Connect with us

Wayanad

സാമ്പത്തിക സെന്‍സസിന് മെയ് ഒന്നു മുതല്‍ ജില്ലയില്‍ തുടക്കം

Published

|

Last Updated

കല്‍പ്പറ്റ: രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സംരംഭങ്ങളുടെ കണക്കെടുക്കുന്നതിനുള്ള ആറാമത് സാമ്പത്തിക സെന്‍സസ് ജില്ലയില്‍ മെയ് ഒന്നുമുതല്‍ തുടങ്ങും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സ്ഥിതിവിവര കണക്ക് സ്വരൂപിക്കുന്നതിനാണ് സാമ്പത്തിക സെന്‍സസ് നടത്തുന്നത്. ഉല്‍പ്പാദനവും വിപണനവും നടത്തുന്ന സംരംഭങ്ങളുടെ വിവരശേഖരണമാണ് സാമ്പത്തിക സെന്‍സസിന്റെ പരിധിയില്‍ വരിക. വ്യക്തികളുടെയും കുടുംബങ്ങളുടെയും വിവരശേഖരണം ഇതിന്റെ ഭാഗമല്ല. സമ്പദ്ഘടനയില്‍ വിവിധ മേഖലകള്‍ക്കുള്ള സ്ഥാനം നിര്‍ണ്ണയിക്കുന്നതിനും തുടര്‍സര്‍വ്വെകള്‍ക്കുള്ള രൂപരേഖ തയ്യാറാക്കുന്നതിനും സാമ്പത്തിക സെന്‍സസ് ഫലം ഉപയോഗിക്കാറുണ്ട്. വയനാട് ജില്ലയിലെ 487 വാര്‍ഡുകളില്‍ പരിശീലനം നേടിയ 200 എന്യൂമറേറ്റര്‍മാരാണ് മെയ് ഒന്നുമുതല്‍ സെന്‍സസ് നടത്തുന്നത്. 1977 മുതല്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ രാജ്യത്ത് സാമ്പത്തിക സെന്‍സസ് നടത്തി വരുന്നു. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള മോണിറ്ററിംഗ് കമ്മറ്റി യോഗം ജില്ലാ കളക്ടറുടെ ചേംമ്പറില്‍ ചേര്‍ന്നു. കലക്ടര്‍ ചെയര്‍മാനും സാമ്പത്തിക സ്ഥിതി വിവരകണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറുമായ കമ്മറ്റിയാണ് ജില്ലാതലത്തില്‍ ഇത് സംബന്ധിച്ച മോണിറ്ററിംഗ് നടത്തുന്നത്.സെന്‍സസിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിന് എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ജില്ലാകലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് അഭ്യര്‍ഥിച്ചു. സാമ്പത്തിക സ്ഥിതിവിവരകണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ദാമോദരന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ മോണിറ്ററിംഗ് കമ്മറ്റി യോഗത്തില്‍ പങ്കെടുത്തു.

Latest