Connect with us

Malappuram

വെട്ടത്ത് സി പി എമ്മില്‍ പൊട്ടിത്തെറി; അഞ്ഞൂറോളം പേര്‍ സി പി ഐയിലേക്ക്

Published

|

Last Updated

മലപ്പുറം: സി പി എം വെട്ടം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ വിദ്യാനഗര്‍ ബ്രാഞ്ച് കമ്മിറ്റിയില്‍ നിലനിന്നിരുന്ന ആഭ്യന്തര പ്രശ്‌നത്തില്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം നൂറോളം പ്രവര്‍ത്തകരും അഞ്ഞൂറോളം അനുഭാവികളും സി പി ഐയിലേക്ക്. മാസങ്ങളായി വെട്ടം സി പി എം ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ജില്ലാ നേതൃത്വം വേണ്ടത്ര ഇടപെടലുകള്‍ നടത്താത്തതിനാലാണ് ബ്രാഞ്ച് സെക്രട്ടറിയും, കമ്മിറ്റിയിലെ 13 അംഗങ്ങളും അനുഭാവികളും പാര്‍ട്ടി വിട്ടത്.

കീഴ് കമ്മിറ്റികള്‍ക്കെതിരെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നടത്തുന്ന പ്രവൃത്തികള്‍ ജില്ലാ നേതൃത്വം അടക്കമുളളവര്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിട്ടും നേതൃത്വം പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് താനും തന്നെ പിന്തുണക്കുന്ന അഞ്ഞൂറോളം വരുന്ന അനുഭാവികളും സി പി ഐയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് വിദ്യാനഗര്‍ ബ്രാഞ്ച് സെക്രട്ടറിയും മുന്‍ തിരൂര്‍ ബ്ലോക്ക് മെമ്പറുമായിരുന്ന പി പി അര്‍ഷാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വെട്ടം ലോക്കല്‍ സെക്രട്ടറി സൈനുദ്ദീന്റെ പ്രവര്‍ത്തനം സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. പ്രവര്‍ത്തകരോട് കീഴ്ഘടങ്ങളോടും വിദ്വേഷപരമായാണ് സെക്രട്ടറി കാലങ്ങളായി പെരുമാറികൊണ്ടിരിക്കുന്നത്.
ഇത് ചോദ്യം ചെയ്യുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുകച്ച് ചാടിക്കാനാണ് സെക്രട്ടറിയും ചിലരും ചേര്‍ന്ന് മാസങ്ങളായി ശ്രമം നടത്തികൊണ്ടിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം പ്രശ്‌നം അതിരൂക്ഷമായതിനെ തുടര്‍ന്ന് മേല്‍കമ്മിറ്റികളേയും ജില്ലാ കമ്മിറ്റികളേയും നിരവധി തവണ അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്നും ജില്ലാ കമ്മിറ്റിയോ മറ്റു കമ്മിറ്റികളോ യാതൊരു നപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സി പി എം വിട്ടത്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വീട് കയറി പ്രവര്‍ത്തിച്ചില്ല എന്ന കാരണം പറഞ്ഞാണ് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായിരുന്ന തനിക്കെതിരേയും അതിനെ ചോദ്യം ചെയ്ത മറ്റൊരു കമ്മിറ്റിയംഗത്തിനെതിരേയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ തെറ്റായ പ്രേരണകൊണ്ട് പാര്‍ട്ടി നടപടിയെടുത്തത്. അസുഖം കാരണം താന്‍ മാസങ്ങള്‍ വിശ്രമത്തിലായിരുന്ന സമയത്താണ് ഉപതിരഞ്ഞെടുപ്പ് വന്നത്. അതുകൊണ്ടാണ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നത്. ഇത് മേല്‍കമ്മിറ്റിയേയും ജില്ലാ നേതാക്കളേയും അറിയിച്ചതാണ്. സെക്രട്ടറിയുടെ തെറ്റിധാരണയില്‍ വിശ്വസിച്ചാണ് ജില്ലാ നേതൃത്വം നടപടിക്ക് മുതിര്‍ന്നത്.
ഇതിനാല്‍ സെക്രട്ടറിക്ക് കീഴില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹമില്ലെന്നും അര്‍ഷാദ് പറഞ്ഞു. വര്‍ത്തമാന കാലസാഹര്യത്തില്‍ ഇടതുപക്ഷ രാഷ്ട്രീയ പസക്തി വര്‍ദ്ധിച്ചുവരുന്ന തുകൂടി കണക്കിലെടുത്താണ് സി പി ഐ തിരുമാനിച്ചതെന്നും അര്‍ഷാദ് പറഞ്ഞു.
സി പി എമ്മില്‍ നിന്ന് പുറത്ത് പോന്ന 13 ബ്രാഞ്ച് കമ്മിറ്റിംഗങ്ങളും പുറത്തുപോന്ന അഞ്ഞൂറോളം വരുന്ന പ്രവര്‍ത്തകരും ഈമാസം 12ന് വെട്ടത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പരിപാടിയില്‍ സി പി ഐ യില്‍ അംഗത്വം ഏറ്റുവാങ്ങുമെന്നും കെ ഹബീബ് റഹ്മാന്‍, അബ്ദുസലാം, കെ വി കുഞ്ഞാപ്പ, ഇല്യാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.