Connect with us

Gulf

ഷാര്‍ജ പോലീസ് സ്മാര്‍ട്ട് ഫോണ്‍ വെബ് അപ്ലിക്കേഷന്‍ ആരംഭിച്ചു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ പോലീസ് സ്മാര്‍ട്ട് ഫോണ്‍ വെബ് അപ്ലിക്കേഷന്‍ ആരംഭിച്ചു. ഷാര്‍ജ പോലീസിന്റെ ഔദ്യോഗിക സൈറ്റായ www.shj police.gov.ae യുമായി ബന്ധിപ്പിച്ചാണ് ഐ ഫോണ്‍, ആന്‍ഡ്രോയിഡ്, വിന്റോസ് മൊബൈല്‍ സ്മാര്‍ട്ട് ഫോണ്‍സ് എന്നിവയില്‍ നിന്നും പോലീസുമായി പൊതുജനങ്ങള്‍ക്ക് സംവദിക്കാന്‍ സാധിക്കുന്ന രീതിയില്‍ സ്മാര്‍ട്ട് ഫോണ്‍ വെബ് അപ്ലിക്കേഷന്‍ ആരംഭിച്ചിരിക്കുന്നതെന്ന് ഷാര്‍ജ പോലീസിന്റെ ജനറല്‍ കമാന്റര്‍ മേജര്‍ ജനറല്‍ ഹുമൈദ് മുഹമ്മദ് അല്‍ ഹുദൈദി വ്യക്തമാക്കി.
ഷാര്‍ജ പോലീസുമായി ബന്ധപ്പെട്ട വാര്‍ത്തകളും പോലീസില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എമിറേറ്റില്‍ നടക്കുന്ന ഗുരുതരമായ അപകടങ്ങളെക്കുറിച്ചും പോലീസ് നടത്തുന്ന മുഖ്യ ഓപ്പറേഷനുകളെക്കുറിച്ചുമെല്ലാം വിശദമായി സൈറ്റ് സന്ദര്‍ശിച്ചാല്‍ അറിയാന്‍ കഴിയും. സംവിധാനം സാധ്യമാക്കിയതോടെ പോലീസുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പെട്ടെന്ന് അറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക പോലീസിംഗ് സാധ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം ഒരു സംവിധാനം നടപ്പാക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. പുതിയ സംവിധാനം പ്രാവര്‍ത്തികമായതോടെ എമിറേറ്റില്‍ നടക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ പോലീസുമായി ബന്ധപ്പെടാന്‍ കഴിയും. ഇത് അക്രമങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കുറയാനും ഫലപ്രദമായി നേരിടാനും പോലീസിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു വിഭാഗങ്ങളായി തിരിച്ചുള്ള വാര്‍ത്തകളാണ് പോലീസുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് ഫോണ്‍ വെബ് അപ്ലിക്കേഷനില്‍ പുതുക്കികൊണ്ടിരിക്കുക.
ഇംഗ്ലീഷിലും അറബിയിലും വെബ് പേജ് കാണാന്‍ കഴിയും. നിലവില്‍ പോലീസ് ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യൂ ട്യൂബ്, ഇന്‍സ്റ്റ്ഗ്രാം തുടങ്ങിയവയുടെ സേവനം പൊതുജനങ്ങളുമായി സംവദിക്കാന്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. സമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് പുതിയ സംവിധാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വെബ് സൈറ്റ് ആരംഭിച്ചത് മുതല്‍ 1,29,87,753 പേര്‍ സൈറ്റ് സന്ദര്‍ശിച്ചു. ഷാര്‍ജ പോലീസിന്റെ ഔദ്യോഗിക സൈറ്റിലൂടെയാണ് ഇതിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

 

Latest