Connect with us

National

അനധികൃത ബീക്കണ്‍ ലൈറ്റ്: നടപടികള്‍ ശക്തമാക്കണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സൈറണുകളുടെയും റെഡ് ബീക്കണ്‍ ലൈറ്റുകളുടെയും അനധികൃത ഉപയോഗത്തെ രൂക്ഷമായി വിര്‍ശിച്ച് സുപ്രീം കോടതി. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇത്തരം വാഹനങ്ങള്‍ക്കെതിരെ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു.
ചുരുക്കം ചില പ്രധാന വ്യക്തികള്‍ മാത്രമേ അവരുടെ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റുകളും സൈറണുകളും വെക്കാവൂ. അതുതന്നെ പൊതുജനത്തിന് ശല്യമാണ്. പൗരന്‍മാരോട് വ്യത്യസ്ത നിലപാട് എന്തിനാണെന്ന് ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വി, വി ഗോപാല ഗൗഡ എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചു. ചുവന്ന ലൈറ്റോടെയും സൈറണ്‍ മുഴക്കിയും അതീവ സുരക്ഷാ അകമ്പടിയോടെ വി ഐ പികള്‍ കടന്നുപോകുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് കോടതി ഇങ്ങനെ ചോദിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
റെഡ് ബീക്കണ്‍ ലൈറ്റുകള്‍ ഔദ്യോഗിക വാഹനങ്ങളില്‍ മാത്രം പരിമിതപ്പെടുത്തി മോട്ടോര്‍ വെഹിക്കിള്‍ നിയമം ഭേദഗതി ചെയ്യാന്‍, കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രം പരാജയപ്പെടുകയാണെങ്കില്‍ ഇതില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് കോടതി അന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഉപരിതല ഗതാഗത മന്ത്രാലയം ഇതിനെ എതിര്‍ക്കുകയും ലൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
നിയമ മന്ത്രാലയവും ഇതേ നിലപാടിലാണ്. എന്നാല്‍, നിലവില്‍ ഇവ ഉപയോഗിക്കുന്നവരുടെ എണ്ണം കുറക്കാനാകില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.