Connect with us

Ongoing News

2015 ക്രിക്കറ്റ് ലോകകപ്പ് മല്‍സരക്രമം പ്രഖ്യാപിച്ചു; ഫൈനല്‍ മെല്‍ബണില്‍

Published

|

Last Updated

മെല്‍ബണ്‍: 2015 ക്രിക്കറ്റ് ലോക കപ്പിന്റെ മല്‍സരക്രമം ഐ സി സി പ്രഖ്യാപിച്ചു. ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ്, സിംബാവെ തുടങ്ങയവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. 14 ടീമുകളാവും ലോകകപ്പിന് മാറ്റുരയ്ക്കുക. ഏഴ് ടീമുകളായി രണ്ടു ഗ്രൂപ്പുകളില്‍ ടീമുകളെ തിരിക്കും. രണ്ടു ഗ്രൂപ്പുകളിലെയും ആദ്യ നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കും.

മെല്‍ബണ്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക. മാര്‍ച്ച് 29-നാണ് കലാശപോരാട്ടം. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെല്‍ബണ്‍ ലോകകപ്പ് ഫൈനലിന് വേദിയാകുന്നത്. 1992-ല്‍ പാക്കിസ്ഥാന്‍-ഇംഗ്ലണ്ട് ഫൈനലിനാണ് ഒടുവില്‍ മെല്‍ബണ്‍ സാക്ഷ്യം വഹിച്ചത്. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലെത്തിയ പാക്കിസ്ഥാനാണ് അന്ന് കിരീടം ചൂടിയത്.

സിഡ്‌നിയിലും ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലുമാവും സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ഓസ്‌ട്രേലിയയിലെ സിഡ്‌നി, അഡ്‌ലെയ്ഡ് ഓവല്‍, മെല്‍ബണ്‍ എന്നീ ഗ്രൗണ്ടുകള്‍ക്ക് പുറമേ ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണിലും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഉദ്ഘാടന മത്സരം ഉള്‍പ്പടെ മൂന്ന് മത്സരങ്ങള്‍ നടക്കാനാണ് സാധ്യത. ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29 വരെയാണ്.