Connect with us

Ongoing News

മുപ്പത്തിയഞ്ചു വര്‍ഷവും ഓണം ഒമാനില്‍

Published

|

Last Updated

മുപ്പത്തിയഞ്ചു വര്‍ഷം തുടര്‍ച്ചായായി ഒമാനില്‍ ഓണമുണ്ട മലയാളി. ഈ ചരിത്രം തിരുത്താന്‍ വേറൊരാള്‍ ഒമാനിലുണ്ടോ എന്നറിയില്ല, ഉണ്ടെങ്കില്‍ തന്നെയും വിരളമായിരിക്കും. മസ്‌കത്തിലെ പ്രമുഖ വ്യവസായിയും മാര്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ് എം ഡി, ബദറുസ്സമ ഹോസ്പിറ്റല്‍ ഡയറക്ടര്‍ നിലകളിലും മസ്‌കത്തിലെ മലയാളി സമൂഹത്തിന് പരിചിതനായി വി ടി വിനോദിന്റെതാണ് മൂന്നര പതിറ്റാണ്ടിന്റെ ഈ ഓണ ചരിതം.
വ്യവസായ സംരംഭകന്‍ എന്നതിനുമപ്പുറം മസ്‌കത്തിലെ സാംസ്‌കാരിക, സാമൂഹിക സംരംഭങ്ങളുടെ സഹകാരിയായും മുന്നില്‍നില്‍ക്കുന്ന വിനോദിന്റെ ഓണം ഓര്‍മകളും വിശേഷങ്ങളും പങ്കുവെക്കുന്നതിനുള്ള സംസാരം തുടങ്ങുന്നതു തന്നെ മൂന്നര പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഗള്‍ഫില്‍ ജീവിതം തേടി വന്നതില്‍ പിന്നെ ഒരിക്കല്‍ പോലും നാട്ടില്‍ ഓണമുണ്ടിട്ടില്ലെന്ന വെളിപ്പെടുത്തലോടെയാണ്. മനപൂര്‍വമല്ല, അങ്ങനെ സംഭവിച്ചു. കൂടെയുണ്ടായിരുന്ന മകന്‍ മാര്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നവീജ് വിനോദും ഓണവും ഒമാനും തമ്മിലുള്ള അച്ഛന്റെതിനു സമാനമായ അനുഭവം പറഞ്ഞു. നവീജിന്റെ ജീവിതത്തിലെ മുഴുവന്‍ ഓണവും മസ്‌കത്തിലാണ്. അഞ്ചു വര്‍ഷം യു കെയിലെ പഠനകാലത്തു പോലും ഓണാഘോഷത്തിന് ഇവിടെയെത്തി. അവധിയെടുത്തു വന്നതല്ല, എങ്ങിനെയൊക്കെയോ എത്തിപ്പെട്ടു.
മസ്‌കത്തില്‍ വന്നതിനു ശേഷം സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കൊപ്പമാണ് വിനോദിന്റെ ഓണാഘോഷം. ആദ്യകാലത്ത് മൂന്നും നാലും ജോലിക്കാരോടൊപ്പമായിരുന്നു ആഘോഷം. ഇപ്പോള്‍ മാര്‍സിലെയും ബദറുസ്സമയിലെതുമുള്‍പെടെ നാലായിരത്തോളം പോരേടൊന്നിച്ചാണ് ഓണം ആഘോഷിക്കുന്നത്. എല്ലാ സ്ഥാപനങ്ങളിലും ഓണാഘോഷം സംഘടിപ്പിക്കും. ജീവനക്കാര്‍ ഒരുമിച്ചിരുന്ന് ഓണസദ്യയുണ്ണും. സ്വന്തം കലാപരിപാടികളും ഓണക്കളികളുമായി മനസ്സു നിറഞ്ഞ ഓണാഘോഷം. പറ്റാവുന്ന ആഘോഷങ്ങളിലെല്ലാം പങ്കെടുക്കുന്നു. പുറത്തുള്ള പരിപാടികള്‍ക്കു പോകാതെ സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കൊപ്പമുള്ള ഓണാഘോഷത്തില്‍ പങ്കു ചേരുന്നതിലാണ് സന്തോഷം.
ഓണത്തിന്റെ മതേതരമായ ആഘോഷക്കാഴ്ചയാണ് ഇവിടങ്ങളില്‍ കാണാനാകുന്നതെന്ന് വിനോദ് പറയുന്നു. ജാതിയും മതവും ദേശവുമൊന്നും ഭേദമില്ലാതെയാണ് ഓണാഘോഷങ്ങള്‍. സ്ഥാപനങ്ങളിലെ വ്യത്യസ്ത രാജ്യക്കാരും ദേശക്കാരും മതക്കാരുമായവര്‍ വ്യത്യസ്ത വേഷങ്ങളിലെത്തി ഓണാഘോഷത്തില്‍ പങ്കു ചേരുന്നു. ജീവനക്കാരും സുഹൃത്തുക്കളും മറ്റുമായി ധാരാളം ഒമാനികളും ഓണാഘോഷത്തില്‍ പങ്കെടുക്കുന്നു. ഓണത്തിനും സദ്യക്കും അന്തര്‍ദേശീയമായ ഒരു മാനംകൂടി നല്‍കപ്പെടുന്നത് ഇത്തരം ഓണാഘോഷങ്ങളിലൂടെയാണ്. നാടും വീടും ദൂരെയാക്കി ജോലി ചെയ്യാനായി എത്തിയ ബാച്ചിലര്‍മാരായ ജീവനര്‍ക്കാര്‍ക്ക് കൂട്ടുകുടുംബത്തിന്റെ ഓണപ്രതീതി സൃഷ്ടിച്ചാണ് ഓണാഘോഷം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പത്തില്‍ കോഴിക്കോട് പേരാമ്പ്രയിലെ സ്വന്തം വീട്ടില്‍ തന്നെയായിരുന്നു ഓണാഘോഷം. തൊടിയിലും പറമ്പിലും പോയി സ്വന്തമായി പൂക്കള്‍ പറിച്ചു വന്ന് പൂക്കളമിട്ടു തുടങ്ങുന്നതില്‍നിന്നാണ് ഓണത്തിന്റെ ഓര്‍മകളും തുടങ്ങുന്നത്. കുട്ടികളിലായിരുന്നു ഓണക്കാലം ആഹ്ലാദം സൃഷ്ടിച്ചിരുന്നത്. സാമ്പത്തിക പ്രയാസം അനുഭവപ്പെട്ടിരുന്ന കാലമായതിനാല്‍ ഓണം വരുന്നത് എല്ലാവരിലും സന്തോഷം ജനിപ്പിക്കുന്നതിന് ഓണസദ്യ ഒരു കാരണമായിരുന്നു. നന്നായി സദ്യയുണ്ണാം എന്ന ധാരണയിലാണ് ഓണത്തിനായി കാത്തിരുന്നിരുന്നത്. നാളുകളുടെ ഒരുക്കത്തോടെയാണ് ഓണസദ്യ തയാറാകുന്നത്. എന്നാല്‍ ഇപ്പോഴത്തെ അതിവേഗകാലത്ത് ഓണസദ്യക്കും അതിവേഗമാണ്. റെഡിമെയ്ഡ് ഭക്ഷണങ്ങളാണിപ്പോള്‍ ഓണസദ്യ. നാട്ടിലെ ഗൃഹാതുരമായ പഴയ ഓണാഘോഷത്തിന്റെ ഓര്‍മകള്‍ ഇന്നും മനസ്സില്‍ ചിത്രങ്ങളായി അവശേഷിക്കുന്നു. ഇപ്പോള്‍ എവിടെയും അതുപോലെയുള്ള ഓണം ഉണ്ടാകുന്നേയില്ലെന്നു കരുതുന്നു. പുതിയ ഓണത്തിന് പുതിയ ഭാവങ്ങളാണ്.
പണ്ടുകാലത്ത് എല്ലാവരും ഓണം വരാന്‍ കാത്തിരിക്കുമായിരുന്നു. ഭക്ഷണം ആസ്വദിച്ച് കഴിക്കാനാകുന്നുവെന്നതു തന്നെയാണ് ഇതില്‍ പ്രധാനം. പുതുവസ്ത്രങ്ങള്‍ ലഭിക്കുന്നതും സന്തോഷമുണ്ട്. പണ്ടത്തെക്കാള്‍ ഇപ്പോള്‍ ഓണാഘോഷത്തിന് ബഹുസ്വരത കൈവന്നിട്ടുണ്ടെന്നു തോന്നുന്നു. ഒരു മതത്തിന്റെ ആഘോഷം എന്നതില്‍നിന്നും എല്ലാവരാലും കൊണ്ടാടപ്പെടുന്ന ആഘോഷമായി ഓണം വളര്‍ന്നിട്ടുണ്ട്. ഇന്നു നാട്ടിലേതിനേക്കാള്‍ സാഘോഷം ഓണം കൊണ്ടാടുന്നത് പ്രവാസി മലയാളികളാണെന്നു തോന്നുന്നു. ഓണത്തിന്റെ മതേതര സ്വഭാവം പൂര്‍ണാര്‍ഥത്തില്‍ പ്രകടമാകുന്നതും പ്രവാസികള്‍ക്കിടയിലാണ്.
മസ്‌കത്തില്‍ ആദ്യ രണ്ട് ഓണങ്ങള്‍ കുടുംബത്തോടൊപ്പമായിരിക്കും. ഓണക്കോടിയും ഓണസദ്യയുമൊരുക്കി പരമ്പരാഗത രീതിയില്‍ തന്നെ ഓണം ആഘോഷിക്കുന്നു. പൂക്കളവും ഒരുക്കും. ഓണത്തോടനുബന്ധിച്ചു വരുന്ന വാരാന്ത്യ അവധിദിനങ്ങളിലായിരിക്കും സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്കു വേണ്ടിയുള്ള ആഘോഷം. സ്ഥാപനങ്ങളിലും പൂക്കളമൊരുക്കുന്നു. മാര്‍സ് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഓണാഘോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് വിപണി സജീവമാക്കുക. കച്ചവടത്തിനൊപ്പം നാട്ടോണത്തിന്റെ നനുത്ത ഓര്‍മകള്‍ പ്രവാസികളുടെ മനസ്സിലേക്കു കൊണ്ടു വരികകൂടി ഇതുകൊണ്ട് ഉദ്ദേശിക്കുന്നുവെന്ന് വിനോദ് പറയുന്നു.
കള്ളവും ചതിയുമൊന്നുമില്ലാതെ സമത്വ സുന്ദര കേരളത്തെ സേവിച്ചിരുന്ന മഹാബലിയെ വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുകയും പാതാളത്തില്‍നിന്നും മാഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്ന കാലമാണ് ഓണം എന്നാണ് ഐതിഹ്യം. വഞ്ചനയും പൊളിവചനവുമില്ലാത്ത നല്ല നാളെകള്‍ പുലരുന്നതിനായി ഈ ഓണനാളുകളിലും നമുക്കു പ്രാര്‍ഥിക്കാം എന്ന് പറഞ്ഞ് തന്റെ ഓണം ഓര്‍മകള്‍ പങ്കു വെച്ച വി ടി വിനോദ് വായനക്കാര്‍ക്ക് ഓണാഘോഷങ്ങള്‍ നേരാന്‍ മറന്നില്ല.

Latest