Connect with us

International

ഫലസ്തീനിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കും: റാമി ഹംദല്ല

Published

|

Last Updated

വെസ്റ്റ് ബാങ്ക്: തന്റെ മുന്‍ഗാമികള്‍ ചെയ്തുവച്ച കാര്യങ്ങളുടെ പൂര്‍ണതക്കായി ശ്രമിക്കുമെന്ന് പുതുതായി നിയമതിനായ ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ല. ഫതഹ്- ഹമാസ് ഐക്യത്തിനായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ആശീര്‍വാദത്തോടെ കഴിഞ്ഞ ദിവസമാണ് ഹംദല്ല സ്ഥാനമേറ്റെടുത്തത്. പ്രായോഗികവാദിയായി വിലയിരുത്തപ്പെടുന്ന ഹംദല്ലയുടെ നിയമനത്തെ ഇസ്‌റാഈലി നിരീക്ഷകരും സ്വാഗതം ചെയ്യുന്നുണ്ട്. ബ്രിട്ടനില്‍നിന്നും വിദ്യാഭ്യാസം നേടിയ അദ്ദേഹം ആഗസ്റ്റില്‍ ഐക്യസര്‍ക്കാര്‍ നിലവില്‍വരും വരെ തത്സ്ഥാനത്ത് തുടരുമെന്നു കരുതുന്നതായി ഫലസ്തീന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ സര്‍ക്കാറിന്റെ തുടര്‍ച്ചയായിരിക്കും പുതിയ സര്‍ക്കാറെന്നും ഭൂരിഭാഗം മന്ത്രിമാരും തുടരുമെന്നും പറഞ്ഞ ഹാംദല്ല തന്റെ കാബിനറ്റ്, അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമാകുമെന്നും പറഞ്ഞു. ഹമാസും ഫതഹുമായുണ്ടാക്കിയ കരാര്‍ പ്രകാരം പ്രസിഡന്റ് മഹമൂദ് അബ്ബാസ് ആഗസ്റ്റ് 14ന് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നാണ് കരുതുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അബ്ബാസുമായുണ്ടായ അഭിപ്രായവ്യത്യസത്തെ തുടര്‍ന്നാണ് ഹംദല്ലയുടെ മുന്‍ഗാമി സലാം ഫയ്യാദ് ഏപ്രില്‍ മധ്യത്തില്‍ രാജിവെച്ചത്. തന്നോട് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടതായി ഹംദല്ല വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഫലസ്തീന്‍ നിയമപ്രകാരം പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് മൂന്നാഴ്ചത്തെ സമയമാണുള്ളത്. ആവശ്യമാണെങ്കില്‍ മാത്രം ഇത് രണ്ട് ആഴ്ചത്തേക്കു കൂടി നീട്ടിനല്‍കും. അബ്ബാസിന്റെ അടുത്തയാളായി അറിയപ്പെടുന്ന ഹംദല്ല, അല്‍ നജാഹ് സര്‍വ്വകലാശാല തലവനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സെക്രട്ടറി ജനറലുമായിരുന്നു. മെയ് 14ന് കൈറോയില്‍ നടന്ന ചര്‍ച്ചയിലാണ് ഫതഹും ഹമാസും മൂന്ന് മാസത്തിനുള്ളില്‍ ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ധാരണയായത്.

Latest