Connect with us

Kozhikode

പ്രബോധനത്തിന് പുതിയ പദ്ധതികളുമായി ദഅ്‌വാ സംഗമം സമാപിച്ചു

Published

|

Last Updated

കോഴിക്കോട്: ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കര്‍മ പദ്ധതികള്‍ക്ക് രൂപരേഖ തയാറാക്കി സമസ്ത ദഅ്‌വാ സംഗമം സമാപിച്ചു.

കാലഘട്ടത്തിന്റെ ചുമരെഴുത്തുകള്‍ മനസിലാക്കി സമൂഹത്തെ ധാര്‍മികതയില്‍ വഴി നടത്തുന്നതിന് സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംഗമം അന്തിമ രൂപം നല്‍കി. ആധുനിക സംവിധാനങ്ങളും ടെക്‌നിക്കല്‍ ഉപകരണങ്ങളും ദുരുപയോഗം ചെയ്തു വിശ്വാസികളെ വഴിതെറ്റിക്കുന്ന ബിദ്അത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ ശക്തമായ ബോധവത്കരണം നടത്താന്‍ തീരുമാനിച്ചു.
മലീമസമായ സാമൂഹിക ചുറ്റുപാടില്‍ മത ബോധവും സാംസ്‌കാരിക തനിമയും ഗ്രാമങ്ങളിലും നഗരങ്ങളിലും നിലനിറുത്തുന്നതിന് ആവശ്യമായ പദ്ധതി നടപ്പിലാക്കാനും തീവ്രവാദവും ഭീകരവാദവും കുത്തിവെച്ച് യുവതലമുറയെ വഴിതെറ്റിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്താനും സംഗമം രൂപ രേഖ തയാറാക്കി.
തിരഞ്ഞെടുക്കപ്പെട്ട ദഅ്‌വാ പ്രവര്‍ത്തകരുടെ സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എ പി മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ബാവ മുസ്‌ലിയാര്‍ വൈലത്തൂര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സിയാഉല്‍ മുസ്തഫ മാട്ടൂല്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സംബന്ധിച്ചു.