Connect with us

Kerala

സി പി ഐ അംഗങ്ങള്‍ എല്‍ സി ഡി ടി വികള്‍ പൊതുസ്ഥാപനങ്ങള്‍ക്ക് നല്‍കും

Published

|

Last Updated

തിരുവനന്തപുരം: വിഷു സമ്മാനമായി എം എല്‍ എമാര്‍ക്ക് കൃഷി വകുപ്പ് നല്‍കിയ എല്‍ സി ഡി ടെലിവിഷനുകള്‍ പൊതുസ്ഥാപനങ്ങള്‍ക്ക് കൈമാറാന്‍ സി പി ഐ നേതൃയോഗം തീരുമാനിച്ചു. ലഭിച്ച ടി വികള്‍ തിരിച്ചുകൊടുക്കേണ്ടതില്ലെന്നും അവ ക്ലബ്ബുകള്‍, വായനശാലകള്‍, അനാഥാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവക്ക് നല്‍കാനുമാണ് തീരുമാനം. ഇനി മുതല്‍ മന്ത്രിമാരില്‍ നിന്നുള്ള പാരിതോഷികങ്ങള്‍ സി പി ഐ എം എല്‍ എമാര്‍ സ്വീകരിക്കില്ലെന്നും നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത എല്‍ ഡി എഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പന്ന്യന്‍ പറഞ്ഞു. വി എസ, ടി വി തിരിച്ചുനല്‍കിയതുകൊണ്ടല്ല ഇക്കാര്യം ചര്‍ച്ചയായത് എന്നും പന്ന്യന്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ ജനവികാരം പ്രധാനമാണ്. തെറ്റ് തിരുത്തേണ്ടത് ആവശ്യമാണ്. അത് തിരുത്തി. എം എല്‍ എമാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും സഭ നല്‍കുന്നുണ്ട്. ഇതിന് പുറമെയുള്ള പാരിതോഷികങ്ങള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് ശരിയല്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കുടിവെളള വിതരണം ജനങ്ങള്‍ക്ക് പേടിസ്വപ്‌നമായിത്തീര്‍ന്നിരിക്കുകയാണ്. പൈപ്പ് പൊട്ടലിനുപിന്നിലുള്ള കാരണങ്ങള്‍ വെളിച്ചത്തു കൊണ്ടുവരണം. അടിയന്തരമായ പ്രവൃത്തികള്‍ക്ക് ക്വട്ടേഷന്‍ നല്‍കാതെ പണം ചെലവഴിക്കാമെന്നതാണ് പൈപ്പ് പൊട്ടല്‍ ആവര്‍ത്തിക്കുന്നതിന് പിന്നിലെന്ന് സംശയിക്കണം. കുടിവെള്ള വിതരണം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കം അപകടകരമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് കാര്‍ഷിക മേഖലയെ ഒഴിവാക്കിയ നടപടി സംസ്ഥാനത്തെ ദോഷകരമായി ബാധിക്കും. ഇതിനെതിരെ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ഇതിനെല്ലാം പുറമെയാണ് 7,500 ടണ്‍ റേഷന്‍ വെട്ടിക്കുറക്കാനുള്ള തീരുമാനം. ഭരണമെന്ന പേരില്‍ മുഖ്യമന്ത്രിയുടെ വണ്‍മാന്‍ ഷോ ആണ് നടക്കുന്നത്്. വിവിധ ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും 23ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.