Connect with us

Ongoing News

കടല്‍ക്കൊല: എഫ് ഐ ആര്‍ സമര്‍പ്പിച്ചു; നാവികര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്‌

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ദേശീയ അന്വേഷണ എജന്‍സി (എന്‍ ഐ എ) എഫ് ഐ ആര്‍ സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രാലയം കേസ് എന്‍ ഐ എക്ക് കൈമാറിയത്. ആദ്യ റിപ്പോര്‍ട്ടാണ് പ്രത്യേക എന്‍ ഐ എ കോടതിയില്‍ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചത്.
നാവികരായ മാസിമിലിയാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിറോണ്‍ എന്നിവര്‍ക്കെതിരെ 302ാം വകുപ്പ് പ്രകാരം കൊലപാതകം, 307ാം വകുപ്പ് പ്രകാരം കൊലപാതക ശ്രമം, 427ാം വകുപ്പ് പ്രകാരം ദ്രോഹം ചെയ്യല്‍, 34ാം വകുപ്പനുസരിച്ച് പൊതുതാത്പര്യം എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസെടുത്തത്. വ്യക്തിപരമായ വിനോദങ്ങള്‍ക്കായി ചരക്ക് കപ്പലുപയോഗിച്ചതിനാലാണ് കേസ് കൊലപാതകമാകുന്നത്.
2012 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം നീണ്ടകരയില്‍ വെച്ച് ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സി എന്ന കപ്പലിലുണ്ടായിരുന്ന നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെക്കുകയായിരുന്നു. ജെല്‍സ്റ്റിന്‍, പിങ്കു എന്നീ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് തല്‍ക്ഷണം മരിച്ചിരുന്നു.
നാവികരെ പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തില്‍ കേരള സര്‍ക്കാറിന് അധികാരമില്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം കേസ് എന്‍ ഐ എക്ക് കൈമാറിയത്.

---- facebook comment plugin here -----

Latest