Connect with us

Palakkad

പാലക്കാട് സൂര്യാഘാത ഭീതിയില്‍; കരുതിയിരിക്കണമെന്ന് ആരോഗ്യ വകുപ്പ്

Published

|

Last Updated

പാലക്കാട്: ചൂട് പ്രതിദിനം ക്രമാതീതമായി വര്‍ധിക്കുന്നതോടൊപ്പം പാലക്കാട് ജില്ലയും സൂര്യാഘാത ഭീതിയില്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയില്‍ രേഖപ്പെടുത്തിയ ചൂട് 40 ഡിഗ്രി സെല്‍ഷ്യന്‍സായിരുന്നു. ഇന്നലെ താപനില 40.5 ഡിഗ്രിയിലെത്തി. ജില്ലയില്‍ പലയിടത്തും താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ക്കാണ് പൊള്ളലേറ്റത്. ചൂട് സഹിക്കാനാവാതെ കുഴഞ്ഞ് വീണ സംഭവം റിപ്പോര്‍ട്ട് ചെയ്തപ്പെട്ടിട്ടുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇനിയും ചൂട് വര്‍ദ്ധിക്കാനാണ് സാധ്യത. ജില്ലയിലെ ഏഴു ഡാമുകളിലെയും ജലനിരപ്പ് ആശങ്കാജനകാംവിധം താഴുകയാണ്. മലമ്പുഴ, പോത്തുണ്ടി, മീങ്കര അണക്കെട്ടുകളില്‍നിന്ന് കുടിവെള്ളംമാത്രമേ നല്‍കുന്നുള്ളു. ഏകദേശം ജൂണ്‍ 15വരെ നല്‍കാനുള്ള കുടിവെള്ളമേ ഉണ്ടാവു. വേനല്‍ ഇനിയും കനത്താല്‍ ബാഷ്പീകരണത്തിന്റെ തോത് ഉയരുന്നതോടെ ജലനിരപ്പില്‍ ഗണ്യമായ കുറവുണ്ടാവും. വെള്ളമില്ലാത്തതിനാല്‍ രണ്ടാംവിള നെല്‍കൃഷി ഉണങ്ങി കര്‍ഷകര്‍ ദുരിതത്തിലായതിനുപിന്നാലെയാണ് കുടിവെള്ളക്ഷാമം. ജില്ലയില്‍ കടുത്ത ചൂട് സഹിക്കാനാവാതെ കുഴഞ്ഞുവീണ് നിരവധിപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, സൂര്യാഘാതം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുതലമട ‘ാഗത്ത് ചൂടിന്റെ കാഠിന്യം കാരണം പനകള്‍പോലും ഉണങ്ങുകയാണ്. കാലവര്‍ഷം കുറഞ്ഞതും ആവശ്യത്തിന് വേനല്‍ മഴ ലഭിക്കാത്തതുമാണ് ചൂട് രൂക്ഷമാക്കുന്നത്. 36 ശതമാനമാണ് മഴക്കുറവ്. ഭൂഗര്‍ഭ ജലനിരപ്പ് വന്‍തോതില്‍ കുറയുന്നതും ആശങ്കയുണ്ടാക്കുന്നു. ചിറ്റൂരിന്റെ കിഴക്കന്‍പ്രദേശങ്ങളിലും അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലും ഒരുമാസംമുമ്പുതന്നെ ടാങ്കര്‍ലോറിയിലാണ് വെള്ളം എത്തിക്കുന്നത്. ചൂടിന്റെ മറവില്‍ കുപ്പിവെള്ളകമ്പനിക്കാര്‍ വെള്ളത്തിന് വില കൂട്ടിയിട്ടുണ്ട്. സംഭാരമടക്കമുള്ള പാനീയങ്ങള്‍ക്കും വന്‍ഡിമാന്റാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷതാപം ക്രമാതീതമായി വര്‍ധിച്ചാല്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്കും കാരണമാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. വളരെ ഉയര്‍ന്ന ശരീരതാപം (103 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളില്‍) വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗതയിലുളള നാഡിമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുളള മാറ്റങ്ങള്‍ തുടങ്ങിവയും ഇതേത്തുടര്‍ന്നുളള അബോധാവസ്ഥക്കും കാരണമാക്കും. സൂര്യാഘാതം മാരകമായേക്കാം. ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുകയും ചികിത്സ തേടേണ്ടതുമാണ്.

അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ കൂടുതലായി ശരീരം വിയര്‍ത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതു മൂലമാണ് ചൂടു കൊണ്ടുളള പേശിവലിവ് ഉണ്ടാകുന്നത്. കൈകാലുകളിലും ഉദരപേശികളിലുമാണ് കൂടുതലായി പേശീവലിവ് അനുഭവപ്പെടുന്നത്.
പേശിവലിവ് അനുഭവപ്പെടുകയാണെങ്കില്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് വെയിലേല്‍ക്കാത്ത തണുപ്പുളള സ്ഥലത്തേക്ക് മാറുക. ധാരാളമായി വെളളം കുടിക്കുക, ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിന്‍വെളളം എന്നിവ കൂടുതല്‍ ഫലപ്രദമാണ്.
ഏതാനും മണിക്കൂര്‍ നേരത്തേക്ക് ജോലി തുടരാതിരിക്കുക, ഉടനെ ജോലി തുടര്‍ന്നാല്‍ താപശരീര ശോഷണാവസ്ഥയിലേക്ക് പോയേക്കാം. കുറച്ച് സമയത്തിന് ശേഷവും ആശ്വാസം തോന്നുന്നില്ലെങ്കില്‍ ഡോക്ടറെ കാണിക്കുക.
അധികം വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എല്ലായ്‌പ്പോഴും ഉണങ്ങിയ അവസ്ഥയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക.

Latest