Connect with us

Gulf

യു എ ഇയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി

Published

|

Last Updated

അബൂദബി: യു ഇ ഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പെന്‍ഷനും പുനരധിവാസവും ഉറപ്പാക്കുന്ന പദ്ധതിക്ക് ഇന്ത്യന്‍ നയതന്ത്ര കാര്യാലയം തുടക്കമിട്ടു. ഇന്ത്യക്കാരായ പ്രവാസികള്‍ക്കിടയില്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേയുടെ അടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.

താഴെക്കിടയിലുള്ളവരും ഇടത്തരക്കാരുമായ ഇന്ത്യന്‍ പ്രവാസികളില്‍ 95 ശതമാനവും പ്രവാസജീവിതം അവസാനിപ്പിച്ചതിന് ശേഷം കഷ്ടപ്പെട്ടാണ് ജീവിക്കുന്നതെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരുന്നത്. 10,100 പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 34 ശതമാനം പേരും പണം സൂക്ഷിച്ചുവെക്കുന്നില്ലെന്നാണ് കണ്ടെത്തിയത്. മൂന്നില്‍ രണ്ട് ഭാഗവും പണം സൂക്ഷിക്കുന്നുണ്ടെങ്കിലും ഭാവിയില്‍ വരുമാനം ലഭിക്കുന്ന മാര്‍ഗങ്ങളില്‍ അത് ഉപയോഗിക്കുന്നുമില്ല. ജി സി സി രാജ്യങ്ങളിലെ ജീവിതനിലവാരം വര്‍ധിച്ചതാണ് പണം സൂക്ഷിച്ചുവെക്കാന്‍ പ്രവാസികള്‍ക്ക് സാധിക്കാത്തതിന് കാരണമെന്നും പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് നടത്തിയ സര്‍വേയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സര്‍വേ ഫലങ്ങളാണ് യു എ ഇയിലെ ഇന്ത്യക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്ന പദ്ധിക്ക് തുടക്കമിടാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിനകം തന്നെ 240 തൊഴിലാളികള്‍ അംഗങ്ങളായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം കൂടുതല്‍ പ്രചാരണം നടത്തി കൂടുതല്‍ പേരെ അംഗങ്ങളാക്കുമെന്ന് യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ എം കെ ലോകേഷ് പറഞ്ഞു.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും യു എ ഇയിലെ ഇന്ത്യന്‍ മിഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യന്‍ വര്‍ക്കിംഗ് റിസോഴ്‌സ് സെന്ററാണ് പദ്ധതിക്കാവശ്യമായ സഹായം നല്‍കുന്നത്. ബേങ്ക് ഓഫ് ബറോഡയാണ് ബേങ്കിംഗ് പാര്‍ട്ണര്‍. ചില സാങ്കേതിക തടസ്സങ്ങളാണ് പദ്ധതിയുടെ പ്രഖ്യാപനം വൈകാന്‍ കാരണമാകുന്നത്.