Connect with us

Kerala

ശിക്ഷാ കാലാവധി കഴിഞ്ഞ വിദേശികള്‍ ജയിലുകളില്‍ തന്നെ കഴിയുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങുന്ന വിദേശികള്‍ക്ക് മടക്ക യാത്രക്കുള്ള രേഖകള്‍ ശരിയാക്കാന്‍ കാലതാമസം നേരിടുന്നു. ജയിലുകളില്‍ ഇവരെ പാര്‍പ്പിക്കുന്നതിന് സംവിധാനങ്ങളുമില്ല. സംസ്ഥാനത്തെ ജയിലുകളില്‍നിന്ന് ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കിയ ഇരുപതോളം പേരാണ് ഇത്തരത്തില്‍ സ്വദേശത്തേക്ക് തിരിച്ചു പോകാന്‍ കഴിയാതെ ജയിലുകളില്‍തന്നെ കഴിയുന്നത്. ഇവരുടെ രാജ്യങ്ങളിലെ എംബസികളില്‍നിന്ന് യാത്രക്ക് ആവശ്യമായ രേഖകള്‍ ലഭിക്കാത്തതാണ് മടക്ക യാത്രക്ക് തടസ്സമാകുന്നത്. എംബസികളുമായി ജയില്‍വകുപ്പ് ബന്ധപ്പെടുന്നുണ്ടെങ്കിലും ഇവരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികളൊന്നും ഉണ്ടാകുന്നില്ല.
ശിക്ഷ പൂര്‍ത്തിയാക്കിയ വിദേശികളെ മടക്ക യാത്രക്കുള്ള രേഖകള്‍ ശരിയാകുന്നതുവരെ പാര്‍പ്പിക്കാന്‍ മൂന്ന് ലോഡ്ജുകളെങ്കിലും അനുവദിക്കണമെന്നു കാണിച്ച് ജയില്‍ വകുപ്പ് സര്‍ക്കാറിന് നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് മടക്കയാത്രക്കുള്ള സൗകര്യാര്‍ഥം വിമാനത്താവളങ്ങളുടെ സമീപങ്ങളില്‍ ഇവരെ താത്കാലികമായി പാര്‍പ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കണമെന്നാണ് ജയില്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ജയിലുകളോടു ചേര്‍ന്നു തന്നെ ഇവരെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ടാക്കണമെന്നാണ് സര്‍ക്കാര്‍ ജയില്‍ വകുപ്പിനോട് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, നിലവില്‍ എല്ലാ ജയിലുകളിലും സൗകര്യമുള്ളതിന്റെ ഇരട്ടിയോളം പേരെയാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു ഭാഗം ഇവരെ പാര്‍പ്പിക്കാന്‍ കൂടി മാറ്റിവെക്കുക സാധ്യമല്ല.
ആറ്റിങ്ങല്‍ സബ് ജയിലില്‍ പരമാവധി 32 പേരെ തടവിലിടാനുള്ള സൗകര്യമാണുള്ളത്. എന്നാല്‍ ഇപ്പോള്‍ ഇവിടെയുള്ളവരുടെ എണ്ണം 100 ആണ്. നെയ്യാറ്റിന്‍കര സബ് ജയിലില്‍ 51 പേര്‍ക്കുള്ള സൗകര്യമാണുള്ളത്. നിലവില്‍ ഇവിടെ 174 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കാര്യവും വ്യത്യസ്തമല്ല. 727 പേരെ പാര്‍പ്പിക്കാന്‍ സംവിധാനമുള്ള ഇവിടെ 1300 ഓളം പേരാണ് കഴിയുന്നത്. ജില്ലാ ജയിലുകളും സബ് ജയിലുകളും ഉള്‍പ്പെടെയുള്ള മറ്റ് ജയിലുകളുടെ സ്ഥിതിയും സമാനമാണ്. ഓരോ സെല്ലിലും സൗകര്യമുള്ളതിന്റെ ഇരട്ടിയലധികം പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വിവിധ ജയിലുകളിലായി വിദേശ രാജ്യങ്ങളില്‍നിന്നുള്ള 110 പേരാണ് തടവില്‍ കഴിയുന്നത്. ഇവരില്‍ പകുതിയിലധികം പേരും റിമാന്‍ഡ് പ്രതികളാണ്. ശിക്ഷ പൂര്‍ത്തിയാക്കിയ ബംഗ്ലാദേശില്‍ നിന്നുള്ള 14 പേരും രണ്ട് നൈജീരിയക്കാരും രണ്ട് പാകിസ്ഥാനികളും ഇവരില്‍ ഉള്‍പ്പെടും. ഇവരെല്ലാവരും എംബസികളില്‍നിന്ന് യാത്രാ രേഖകള്‍ ലഭിക്കാന്‍ കാത്തുകഴിയുകയാണ്. സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന വിദേശികളില്‍ കൂടുതല്‍ പേരും ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. 65 ബംഗ്ലാദേശികളാണ് ജയിലുകളില്‍ കഴിയുന്നത്. ഇവരില്‍ അഞ്ച് പേര്‍ കുറ്റം തെളിയിക്കപ്പെട്ടുകഴിഞ്ഞവരാണ്. തൃശൂര്‍ ജയിലില്‍നിന്ന് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ രണ്ട് നൈജീരിയക്കാര്‍ സ്വദേശത്തേക്ക് പുറപ്പെടാനുള്ള രേഖ ശരിയാകാത്തതിനാല്‍ ഇവിടെതന്നെ കഴിയുകയാണ്. ഇവര്‍ക്ക് വേണ്ട രേഖകള്‍ എത്രയും വേഗം ശരിയാക്കണമെന്നു കാണിച്ച് നൈജീരിയന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല നടപടികളൊന്നും ഉണ്ടായിട്ടില്ല.
അതേസമയം മറ്റു പല രാജ്യങ്ങളിലെയും എംബസികളുടെ ഭാഗത്ത് നിന്ന് വലിയ സഹകരണം ഉണ്ടാകാറുണ്ട്. ശിക്ഷ കഴിഞ്ഞിറങ്ങുന്ന വിദേശികളെ തിരിച്ചു പോകുന്നതുവരെ പാര്‍പ്പിക്കാന്‍ കണ്ണൂര്‍ ജയിലില്‍ മാത്രമാണ് കുറച്ചെങ്കിലും സൗകര്യമുള്ളത്. ജയിലിനുള്ളില്‍ ഇവര്‍ക്ക് സ്വതന്ത്രമായി ഇറങ്ങി നടക്കാം എന്നതു മാത്രമാണ് ഇവിടെ ഇവര്‍ക്കു ലഭിക്കുന്ന പരിഗണന.