Connect with us

Ongoing News

ഡ്രീം ഫൈനല്‍

Published

|

Last Updated

ഫൊര്‍ടാലെസ: വിസെന്റ് ഡെല്‍ ബൊസ്‌കിന്റെ സ്‌പെയിനിന് ടിക്കി ടാക്കയുമായി അധികകാലം മുന്നോട്ടു പോകാന്‍ സാധിക്കില്ല. സെസാര്‍ പ്രാന്‍ഡെലിയുടെ ഇറ്റലി ലോകകപ്പ് യോഗ്യത നേടിയാല്‍ അവരായിരിക്കും അടുത്ത ലോകകപ്പിലെ സൂപ്പര്‍ നിര. ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിലെ രണ്ടാം സെമിഫൈനല്‍ നല്‍കിയ സൂചനകള്‍ ഇതെല്ലാമായിരുന്നു. 120 മിനുട്ട് നേരം ഗോളില്ലാതെ പിരിഞ്ഞ മത്സരം സ്‌പെയിന്‍ 7-6ന് സഡന്‍ ഡെത്തിലാണ് ജയിച്ചത്. ഇതോടെ, ഫുട്‌ബോള്‍ ലോകം കാത്തിരുന്ന ബ്രസീല്‍-സ്‌പെയിന്‍ ഡ്രീം ഫൈനലിന് കളമൊരുങ്ങി.
ലിയാനാര്‍ഡോ ബൊനൂചിയുടെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നതോടെ ഇറ്റലി മുഖം പൊത്തി. അടുത്ത കിക്ക് വലയുടെ ഇടത് മൂലയില്‍ തറപ്പിച്ച് ജീസസ് നവാസ് സ്‌പെയിനിന്റെ വിജയഗോളടിച്ചതോടെ ബൊനൂചി പാപിയെ പോലെ തളര്‍ന്നിരുന്നു. സഹതാരങ്ങള്‍ ആശ്വസിപ്പിച്ചെങ്കിലും ബൊനൂചി ഫുട്‌ബോളിലെ ക്രൂരമായ യാഥാര്‍ഥ്യത്തോട് താദാത്മ്യപ്പെടാന്‍ പ്രയാസപ്പെട്ടു. ഇറ്റലി കോച്ച് സെസാര്‍ പ്രാന്‍ഡെലി വലിയ സമ്മര്‍ദത്തിലായിരുന്നെങ്കിലും അതൊന്നും പ്രകടമാക്കാതെ നിലകൊണ്ടു. സ്‌പെയിന്‍ കോച്ച് വിസെന്റ് ഡെല്‍ ബോസ്‌ക് ഫുട്‌ബോളിലെ ടെന്‍ഷന്‍ ഏറെക്കാലത്തിന് ശേഷം ശരിക്കുമറിഞ്ഞു. ഷൂട്ടൗട്ട് നീണ്ട് പോയതോടെ സമ്മര്‍ദം ഡെല്‍ ബോസ്‌കിന്റെ കാലുകളെ തളര്‍ത്തി. ബെഞ്ചില്‍ പോയിരുന്നാണ് ഡെല്‍ ബോസ്‌ക് തന്റെ ടീമിന്റെ ജയം കണ്ടത്.
spain120 മിനുട്ട് നേരം പിഴവില്ലാതെ വല കാത്ത ബഫണും കസിയസും ക്യാപ്റ്റന്‍ റോളില്‍ തിളങ്ങി. ഓരോ തവണ പന്ത് ഇവരെ കീഴടക്കിയെങ്കിലും പോസ്റ്റുകള്‍ തടസം നിന്നു. ഇതാണ് മത്സരം സഡന്‍ഡെത്തിലെത്തിച്ചത്. എക്‌സ്ട്രാ ടൈമിലായിരുന്നു ഈ രണ്ട് വുഡ്‌വര്‍ക്കുകള്‍. 93 താം മിനുട്ടില്‍ ഇറ്റലിയുടെ ഇമ്മാനുവല്‍ ജിയാഷെറിനിയുടെ ഷോട്ട് കസിയസിനെ കാഴ്ചക്കാരനാക്കിയെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിച്ചു. 115 താം മിനുട്ടിലാണ് സ്‌പെയിന്‍ സമാനമായി ഇറ്റലിയെ ഞെട്ടിച്ചത്. ഷാവി ഹെര്‍നാണ്ടസിന്റെ ഷോട്ട് വലയില്‍ കയറുമായിരുന്നു. ഗോളി ബഫണിന്റെ കൈകളില്‍ തട്ടി ലക്ഷ്യം പാളിയ പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചു.
ആദ്യ പകുതിയില്‍ ഇറ്റലിയാണ് തകര്‍ത്തു കളിച്ചത്. 3-5-2 ശൈലിയിലേക്കുള്ള മാറ്റമാണ് ഇറ്റലിക്ക് ഗുണം ചെയ്തത്. അഞ്ച് മിഡ്ഫീല്‍ഡര്‍മാരെ അണിനിരത്തിയ പ്രാന്‍ഡെലി സ്‌പെയിനിന്റെ ടിക്കി-ടാക്കക്ക് മറുപടി നല്‍കി. ഷാവിയും ഇനിയെസ്റ്റയും ആദ്യ പകുതിയില്‍ പാസിംഗ് ഗെയിം നടത്താനാകാതെ വിഷമിച്ചു. വിള്ളല്‍ സൃഷ്ടിക്കാനാകാതെ സ്‌പെയിന്‍ വിഷമിച്ചപ്പോള്‍ ഗ്യാലറിയില്‍ നിന്ന് കൂവല്‍ ഏറി വന്നു. ഇറ്റലിയാകട്ടെ, പൊടുന്നനെയുള്ള അറ്റാക്കിംഗില്‍ കൈയ്യടി നേടി.
മുപ്പത്താറാം മിനുട്ടില്‍, ക്രിസ്റ്റ്യന്‍ മാജിയോ തൊട്ടു മുന്നില്‍ നിന്ന് ഹെഡ് ചെയ്തത് കസിയസ് തടഞ്ഞത് ഇറ്റലിക്ക് ഉറച്ച ലീഡാണ് നഷ്ടമാക്കിയത്. ഒന്നിന് പിറകെ ഒന്നായി ഇറ്റലി കസിയസിനെ പരീക്ഷിച്ചു. ടോറസിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയതാണ് സ്‌പെയിനിന് ആദ്യ പകുതിയില്‍ ഓര്‍ക്കാനുള്ള ഏക സംഭവം. പെഡ്രോയുടെയും മറ്റും ഷോട്ടുകള്‍ ലക്ഷ്യപ്രാപ്തിയില്ലാതെ പോകുമ്പോള്‍ പരുക്കേറ്റ സെസ്‌ക് ഫാബ്രിഗസും സോല്‍ഡാഡോയും സൈഡ് ബെഞ്ചിലായിരുന്നു. പെഡ്രോക്ക് പകരം മാറ്റയെയും സില്‍വക്ക് പകരം ജീസസ് നവാസിനെയും ഇറക്കിയ ഡെല്‍ ബോസ്‌ക് അധിക സമയത്ത് ടോറസിന് പകരം ജാവിയര്‍ മാര്‍ട്ടിനെയും കളത്തിലിറക്കി.
എക്‌സ്ട്രാ ടൈമിലെ അവസാന അഞ്ച് മിനുട്ടില്‍ സ്‌പെയിന്‍ ഇറ്റാലിയന്‍ ഗോള്‍ മുഖം തുടരെ റെയ്ഡ് ചെയ്തു. ഇവിടെ ഇറ്റലിയുടെ ഭാഗ്യമാണ് കണ്ടത്.
ഷൂട്ടൗട്ടില്‍ നാടകീയതക്ക് അവസരം നല്‍കാതെ ആദ്യ പന്ത്രണ്ട് ഷോട്ടുകളും പിഴവില്ലാതെ വലയിലെത്തി. ഷൂട്ടൗട്ട് ടോസ് ജയിച്ച സ്‌പെയിന്‍ ക്യാപ്റ്റന്‍ കസിയസ് ഇഷ്ട പോസ്റ്റ് തിരഞ്ഞെടുത്തു. ലോകഫുട്‌ബോളിലെ അതികായരായ രണ്ട് ഗോളിമാര്‍ – ബഫണും കസിയസും- കെട്ടിപ്പുണര്‍ന്ന് വിജയാശംസകള്‍ നേര്‍ന്നു കൊണ്ട് ഷൂട്ടൗട്ടിന് തയ്യാറെടുത്തു.
ആദ്യ കിക്ക് ഇറ്റലിയുടെ അന്റോണിയോ കാന്‍ഡ്രെവ. ഗോളിയുടെ നേരെ പനേങ്ക കിക്ക്. കസിയസ് ഇടത്തോട്ട് ചാടി വീണു കിടക്കുമ്പോള്‍ നേരെ ചിപ് ചെയ്ത പന്ത് വലയിലെത്തി (1-0). ഷാവിയിലൂടെ സ്‌പെയിന്‍ (1-1) സമനില പിടിച്ചു. ആല്‍ബര്‍ട്ടോ അക്വുലാനിക്ക് പിഴച്ചില്ല (2-1). ഇനിയെസ്റ്റയുടെ ഊഴം. വലത് മൂലയിലേക്ക് ഗ്രൗണ്ട് ഷോട്ട് (2-2).
ഡാനിയല്‍ ഡിറോസിയിലൂടെ ഇറ്റലി (3-2) മുന്നില്‍. ജെറാര്‍ഡ് പീക്വെ കിക്കെടുക്കാനെത്തിയപ്പോള്‍ ഗ്യാലറിയിലേക്ക് ക്യാമറ തിരിഞ്ഞു. ജീവിത പങ്കാളിയായ ലോകപ്രശസ്ത പോപ് ഗായിക ഷാക്കിറ ടെന്‍ഷനടിച്ചിരിക്കുന്നു. ഗ്യാലറി ഷാക്കിറയെ കണ്ടപ്പോള്‍ ആര്‍ത്തുവിളിച്ചു. പീക്വെക്ക് ഉന്നം പിഴച്ചില്ല (3-3). സെബാസ്റ്റ്യന്‍ ജിയോവിന്‍കോ പതറിയിച്ചയില്ലാതെ വല കുലുക്കി (4-3). സെര്‍ജിയോ റാമോസിന്റെ ബുള്ളറ്റ് ഷോട്ട് (4-4). ആന്ദ്രെ പിര്‍ലോ ഇടത് മൂലയിലേക്ക് ഉരുട്ടിയടിച്ചു (5-4). ജുവാന്‍ മാറ്റ അനായാസം (5-5). റിക്കാര്‍ഡോ മോണ്ടലിവോ (6-5). സെര്‍ജിയോ ബുസ്‌ക്വുറ്റ്‌സ് (6-6). ലിയോനാര്‍ഡോ ബൊനൂചിക്ക് പിഴച്ചു (6-6). ജീസസ് നവാസ് അടിച്ചു കയറ്റി. ബഫണിന് അവസരമില്ലായിരുന്നു. സ്‌പെയിന്‍ 7-6ന് ജയം പിടിച്ചു.
ഇനി മാറക്കാനയില്‍ കാണാം. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 12.30ന് നെയ്മറിനെയും സംഘത്തെയും നേരിടാന്‍ സ്‌പെയിന്‍ ഇറങ്ങും.
ടിക്കി ടാക്ക നീക്കങ്ങളുടെ മുനയൊടിക്കാന്‍ സ്‌കൊളാരിക്കൊപ്പം തന്ത്രമൊരുക്കുന്നത് കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേരയാണ്. 1994 ലോകകപ്പില്‍ റൊമാരിയോയും ബെബെറ്റോയും അണി നിരന്ന ബ്രസീലിന്റെ ലോകചാമ്പ്യന്‍മാരെ സൃഷ്ടിച്ച പെരേര. സ്‌കൊളാരിയുടെ പട്ടാളച്ചിട്ടയുമാകുന്നതോടെ സ്‌പെയിനിന്റെ അപരാജിത കുതിപ്പ് തടയാന്‍ ബ്രസീലിന് സാധിച്ചേക്കാം.
ബ്രസീല്‍-സ്‌പെയിന്‍ ഫൈനല്‍ ഞായറാഴ്ച രാത്രി 12.30ന് ; ഉറുഗ്വെ-ഇറ്റലി മൂന്നാം സ്ഥാന പ്ലേ ഓഫ് ഞായറാഴ്ച 9.30ന്
ബ്രസീലിന് കിരീട സാധ്യത: സ്‌പെയിന്‍ കോച്ച്
delboscകോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ബ്രസീലിനെ നേരിടാനൊരുങ്ങുന്ന സ്‌പെയിന്‍ കോച്ച് ഡെല്‍ ബോസ്‌കിന് നേരിയ ആത്മവിശ്വാസക്കുറവ്. അഞ്ച് ലോകകപ്പും മൂന്ന് കോണ്‍ഫെഡറേഷന്‍സ് കപ്പും നേടിയ ബ്രസീലിന് തന്നെയാണ് ഏറെ സാധ്യതയെന്ന് ഡെല്‍ ബോസ്‌ക് വിലയിരുത്തുന്നു. മാറക്കാനയില്‍ ഫൈനല്‍ കളിക്കാന്‍ സാധിച്ചതിലുള്ള ആവേശത്തിലാണ് ടീം. മൂന്ന് ദിവസത്തിനകം കളിക്കാരെ ഊര്‍ജസ്വലരാക്കിയെടുക്കേണ്ടതുണ്ടെന്നും ഡെല്‍ ബോസ്‌ക് പറഞ്ഞു.
സമീപകാലത്തൊന്നും 120 മിനുട്ട് സ്‌പെയിനിന് കളിക്കേണ്ടി വന്നിട്ടില്ല. സെമിയില്‍ ഇറ്റലി കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഏത് ടീമാണ് ആധിപത്യം പുലര്‍ത്തിയതെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. പൊസഷനെല്ലാം തുല്യമായിരിക്കാം. ഇറ്റലി കരുത്തുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിന്റെ നിയന്ത്രണം അവരിലായിരുന്നു – സ്‌പെയിന്‍ കോച്ച് പറഞ്ഞു.
യൂറോ കപ്പ് ഫൈനലില്‍ അനായാസം തോല്‍പ്പിച്ച ഇറ്റലിയെ ആയിരുന്നില്ല സ്‌പെയിന്‍ കഴിഞ്ഞ രാത്രിയില്‍ കണ്ടത്. ആ നിലക്ക് ലൂയിസ് ഫിലിപ് സ്‌കൊളാരിയുടെ ബ്രസീലിനെ ഏതു വിധം നേരിടണമെന്നത് സ്‌പെയിനിനെ ചിന്തിപ്പിക്കുന്നു. ഏതാനും താരങ്ങളെ മാര്‍ക്ക് ചെയ്താല്‍ തളരുന്ന ടീമല്ല ബ്രസീല്‍. ടീം സ്പിരിറ്റോടെയാണ് സ്‌കൊളാരിയുടെ സംഘം കളിക്കുന്നത്. ഡാനി ആല്‍വസും മാര്‍സലോയും മഹാതാരങ്ങളാണ്. അവര്‍ക്ക് മത്സരഗതി നിയന്ത്രിക്കാനാകും. നെയ്മര്‍ തകര്‍പ്പന്‍ താരമാണ്. അതുപോലെ മിഡ്ഫീല്‍ഡിലും ബ്രസീലിന് മുകവുറ്റവരുണ്ട്. അതുകൊണ്ട് ഏതെങ്കിലുമൊരു ബ്രസീല്‍ താരത്തെ കേന്ദ്രീകരിച്ച് സ്‌പെയിനിന് ഫൈനലിന് ഒരുങ്ങാന്‍ സാധിക്കില്ല- ഡെല്‍ ബോസ്‌ക് നിരീക്ഷിക്കുന്നു.