Connect with us

Gulf

നിതാഖാത്ത്: കാന്തപുരം മക്ക ഗവര്‍ണറുമായി ചര്‍ച്ച നടത്തി

Published

|

Last Updated

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനോടൊപ്പം

മക്ക: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിതാഖാത് പ്രശ്‌നത്തില്‍ മക്ക ഗവര്‍ണര്‍ അമീര്‍ ശൈഖ് ഖാലിദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനുമായി ചര്‍ച്ച നടത്തി. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ആശങ്ക കാന്തപുരം അമീറുമായി പങ്ക് വെക്കുകയും നിയമക്കുരുക്കില്‍ അകപ്പെട്ട ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. ഇതുസംബന്ധമായി ഖാലിദ് രാജകുമാരന് കാന്തപുരം മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്.
നിതാഖാത് നിയമത്തിനു വിധേയമായി തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ സുതാര്യമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും നിതാഖാത് പ്രശ്‌നം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അമീര്‍ പറഞ്ഞു. നിതാഖാത് രാജ്യത്തിന്റെ തൊഴില്‍ നിയമവ്യവസ്ഥയുടെ ഭാഗമാണെന്നും സഊദി സര്‍ക്കാറിന്റെ എല്ലാ പിന്തുണയും ഇന്ത്യന്‍ ജനതക്ക് ഉണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചു. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെ കുറിച്ചും കേരളീയരെ സംബന്ധിച്ചും പ്രത്യേകം ചോദിച്ചറിഞ്ഞ ഖാലിദ് രാജകുമാരന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കി.
ജിദ്ദ ഉള്‍പ്പെടുന്ന മക്ക പ്രവിശ്യയുടെ ഗവര്‍ണറാണ് ഖാലിദ് രാജകുമാരന്‍. മുമ്പ് അസീര്‍ പ്രവിശ്യയുടെ ഗവര്‍ണറായിരുന്ന ഇദ്ദേഹം മക്ക പ്രവിശ്യയുടെ ഭരണം ഏറ്റെടുത്ത ശേഷം ഈ മേഖലയില്‍ വന്‍ മാറ്റങ്ങളാണ് വരുത്തിയത്. അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് കാന്തപുരം സഊദി അറേബ്യയിലെത്തിയത്. പ്രവാസികള്‍ പ്രതീക്ഷയോടെയാണ് കാന്തപുരത്തിന്റെ സന്ദര്‍ശനം നോക്കിക്കാണുന്നത്.
ജിദ്ദ കൊട്ടാരത്തില്‍ കാന്തപുരത്തിന് നല്‍കിയ വിരുന്നില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ശൈഖ് മുഹമ്മദ് റഫീഖ് ഗാമന്‍ (ചെയര്‍മാന്‍ ഗാമന്‍ മിഡില്‍ ഈസ്റ്റ്) സംബന്ധിച്ചു.