചില പത്രങ്ങള്‍ തലക്കെട്ടെഴുതി. ഫ്രീ വിസയെ കണ്ണ് ചിമ്മി സൗജന്യ വിസയെന്നു തര്‍ജമ ചെയ്തു. ദേശസാത്കരണത്തെ സ്വകാര്യവത്കരണമെന്നു വിശേഷിപ്പിച്ചു. പതിറ്റാണ്ടുകളോളം ദശലക്ഷക്കണക്കിനു മലയാളികള്‍ക്ക് അഭയവും അന്നവും നല്‍കിയ ഒരു രാജ്യത്തെ ഭീകരമാക്കി അവതരിപ്പിക്കാന്‍ വരെ തിടുക്കങ്ങളുണ്ടായി. പണ്ടെങ്ങോ ജോലി തേടിയോ മറ്റോ പാകിസ്ഥാനിലായിപ്പോയ മലയാളികളില്‍ ചിലര്‍ക്ക് പൗരത്വം നല്‍കാതെ പാകിസ്ഥാനിലേക്ക് പൊയ്‌ക്കോളാന്‍ പറഞ്ഞ രാജ്യമാണ് നമ്മുടെതെന്നു മറന്നാണ് സ്വന്തം പൗരന്‍മാര്‍ക്ക് സ്വന്തം നാട്ടിലെ തൊഴില്‍ ശാലകളില്‍ ഒരല്‍പം സംവരണമേര്‍പെടുത്തുകയും കാര്യങ്ങള്‍ക്ക് ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുകയും ചെയ്ത സഊദിയെ ഒളിഞ്ഞും തെളിഞ്ഞും ചീത്ത പറഞ്ഞത്. സഊദിയിലിപ്പോള്‍ പരിശോധന നടക്കുന്നുണ്ട്. പരിശോധനകള്‍ നേരത്തെയും പതിവുള്ളതാണെങ്കിലും വിദേശികളുടെ വിസ, ജോലി, സ്‌പോണ്‍സര്‍ എന്നിവയൊക്കെ അന്വേഷിച്ച് പന്തികേട് തോന്നിയാല്‍ സ്‌പോണ്‍സര്‍ക്കു വിളിച്ച് ഉറപ്പ് വരുത്തുന്നുണ്ട്. സ്‌പോണ്‍സര്‍ കൈയൊഴിഞ്ഞാല്‍ വേറെ മാര്‍ഗമൊന്നുമില്ല. ജയില്‍ ശിക്ഷ അനുഭവിച്ച് നാട്ടിലേക്കു മടങ്ങേണ്ടി വരും. എന്നാല്‍, ഈ സാഹചര്യം മനസ്സിലാക്കി സ്വമേധയാ നാട്ടിലേക്കു മടങ്ങുകയും വേറെ ജോലി തരപ്പെടുത്തി തിരിച്ചു വരാം എന്ന പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യുന്നവരാണ് ഇപ്പോള്‍ ഏറെയും. “ഫ്രീ വിസ” ജോലികള്‍ക്ക് നിയന്ത്രണം വന്നതോടെ കമ്പനികളും സമ്മര്‍ദത്തിലാണ്. ഫ്രീ വിസയില്‍ ജോലി ചെയ്തവരെല്ലാം ഒഴിഞ്ഞു പോകാന്‍ തയാറാകുന്നു. സ്ഥാപനത്തിന്റെ വിസയിലല്ലാത്തവര്‍ പിടിക്കപ്പെട്ടാല്‍ വന്‍തുക പിഴയൊടുക്കണം. ഇതു ഭയന്ന് ആവശ്യമായ ജീവനക്കാര്‍ക്കെല്ലാം വിസ നല്‍കാന്‍ കമ്പനികള്‍ തയാറായിക്കഴിഞ്ഞു. നിതാഖാത് അനുസരിച്ച് മഞ്ഞയും ചുകപ്പും വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ പോലും നിബന്ധനകള്‍ പാലിച്ച് സ്വദേശികളെ ജോലിക്കു വെച്ച് “ഗ്രീന്‍” സിഗ്നലിനുള്ള ശ്രമത്തിലാണ്. ഫ്രീവിസയില്‍ ജോലി ചെയ്തവര്‍ ഒഴിഞ്ഞു പോകുന്ന ഒഴിവിലേക്ക് പുതിയ ആളുകളെ നിയമിക്കുന്നു. സഊദിയില്‍ പുതിയ സൂര്യോദയം കൂടിയാണിത്. കമ്പനികളെല്ലാം സ്വന്തം ജീവനക്കാരെ നിയോഗിക്കുന്നു. വേലയും കൂലിയുമില്ലാത്ത കല്ലിവല്ലി വിസകളില്‍ ജോലി ചെയ്തു വന്ന വിദേശികളെല്ലാം കമ്പനി വിസകളിലേക്കു മാറുന്നു. ചുകപ്പു പട്ടികയില്‍ പെട്ട സ്ഥാപനത്തില്‍നിന്ന് അവരുടെ സമ്മതമില്ലാതെ തന്നെ ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള കമ്പനിയിലേക്കു മാറാം. മറ്റു ജോലികള്‍ അന്വേഷിച്ച് അതിലേക്കു മാറുന്നതിനും തടസ്സമില്ലായ്മയോ നിയമാനുസതമായ വഴിയോ സഊദിയില്‍ ഉണ്ട്. നിലവിലുള്ള ജോലിയില്‍ നിന്നു രാജിവെച്ച് തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതിയോടെ നാട്ടിലേക്കു മടങ്ങി പുതിയ വിസയില്‍ വരാം. ചുരുക്കത്തില്‍, ഭയപ്പാടിന്റെ ഫ്രീ വിസ സമ്പ്രദായമില്ലാതെ സുരക്ഷിതമായ ജോലിയും കൂലിയുമായി സഊദി പൗരന്‍മാരോടൊപ്പം പ്രവര്‍ത്തിക്കുന്ന പുതിയൊരു തൊഴില്‍ സംസ്‌കാരത്തിന്റെ പുലര്‍കാലത്തേക്കാണ് സഊദി അറേബ്യ സഞ്ചരിക്കുന്നത്.

Latest