Connect with us

Editorial

മന്‍മോഹന്‍, ശരീഫ് കൂടിക്കാഴ്ച

Published

|

Last Updated

അതിര്‍ത്തിയിലെ സംഘര്‍ഷം കുറക്കാന്‍ മന്‍മോഹന്‍ സിംഗ്, നവാസ് ശരീഫ് ചര്‍ച്ചയില്‍ ധാരണയായിരിക്കയാണ്. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ പുനഃസ്ഥാപിക്കുന്നതിന് വ്യക്തമായ രൂപരേഖയുണ്ടാക്കാന്‍ രണ്ട് രാജ്യങ്ങളുടെയും സേനാ നേതൃത്വങ്ങളോട് ഇരു പ്രധാനമന്ത്രിമാരും ആവശ്യപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ വ്യക്തമാക്കുകയുണ്ടായി. മുംബൈ ഭീകരാക്രമണത്തിലെ പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും പാക്കിസ്ഥാനിലെ തീവ്രവാദ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
യു എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തവെ, ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നേരത്തെ തീരുമാനിച്ചതാണെങ്കിലും പിന്നീട് കാശ്മീരില്‍ നടന്ന 12 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണവും പൂഞ്ച് മേഖലിയില്‍ പാക് സൈന്യം നടത്തുന്ന നിരന്തര വെടിവെപ്പും അതിന് വിഘാതമാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ അനിഷ്ട സംഭവങ്ങള്‍ സമാധാന ചര്‍ച്ചക്ക് വിഘാതമാകരുതെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഉറച്ച നിലപാടെടുക്കുകയാണുണ്ടായത്.
നവാസ് ശരീഫ് പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടന്ന കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും സംതൃപ്തരാണെന്നാണ് വിവരം. മന്‍മോഹന്‍ സിംഗിനെ പോലെ തന്നെ അതിര്‍ത്തിയില്‍ സമാധാനം പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ശരീഫ്. ഇന്ത്യയുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചു സൗഹൃദം സ്ഥാപിക്കണമെന്ന പ്രഖ്യാപനത്തോടെയാണ് മെയില്‍ അദ്ദേഹം അധികാരമേറ്റത്. ഞായറാഴ്ച നടന്ന ചര്‍ച്ചയിലും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി.
അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിലൂടെ മാത്രമേ സൗഹൃദം പുനഃസ്ഥാപിക്കാനാകുകയുള്ളൂവെന്ന് ഇരുനേതൃത്വങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇക്കാര്യത്തില്‍ മുമ്പും ശ്രമങ്ങള്‍ നടന്നതാണ്. ചില ഛിദ്രശക്തികളാണ് ഇതിന് വിഘാതം സൃഷ്ടിക്കുന്നത്. മന്‍മോഹന്‍-ശരീഫ് കൂടിക്കാഴ്ചയിലും അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കാശ്മീര്‍ സംഘര്‍ഷം പോലുള്ള പ്രശ്‌നങ്ങളെ രാഷ്ട്രീയ മുതലെടുപ്പിനും പ്രതിലോമ നീക്കങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്ന കറുത്ത കരങ്ങള്‍ ഇരു രാഷ്ട്രങ്ങളിലുമുണ്ട്.
അതിര്‍ത്തികളിലെ വെടിവെപ്പ് ഒഴിവാക്കാന്‍ പലപ്പോഴായി ഇന്ത്യാ-പാക് ധാരണയുണ്ടായിട്ടും പിന്നെയും വെടിവെപ്പുകള്‍ ആവര്‍ത്തിക്കുന്നതിന് പിന്നില്‍ ഇത്തരക്കാരുടെ പങ്ക് സംശയിക്കേണ്ടതുണ്ട്. ആഗസ്റ്റ് ആദ്യത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ മരിക്കാനിടയായ പൂഞ്ചിലെ വെടിവെപ്പിനെക്കുറിച്ച് പ്രതിരോധ മന്ത്രി എ കെ ആന്റണി നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. പാക് സൈനിക വേഷം ധരിച്ച ഭീകരരാണ് ആക്രമണം നടത്തിയതെന്നായിരുന്നു സംഭവം നടന്ന ഉടനെ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. സംഘ് പരിവാറിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് അദ്ദേഹം അത് തിരുത്തി പാക് സൈനികരെ കുറ്റപ്പെത്തിയെങ്കിലും വളരെ സൂക്ഷിച്ചു മാത്രം കാര്യങ്ങള്‍ പറയുന്ന എ കെ ആന്റണിയുടെ ആദ്യ പ്രസ്താവന ഉത്തരവാദപ്പെട്ട വിശ്വസനീയമായ കേന്ദ്രങ്ങളെ അവലംബിച്ചാകാനേ തരമുള്ളു. അതിര്‍ത്തികളില്‍ നടക്കുന്ന എല്ലാ വെടിവെപ്പുകളുടെ പിന്നിലും സൈന്യം തന്നെയാണോ എന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യമാണ്.
എന്നാല്‍ പാക് സൈന്യത്തിന്റെ പങ്ക് പൂര്‍ണമായും തള്ളിക്കളയാനാകില്ല. പാകിസ്ഥാന്‍ പലപ്പോഴും ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ കാശ്മീര്‍ പ്രശ്‌നം സജീവമായി നിലനിര്‍ത്തുകയും ഇന്ത്യാവിരുദ്ധ വികാരം വളര്‍ത്തുകയും ചെയ്യുന്നതായി സംശയിക്കേണ്ടതുണ്ട്. പാക് ചാരസംഘടനയായ ഐ എസ് ഐയും സൈനിക നേതൃത്വത്തില്‍ ഒരു വിഭാഗവും ഇന്ത്യാവിരുദ്ധ ശക്തികള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നത് രഹസ്യവുമല്ല. ഇന്ത്യാ- പാക് സംഘര്‍ഷം നിലനിന്നു കാണാനാഗ്രഹിക്കുന്ന സാമ്രാജ്യത്വ ശക്തികളുടെ ചരടുവലികളും ഇതിന് പിന്നിലുണ്ടാകാം . ഇതെക്കുറിച്ചു പാക് ഭരണകൂടത്തിന് വ്യക്തമായ ബോധമുണ്ടായെങ്കിലേ സമാധാന ചര്‍ച്ചകള്‍ വിജയം കാണുകയുള്ളു.
കാശ്മീര്‍ പ്രശ്‌നത്തിലെത്തുമ്പോഴാണ് നടന്ന സമാധാന ചര്‍ച്ചകള്‍ വഴിമുട്ടുന്നത്. ആറര പതിറ്റാണ്ടിലേറെ പഴക്കമുള്ള ആ പ്രശ്‌നം അത്ര എളുപ്പത്തില്‍ പരിഹരിക്കുക സാധ്യമല്ല. സാമ്പത്തിക,വ്യാപാര, സാംസ്‌കാരിക രംഗങ്ങളില്‍ കൂടുതല്‍ സഹകരണം വളര്‍ത്തി ബന്ധങ്ങള്‍ സുദൃഢമാക്കുന്നതിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. നേരത്തെ പാടേ വഷളായിരുന്ന ബന്ധം ഈ മേഖലകളിലൂടെയുള്ള സഹകരണം വഴിയാണ് പടിപടിയായി മെച്ചപ്പെടുത്താനായത്. വാഷിംഗ്ടണിലെ കൂടിക്കാഴ്ചയില്‍ പരസ്പര സന്ദര്‍ശനത്തിന് ഇരു നേതാക്കളും ക്ഷണിച്ചിട്ടുണ്ട് . ഈ സന്ദര്‍ശനം ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായകമായേക്കുമെന്നാണ് പ്രതീക്ഷ.

---- facebook comment plugin here -----