Connect with us

International

ചൈനയില്‍ കോഴി ഫാമില്‍ വന്‍ തീപ്പിടിത്തം; 119 പേര്‍ മരിച്ചു

Published

|

Last Updated

തീപ്പിടിത്തം ഉണ്ടായ ഫാം

ബീജിംഗ്: ചൈനയിലെ ജിലിന്‍ പ്രവിശ്യയില്‍ കോഴി ഫാമില്‍ വന്‍ തീപ്പിടിത്തം. 119 പേര്‍ മരിച്ചു. 54 പേര്‍ക്ക് പൊള്ളലേറ്റു. പലരുടെയും നില ഗുരുതരമാണെന്നും മരണ സംഖ്യ വര്‍ധിക്കാനിടയുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ പ്രാദേശിക സമയം പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ഫാമിലെ വൈദ്യുതി സംവിധാനങ്ങളിലുണ്ടായ പൊട്ടിത്തെറിയാണ് തീപ്പിടിത്തത്തിലേക്ക് നയിച്ചതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

അഗ്‌നിശമന ഉദ്യോഗസ്ഥര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഉച്ചയോടെയാണ് തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചത്. അപകടത്തില്‍ ഫാമിലെ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് അനുമാനം. ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. അതിനിടെ, ഫാമിലുണ്ടായിരുന്ന അമോണിയ ചോര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകട സ്ഥലത്തേക്ക് അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം വിദഗ്ധ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അയച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു.
അപകട സമയത്ത് ഫാമില്‍ മുന്നൂറോളം തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇവരില്‍ നൂറ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അമോണിയ ചോര്‍ന്നതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ ജനങ്ങളെ താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാനാണിതെന്ന് പ്രാദേശിക സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അപകട സമയം ഫാക്ടറിയുടെ കവാടങ്ങള്‍ പൂട്ടിക്കിടന്നത് തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഇല്ലാതാക്കിയതായി തൊഴിലാളികളുടെ ബന്ധുക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അശാസ്ത്രീയമായാണ് ഫാമിന്റെ നിര്‍മിതിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
തീപ്പിടിത്തത്തെ കുറിച്ച് വിശദമായി അന്വേഷിക്കാനും ഫാക്ടറിയുടെ നിര്‍മാണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഫാമിന്റെ ഉടമസ്ഥരെ ചോദ്യം ചെയ്‌തേക്കും.
വടക്കുപടിഞ്ഞാറന്‍ ബീജിംഗില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള ഫാമില്‍ പ്രതിവര്‍ഷം 67,000 ത്തോളം ടണ്‍ കോഴി ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്. ചൈനയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടുന്ന ഫാമുകളിലൊന്നാണിത്. ഇവിടെ 1,200 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.

Latest