Connect with us

Education

എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ: ആദ്യ നൂറില്‍ ഏഴ് പെണ്‍കുട്ടികള്‍ മാത്രം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകളില്‍ 2013ലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കോട്ടയം മുള്ളന്‍കുഴി കോതവാഴിക്കല്‍ ഹൗസിലെ ആല്‍ബിന്‍ ജോസ് ജോര്‍ജ് ഒന്നാം റാങ്ക് കരസ്ഥമാക്കി ആദ്യ പത്ത് റാങ്കുകളില്‍ പെണ്‍കുട്ടികളില്ല. ആദ്യ നൂറ് റാങ്കില്‍ ഏഴ് പെണ്‍കുട്ടികള്‍ മാത്രമാണ് ഇടം നേടിയത്. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. കൊച്ചി മീരാ ഹൗസിലെ ആര്‍ ശ്രീഹരിക്കാണ് രണ്ടാം റാങ്ക്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കുരുവത്ത് ഹൗസിലെ എസ് ശിവപ്രസാദ് മൂന്നാം റാങ്ക് സ്വന്തമാക്കി.
എന്‍ജിനീയറിംഗ് പവേശന പരീക്ഷയുടെ സ്‌കോര്‍ മെയ് അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും പ്രവേശന പരീക്ഷയില്‍ ലഭിച്ച സ്‌കോറും 50:50 അനുപാതത്തില്‍ സ്റ്റാാന്റേഡൈസേഷന്‍ പ്രക്രിയക്ക് വിധേയമാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. ഇതിനായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 22 ബോര്‍ഡുകളില്‍ നിന്ന് ലഭിച്ച മാര്‍ക്ക് ഡാറ്റ സര്‍ക്കാര്‍ നിയോഗിച്ച സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ ഏകീകരിച്ചിരുന്നു.
99,488 വിദ്യാര്‍ഥികളാണ് ഇത്തവണ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയിരുന്നത്. ഇവരില്‍ 74,226 പേര്‍ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയെങ്കിലും സ്റ്റാാന്റേഡൈസേഷന്‍ പ്രക്രിയക്കുശേഷം 58,169 പേരാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 31,239 ആണ്‍കുട്ടികളും 26,930 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
പട്ടികജാതി വിഭാഗത്തില്‍ ഒന്നാം റാങ്ക് കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി വിനോദ് സദനിലെ അശ്വിന്‍ രാജീവന്‍ നേടി. കൊച്ചി തൃക്കാക്കര കരിമക്കാട് അവിനന്ദനത്തിലെ നന്ദു ശിവദാസനാണ് രണ്ടാം റാങ്ക്. പട്ടിക വര്‍ഗ വിഭാഗത്തില്‍ ഒന്നാം റാങ്ക് കോട്ടയം മാങ്ങാനം പടിപ്പുരയ്ക്കല്‍ ഹൗസിലെ എല്‍മ വര്‍ഗീസിനാണ്. വയനാട് മീനങ്ങാടി മുട്ടന്‍കരവയല്‍ മൂത്തിമൂല വീട്ടിലെ എം ആര്‍ രാഹുലിന് ഈ വിഭാഗത്തില്‍ രണ്ടാം റാങ്ക് ലഭിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ 38,691 പേരും സംസ്ഥാനത്തെ പൊതു ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠിച്ചവരാണ്.

Latest