Connect with us

International

റമസാനില്‍ ബ്രിട്ടീഷ് ടി വി ചാനലില്‍ ബാങ്ക് വിളിക്കും

Published

|

Last Updated

ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലായ ചാനല്‍ 4 റമസാന്‍ മാസത്തില്‍ ദിവസവും ബാങ്ക് വിളി പ്രക്ഷേപണം ചെയ്യും. സുബ്ഹി ബാങ്കാണ് തത്സമയം പ്രക്ഷേപണം ചെയ്യുകയെന്ന് ചാനല്‍ 4 വക്താവ് റാള്‍ഫ് ലി അറിയിച്ചു. ബ്രിട്ടനിലെ 28 ലക്ഷത്തോളം വരുന്ന മുസ്ലിംകള്‍ക്ക് വേണ്ടിയാണ് ബാങ്ക് വിളി പ്രക്ഷേണപം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ റമസാനിലെ ആദ്യ ദിവസം മറ്റു പ്രോഗ്രാമുകള്‍ തടസ്സപ്പെടുത്തിക്കൊണ്ടു തന്നെ മുഴുവന്‍ നിസ്‌കാര സമയങ്ങളിലും 20 സെക്കന്റ് ബാങ്ക് വിളി സംപ്രേഷണം ചെയ്യും.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബ്രിട്ടീഷ് ചാനല്‍ ബാങ്ക് വിളി തത്സമയം പ്രക്ഷേപണം ചെയ്യുന്നത്. ബ്രിട്ടനിലെ പല പ്രമുഖ ചാനലുകളും മുസ്ലിം അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കാറില്ല എന്നിരിക്കെയാണ് ചാനല്‍ 4ന്റെ തീരുമാനം. തീരുമാനത്തെ മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ ഉള്‍പ്പെടെ മുസ്ലിം സംഘടനകള്‍ സ്വാഗതം ചെയ്തു. തീരുമാനത്തിനെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശവുമുയര്‍ന്നിട്ടുണ്ട്.

ജൂലൈ ഒന്‍പതിനാണ് ബ്രിട്ടനില്‍ റമസാന്‍ വ്രതാരംഭം. പ്രാദേശിക സമയം രാവിലെ മൂന്ന് മണിയോടെയാണ് സുബ്ഹി ബാങ്ക് വിളി പ്രക്ഷേപണം ചെയ്യുക.