Editors Pick
മരണം മണക്കുന്ന ബ്രിട്ടീഷ് ജയിലറയില്‍ നിന്നൊരു കത്ത്
മലപ്പുറം: 1921ലെ മലബാര്‍ കലാപത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ അയവിറക്കി സേലം ജയിലില്‍ നിന്ന് കണ്ണീരില്‍ കുതിര്‍ന്നൊരു കത്ത്. 1925 മെയ് 22ന് അരീക്കന്‍ മൊയ്തീന്‍ സേലം ജയിലില്‍ നിന്ന് മലപ്പുറം ജില്ലയിലെ ഏ ആര്‍ നഗര്‍ പഞ്ചായത്തിലെ എടത്തോള ഭവനിലേക്ക് അയച്ച കത്ത് സ്വാതന്ത്ര്യ സമരകാലത്തെ ജയിലുകളുടെയും തൂക്കുമരത്തിന്റെയും ചോര ചിന്തുന്ന ചരിത്രങ്ങളുടെ കഥപറയുന്നതാണ്. നാട്ടിലെ കാരണവരും പൗരപ്രധാനിയുമായിരുന്ന എടത്തോള കുഞ്ഞാലി സാഹിബിനാണ് മൊയ്തീന്‍ കത്തയച്ചിരിക്കുന്നത്. ബ്രിട്ടീഷ് ജയിലുകളെയും അവിടെയുണ്ടായിരുന്ന തടവുകാരെക്കുറിച്ചും ഉള്ള വിവരങ്ങള്‍ നല്‍കുന്ന കത്ത് പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാലഘട്ടത്തിന്റെ ചരിത്രരേഖ കൂടിയാണ്. “”ഉദകത്തോട് കൂടി, എനിക്ക് ഇരുവീട്ടിലും വേണ്ടപ്പെട്ട എന്റെ കുഞ്ഞാലിക്കാക്ക അവര്‍കള്‍ക്ക് സാതുവായ (സാധുവായ) അരീക്കന്‍ മൊയ്തീന്‍ കൈയും കാലും പിടിച്ച് മുത്തി മണത്തു ഏറ്റവും സലാം . . . എന്നിങ്ങനെയാണ് കത്ത് തുടങ്ങുന്നത്.
ജന്മി- കുടിയാന്‍ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്തെ ആചാര മര്യാദകളുടെ പ്രതിഫലനമാണ് കത്തിലെ സംബോധന. കൈയും കാലും പിടിച്ചു മുത്തി മണത്തു എന്ന പ്രയോഗം ഇന്ന് നിലവിലില്ലാത്തതാണ്. രണ്ട് തട്ടിലായി നിലനിന്നിരുന്ന ബന്ധങ്ങളുടെ ഊഷ്മളതയാണ് സംബോധനരീതി വ്യക്തമാക്കുന്നത്. നേരത്തെ അയച്ച കത്ത് കിട്ടി വായിച്ച വിവരമാണ് സംബോധനക്ക് ശേഷം കത്തില്‍ എഴുതിയിരിക്കുന്നത്. ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ച് പത്താം മാസം എട്ടാം തീയതി വ്യാഴാഴ്ച നിങ്ങള്‍ എഴുതി അയച്ച കത്ത് പന്ത്രണ്ടാം തീയതി തിങ്കളാഴ്ച ഇവിടെ കിട്ടി വായിച്ചു. ഞാനും ബാക്കിയുള്ള 22 ആളും കൂടിയാണ് വായിച്ചത്. അന്ന് തടവുകാരെ പാര്‍പ്പിച്ച 13 ജയിലുകളുടെ പേര് വിവരങ്ങളും കത്തിലെ വരികളില്‍ വിശദീകരിച്ചിട്ടുണ്ട്. ആന്തമാന്‍, മദിരാശി , ബെല്ലാരി, സെന്‍ട്രല്‍ ജയില്‍, രാജമന്ത്രി, കോറപ്പറ്റ, ചേലം (സേലം), തൃശ്ശിനാപ്പള്ളി, കടലൂര്‍, തഞ്ചാവൂര്‍ , കോയമ്പത്തൂര്‍ , വേലൂര്‍, കണ്ണന്നൂര്‍ എന്നീ ജയിലുകളുടെ പേരുകളാണ് പരാമര്‍ശിച്ചിട്ടുള്ളത്. പാളയംകോട് സിങ്കല്‍പേട്ട ജയിലുകളില്‍ കുട്ടികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
താന്‍ ജയിലില്‍ എത്തിയതിന് ശേഷം മുസ്‌ലിംകളെ തൂക്കാന്‍ വിധിച്ച കൂട്ടത്തില്‍ നിന്ന് 20 ആളുകളെ തൂക്കിക്കൊന്നു. തൂക്കിലേറ്റുന്ന ദിവസം രാവിലെ അഞ്ച് മണിക്ക് ചേലത്തുള്ള മുസ്‌ലിംകള്‍ വണ്ടികളെയും കുതിരകളെയും ചമയിച്ചതുമായി വന്നു. ആ ചമയിച്ച കുതിരവണ്ടികളില്‍ തടവുകാരുടെ ജഡങ്ങള്‍ കൊണ്ടുപോകാറുണ്ടെന്ന് കത്തിലെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉമ്മയുടെ വിവരം പ്രത്യേകം അന്വേഷിക്കുന്ന കത്തില്‍ കലക്ടര്‍ക്ക് പ്രത്യേകം ഹരജി കൊടുത്ത് ചിലര്‍ ജയില്‍മോചിതരായിട്ടുണ്ടെന്ന വിവരവും അതിനായി ഉമ്മയെ കൊണ്ടും ഭാര്യയെ കൊണ്ടും ഹരജി കൊടുപ്പിക്കാന്‍ വേണ്ടത് ചെയ്യണമെന്നുള്ള ആവശ്യവുമുണ്ട്. മമ്പുറത്തെ മുക്രി മൊയ്തീന്‍കുട്ടി നിങ്ങളോട് സലാം പറഞ്ഞിരിക്കുന്നു എന്ന വരിയോടെയാണ് കത്ത് അവസാനിക്കുന്നത്.
മരണം മണക്കുന്ന ജയിലറയില്‍ നിന്ന് കണ്ണീരും വേദനയും കലര്‍ത്തിയെഴുതിയ അധികമാരും അറിയാത്ത ഈ കത്തിനെ കുറിച്ചുള്ള വിവരങ്ങളുള്ളത് അബ്ദുര്‍റഹ്മാന്‍ നഗര്‍ ക്രോണിക്കിള്‍ എന്ന പേരില്‍ ഏ ആര്‍ നഗര്‍ പഞ്ചായത്തിന്റെ ചരിത്രം വിവരിക്കുന്ന പുസ്തകത്തിലാണ്. സ്വതന്ത്ര്യ സമര സേനാനിയായിരുന്ന അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ഓര്‍മകള്‍ ഉറങ്ങുന്ന ഈ പ്രദേശം ഒരു വ്യക്തിയുടെ പേരില്‍ അറിയപ്പെടുന്ന രാജ്യത്തെ തന്നെ ഏക പഞ്ചായത്താണ്. കടക്കെണിയില്‍ പെട്ട് ലോഞ്ച് വഴി സഊദി അറേബ്യയിലെത്തി അവിടത്തെ പൗരപ്രധാനികളായി മാറിയ അരീക്കന്‍ മലബാരി കുടുംബത്തിന്റെ ചരിത്രവും നാടു കടത്തപ്പെട്ട മമ്പുറം തങ്ങളുടെ മകന്‍ ഫസല്‍ തങ്ങള്‍ കേരളത്തിലേക്ക് അയച്ച കത്തിനെ കുറിച്ചുമെല്ലാം സവിസ്തരം പ്രതിപാദിക്കുന്നതാണ് പുസ്തകം. ഇതിന്റെ പ്രകാശനം 28ന് കക്കാടംപുറം ജി യു പി സ്‌കൂളില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. വൈറ്റ് സ്‌പേസ് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.