Connect with us

Gulf

ക്യാന്‍സര്‍ രോഗി യാചിക്കുന്നു: 'ദയവായി എന്നെ നാട്ടിലെത്തിക്കൂ'

Published

|

Last Updated

ദുബൈ: ക്യാന്‍സര്‍ ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് കിടക്കുകയാണ് തമിഴ്‌നാട് സ്വദേശിയായ അബ്ദുല്‍ സത്താര്‍ മുഹമ്മദ് ബറക്. ക്യാന്‍സര്‍ ബാധിച്ച കുടല്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളിലൂടെ ഏറെക്കുറെ പൂര്‍ണ്ണമായും എടുത്തു മാറ്റിയ തനിക്ക് ഇനി അധികനാളുകളില്ലെന്ന് ഈ വൃദ്ധന്‍ തിരിച്ചറിയുന്നു.

ഏത് നിമിഷവും മരണം വന്നേക്കാമെന്ന തിരിച്ചറിവാണ് നാട്ടിലെത്തിക്കാന്‍ ഈ മനുഷ്യന്‍ കാണുന്നവരോടെല്ലാം യാചിക്കാന്‍ ഇടയാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡിന്റെ ചതിക്കുഴിയില്‍ അകപ്പെട്ടതാണ് യാത്രക്കു തടസം. ദ്രവ രൂപത്തിലുള്ള ഭക്ഷണങ്ങള്‍ മാത്രമേ ഇദ്ദേഹത്തിന് കഴിക്കാനാവൂ. 3,000 കലോറി ഭക്ഷണമാണ് ജീവന്‍ നിലനിര്‍ത്താന്‍ തഞ്ചാവൂര്‍ സ്വദേശിയായ ഈ 56 കാരന് വേണ്ടത്.
നഗരത്തിലെ ഒരു ലാബില്‍ വയര്‍വേദനയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കുടല്‍ ക്യാന്‍സര്‍ പിടിപെട്ടതായി കണ്ടെത്തിയത്. ശേഷിച്ച ദിനങ്ങള്‍ ഭാര്യക്കും പെണ്‍മക്കള്‍ക്കും വൃദ്ധയായ മാതാവിനുമൊപ്പം ജന്മനാട്ടില്‍ കഴിക്കാനാണ് സത്താര്‍ ആഗ്രഹിക്കുന്നത്.
മൂന്നു മാസം മുതല്‍ ആറു മാസം വരെ മാത്രമേ ജീവിച്ചിരിക്കൂവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ പ്രാര്‍ഥനയുമായി ഈ ഹതഭാഗ്യന്‍ കഴിയുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. എനിക്ക് എന്റെ ഉറ്റവരെ കാണണം. കണ്ണീരോടെ അദ്ദേഹം വ്യക്തമാക്കുന്നു. എന്റെ അവസാനത്തെ ആഗ്രഹം അവര്‍ക്കരുകില്‍ എത്തി കണ്ണടക്കാനാണ്. കച്ചവടക്കാരനായി തുടങ്ങി ജോലിക്കാരനായി മാറിയ സത്താര്‍ ഹൃദയം തുറക്കുന്നു.
32 രണ്ട് വര്‍ഷം ഈ മരുഭൂമിയില്‍ ജോലി നോക്കിയെങ്കിലും കാര്യമായ നീക്കിയിരിപ്പൊന്നുമില്ല. രോഗം വന്നതോടെ 84 കിലോഗ്രാം ഉണ്ടായിരുന്ന ശരീര ഭാരം 44 ആയി കുറഞ്ഞു. ഓരോ ദിവസം കഴിയും തോറും തൂക്കം കുറഞ്ഞു വരികയാണ്. ഞാന്‍ കുറേശ്ശേയായി മരിച്ചുകൊണ്ടിരിക്കുന്നു. മരണം അടുത്തെത്തിയതായി ഡോക്ടര്‍ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇനി എല്ലാം ദൈവത്തിന്റെ കൈകളിലാണ്.
വയറുവേദനയായിരുന്നു തുടക്കം. ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കായിരുന്നു ആശുപത്രിയില്‍ കിടത്തി ചികിത്സ. ചികിത്സക്കിടയിലും വയറ് വേദന കഠിനമായി തുടര്‍ന്നു. പിന്നീട് നടത്തിയ എന്റോസ്‌കോപ്പിയാണ് ക്യാന്‍സര്‍ ബാധ സ്ഥിരീകരിച്ചത്. അല്‍ ഐനില്‍ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിക്ക് വിധേയമായി. എന്റെ കുടല്‍ രണ്ട് ശസ്ത്രക്രിയയിലൂടെ ഏറെക്കുറെ പൂര്‍ണ്ണമായും എടുത്ത് മാറ്റി. ഇപ്പോള്‍ എനിക്ക് വിശപ്പെന്ന വികാരം നഷ്ടമായിരിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ദ്രവരൂപത്തിലുള്ള ഭക്ഷണത്തിലാണ് ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. സൂപ്പ്, കഞ്ഞിവെള്ളം, പഴച്ചാറുകള്‍, ഇളനീര്‍, ചായ,കാപ്പി, പാല്‍ എന്നിവയാണ് ഭക്ഷണമെന്നും സത്താര്‍ വ്യക്തമാക്കുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് വന്‍ തുക ബാധ്യതയായിരിക്കുകയാണ്. നാലു ബേങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ട് സത്താറിനെതിരേ കോടതിയെ സമീപച്ചിട്ടുണ്ട്. ഗള്‍ഫില്‍ ജീവിച്ചതിന്റെ മിച്ചമായി നാട്ടില്‍ പണിത വീടുള്‍പ്പെടെയുള്ളവ ചികിത്സക്കിടെ നഷ്ടമായി. കുടുംബം ഇപ്പോള്‍ വാടക വീട്ടിലാണ് കഴിയുന്നതെന്നും അല്‍ ഖൈല്‍ ഗേറ്റില്‍ അഞ്ചു പേര്‍ക്കൊപ്പം മുറി പങ്കിട്ട് കഴിയുന്ന സത്താര്‍ വ്യക്തമാക്കി. കുടുംബത്തിന്റെ അവസ്ഥയും സാമ്പത്തിക പരാധീനതകളും രോഗത്തോടൊപ്പം എന്നെ അലട്ടുകയാണ്. ആരെങ്കിലും ഉദാരമതികള്‍ ഈ പുണ്യമാസത്തിന്റെ മഹാത്മ്യം മനസിലാക്കി സഹായിക്കേണമേയെന്ന ഒരൊറ്റ പ്രാര്‍ഥനയിലാണ് ഞാന്‍.
അതിസങ്കീര്‍ണമായ രോഗാവസ്ഥയില്‍ കഴിയുന്ന സത്താറിനെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ വിവിധ വാതിലുകളില്‍ മുട്ടിക്കൊണ്ടിരിക്കുകയാണെന്ന് അബ്ദല്‍സത്താറിനെ സഹായിക്കാനായി മുന്നിട്ടിറങ്ങിയ സാമൂഹിക പ്രവര്‍ത്തകയായ ഉമ റാണി വ്യക്തമാക്കി. നാലു ബേങ്കുകള്‍ ഇദ്ദേഹത്തിന് എതിരായി കേസ് ഫയല്‍ ചെയ്തതാണ് നാട്ടില്‍ പോകാനുള്ള ശ്രമത്തിന് തിരിച്ചടിയാവുന്നത്. 50,000 ദിര്‍ഹമാണ് വായ്പയായി തിരിച്ചടക്കാനുള്ളത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രശ്‌നത്തില്‍ ഇടപെട്ടതായും അവര്‍ പറഞ്ഞു.
ഓരോ മണിക്കൂറും ഇടവിട്ട് 100 മില്ലി ലിറ്റര്‍ വീതം ദ്രവരൂപത്തിലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കണം. എന്റെ റുമില്‍ ഉള്ളവര്‍ ജാഗ്രതയോടെ ഇത് ചെയ്യുന്നതിനാല്‍ മാത്രമാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകരും കഴിയാവുന്ന സഹായങ്ങള്‍ നല്‍കുന്നുണ്ട്. ആരോഗ്യം തീരെ ക്ഷയിച്ചതിനാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. രോഗത്തിന്റെ സങ്കീര്‍ണതയിലും വേദനയുടെ നീറ്റലിലും സത്താര്‍ പറയുന്നു.
കഴിഞ്ഞ മേയ് മാസത്തിന് ശേഷം ഇതുവരെ ഖരരൂപത്തിലുള്ള ഒരു വസ്തുവും വയറ്റിലേക്ക് എത്തിയിട്ടില്ല. 22 വര്‍ഷം ബഹ്‌റൈനില്‍ പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയാണ് 10 വര്‍ഷം മുമ്പ് യു എ ഇയില്‍ എത്തിയത്. ഇന്ത്യയില്‍ എത്തിയാല്‍ തുടര്‍ ചികിത്സക്കായി മധുരൈയിലെ ക്യാന്‍സര്‍ സെന്ററില്‍ പോകാനും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാത്തവര്‍ക്ക് ക്യാന്‍സര്‍ ചികിത്സ നടത്താന്‍ സാധിക്കാത്ത സാഹചര്യമാണെങ്കിലും എനിക്ക് എന്റെ ഭാര്യയെയും മക്കളെയും കണ്ണ് നിറയെ കണ്ട് കണ്ണടച്ചാല്‍ മാത്രം മതിയെന്നും രോഗക്കിടക്കയില്‍ നിന്നു അബ്ദുല്‍സത്താര്‍ വ്യക്തമാക്കുന്നു.