Connect with us

National

ഉള്ളി വില വര്‍ധന: പവാറിന്റെ പ്രസ്താവനയെന്ന് വിലയിരുത്തല്‍

Published

|

Last Updated

മുംബൈ: ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഉള്ളിവില കുതിച്ചുയരുന്നു. ഒക്‌ടോബര്‍ മാസം വരെ ഉള്ളിവില ഉയര്‍ന്നുതന്നെ ഇരിക്കുമെന്ന കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിന്റെ പ്രതികരണം കൂടി ആയപ്പോഴാണ് വില കുതിച്ചുയര്‍ന്നത്. മൊത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച കിലോഗ്രാമിന് 45 – 58 രൂപവിലയുണ്ടായിരുന്നത് ഇപ്പോള്‍ 65- 70 രൂപയായി ഉയര്‍ന്നു.
കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കര്‍ഷക പ്രേമമാണ് വിലകുതിച്ചുയരാന്‍ കാരണമായതെന്ന് കാര്‍ഷികോത്പന്ന വിപണന സമിതി(എ പി എം സി) വിലയിരുത്തുന്നു. പുതിയ വിള വിപണിയിലെത്തിയ സെപ്തംബര്‍ ആദ്യയാഴ്ച വില കുറയുമെന്ന് വിപണി കണക്കാക്കിയിരുന്നു. എ പി എം സിയുടെ ഉള്ളി, ഉരളക്കിഴങ്ങ് വിപണിക്ക് നേതൃത്വം നല്‍കുന്ന അശോക് വള്‍യുനി, വിലക്കയറ്റത്തിന് കേന്ദ്ര സര്‍ക്കാറിന്റെ തുറന്ന പിന്തുണയുണ്ടെന്ന് വിശ്വസിക്കുന്നു. “കര്‍ഷകര്‍ക്ക് കിലോ ഗ്രാമിന് 50 രൂപ ലഭിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ കിലോഗ്രാമിന് 60 രൂപയെങ്കിലും നല്‍കേണ്ടിവരും”. എ പി എം സിയുടെ നിയന്ത്രണത്തില്‍ 90 ശതമാനവും ശരത് പവാറിന്റെ പാര്‍ട്ടിയായ നാഷനലിസ്റ്റ് കോണ്‍ഗ്രസിനാണ്. ഉള്ളി വില ഒരു മാസം കൂടി ഉയര്‍ന്നുതന്നെ ഇരിക്കുമെന്ന മന്ത്രി ശരത് പവാറിന്റെ പ്രസ്താവന വന്നതോടെ പെട്ടെന്ന് മൊത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ വില കിലോഗ്രാമിന് 50 രൂപയില്‍ നിന്നും 70 രൂപയായി വര്‍ധിച്ചു. ഇത് പുതിയ അനുഭവമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാജ്യത്ത് 70 ലക്ഷം ടണ്‍ പഞ്ചസാരയുടെ കമ്മിയുണ്ടെന്ന് 2009 ഡിസംബര്‍ രണ്ടിന് മന്ത്രി പവാര്‍ പ്രസ്താവിച്ചതിന് തൊട്ടടുത്ത ദിവസം പഞ്ചസാരയുടെ വില കിലോഗ്രാമിന് 18 രൂപയെന്നത് കുത്തനെ 32 രൂപയായി ഉയര്‍ന്നു. ഇപ്പോള്‍ പഞ്ചസാര വില കിലോഗ്രാമിന് 40 രൂപക്ക് പുറത്താണ്.
അരി ഉത്പാദനത്തില്‍ വലിയ കുറവുണ്ടാകുമെന്ന് ശരത് പവാര്‍ 2009 സെപ്തംബര്‍ 24ന് ഒരു പ്രസ്താവന നടത്തി. അതോടെ അരിയുടെ ചില്ലറ വില്‍പ്പന വില കുത്തനെ ഉയര്‍ന്നു. ഇതുപോലെ പാല്‍ ഉത്പാദനത്തില്‍ കമ്മിയുണ്ടാകുമെന്ന് 2010 ജനുവരി 20ന് പവാര്‍ പ്രസ്താവിച്ചിരുന്നു. അതുവരെ വലിയ ചാഞ്ചാട്ടമില്ലാതെ നിന്ന പാല്‍ വില അതോടെ കുത്തനെ കൂടി. ഉത്പാദനക്കുറവുണ്ടാകുമെന്നോ കാലവര്‍ഷക്കെടുതിക്ക് സാധ്യതയുണ്ടെന്നോ മന്ത്രിമാരടക്കമുള്ളവര്‍ പറഞ്ഞുകിട്ടിയാല്‍ പിന്നെ ഊഹക്കച്ചവടക്കാരും പൂഴ്ത്തിവെപ്പുകാരും കളം അടക്കിവാഴുന്നതാണ് കാരണം. ഇവരെ തളച്ച് നിലക്ക് നിര്‍ത്താന്‍ അധികാരപ്പെട്ട സംവിധാനങ്ങളെല്ലാം വിലക്കയറ്റത്തില്‍ നിസ്സംഗത പുലര്‍ത്തുകയാണെന്നാണ് വിലയിരുത്തല്‍.

 

Latest