Connect with us

Gulf

രാജ്യത്തെ ജനങ്ങള്‍ സൂപ്പര്‍മൂണ്‍ ദര്‍ശിച്ചു

Published

|

Last Updated

 

അല്‍ ഐന്‍

രാജ്യത്തെ ജനങ്ങള്‍ ഇന്നലെ സൂപ്പര്‍മൂണ്‍ ദര്‍ശിച്ചതായി കലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. സാധാരണ കാണുന്ന പൂര്‍ണചന്ദ്രനെക്കാള്‍ ഏഴ് ശതമാനം വ്യാസം കൂടുതലുള്ളതിനാലാണ് ഇന്നലെ കണ്ടത് സൂപ്പര്‍ മൂണാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.
വര്‍ഷത്തില്‍ ഒരിക്കല്‍ ചന്ദ്രന്‍ ഭൂമിയുമായി ഏറ്റവും അടുത്ത് വരുന്നതിനാലാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം സംഭവിക്കുന്നത്. 2013ല്‍ ദര്‍ശിച്ച ഏറ്റവും ചെറിയ പൂര്‍ണ ചന്ദ്രനെക്കാള്‍ 14 ശതമാനം വ്യാസം ഇതിന് കൂടുതലുണ്ടെന്ന് അല്‍ ഐനിലെ ജ്യോതിശാസ്ത്രജ്ഞനായ ആദില്‍ ഹസ്സന്‍ വ്യക്തമാക്കി. ഭൂമിയെ ചന്ദ്രന്‍ ചുറ്റിക്കൊണ്ടിരിക്കേ ഭൂമിക്കും ചന്ദ്രനും ഇടയില്‍ അകലം കൂടുന്നതാണ് പൂര്‍ണ ചന്ദ്രന്‍ കാഴ്ചയില്‍ ചെറുതാവാന്‍ ഇടയാക്കുന്നത്.
സാധാരണ 3,82,900 കിലോമീറ്റര്‍ അകലെക്കൂടിയാണ് ചന്ദ്രന്‍ ഭൂമിക്കു ചുറ്റും ഭ്രമണം ചെയ്യുക. കൂടുതല്‍ വലിപ്പത്തിനൊപ്പം കണ്ണഞ്ചിപ്പിക്കുന്ന ശോഭയും സൂപ്പര്‍ മൂണ്‍ ദര്‍ശനം അവിസ്മരണീയമാക്കുന്നു. സാധാരണ ക്യാമറയില്‍ പോലും ഫോട്ടോ പിടിക്കാന്‍ പറ്റിയ അവസരമാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം.
കാഴ്ചക്കാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒപ്പം ചന്ദ്രനെക്കുറിച്ച് പഠനം നടത്തുന്നവര്‍ക്കും വലിയ അനുഭവമായിരിക്കയാണ് സൂപ്പര്‍മൂണ്‍ കാഴ്ച.
ഇന്നലെ വൈകുന്നേരം 3.33 ന് ആണ് സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെട്ടത്. സമയം കടന്നുപോകുകയും സന്ധ്യപരക്കുകയും ചെയ്യുന്നതിന് അനുസൃതമായി ചന്ദ്രന്റെ പ്രഭ വര്‍ധിക്കുകയായിരുന്നു. ചന്ദ്രന്റെ കൂടുതല്‍ അടുത്തുള്ള സാന്നിധ്യം കടലില്‍ വന്‍ തിരമാലകള്‍ക്ക് ഇടയാക്കിയിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ തിരമാലകളാണ് കടലില്‍ പ്രത്യക്ഷപ്പെട്ടത്.
ചന്ദ്രന്‍ ഭൂമിയോട് കൂടുതല്‍ അടുക്കുന്നത് ഭൂഗുരുത്വ ബലത്തില്‍ സൃഷ്ടിക്കുന്ന കുറവാണ് തിരമാലകള്‍ കൂടുതല്‍ ഉയരത്തില്‍ എത്തിക്കുന്നതെന്നും ഇത് സാധാരണ എല്ലാ വര്‍ഷവും സംഭവിക്കുന്നതാണെന്നും ഹസ്സന്‍ വിശദീകരിച്ചു.

 

Latest