Connect with us

International

ഇറ്റലിയില്‍ ബോട്ട് അപകടം: മരണം 130 ആയി

Published

|

Last Updated

ലാമ്പഡുസെ (റോം): ഇറ്റലിയിലുണ്ടായ ബോട്ട് അപകടത്തില്‍ 130 ആഫ്രിക്കന്‍ അഭയാര്‍ഥികള്‍ മരിച്ചു. ഇറ്റാലിയന്‍ ദ്വീപായ ലാമ്പഡുസെക്കു സമീപമാണ് ബോട്ട് മുങ്ങിയത്. അപകടത്തില്‍ പെട്ട 200 ഓളം പേരെ കാണാതായിട്ടുണ്ട്. 150 ഓളം പേരെ രക്ഷിക്കാനായി. 500ല്‍ അധികം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്നാണ് കരുതുന്നത്. ബോട്ടിന് തീപിടിച്ചതാണ് അപകട കാരണമെന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ ബോട്ടിന്റെ ഒരു വശത്തേക്ക് നീങ്ങി. ബോട്ട് മുങ്ങുന്നതായി മനസ്സിലാക്കിയ യാത്രക്കാര്‍ സ്വയം കടലിലേക്ക് എടുത്തുചാടുകയായിരുന്നു. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നൂറോളം സ്ത്രീകളുണ്ടായിരുന്നതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.
ഘാനയില്‍ നിന്നും സോമാലിയയില്‍ നിന്നുമുള്ള അഭയാര്‍ഥികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നവരിലേറെയും. ലിബിയയില്‍ നിന്നാണ് ബോട്ട് പുറപ്പെട്ടതെന്ന് കരുതുന്നു.
ഒരാഴ്ച മമ്പ് ഇറ്റലിയിലെ സിസിലി ദ്വീപിന് സമീപവും സമാനമായ  ബോട്ടപകടം ഉണ്ടായിരുന്നു. അപകടത്തില്‍ 13 അഭയാര്‍ഥികളാണ് അന്ന് മുങ്ങി മരിച്ചത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇറ്റാലിയന്‍ ദ്വീപുകളില്‍ 2012ല്‍ മാത്രം ഇത്തരം അപകടത്തില്‍ 500 പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്രയധികം അഭയാര്‍ഥികള്‍ ഒറ്റ അപകടത്തില്‍ മരിക്കുന്നത് ഇത് ആദ്യമാണ്.
ആഫ്രിക്കയില്‍ നിന്ന് എത്തിപ്പെടാന്‍ എളുപ്പമെന്നതിനാല്‍ യൂറോപ്പിലേക്ക് അഭയം തേടി നൂറ് കണക്കിന് അഭയാര്‍ത്ഥികളാണ് ലാമ്പഡുസെയില്‍ പ്രതിദിനം എത്തുന്നത്. അതിദാരുണമായ ഈ ദുരന്തം സഹിക്കാന്‍ പറ്റുന്നതല്ലെന്ന് ഇറ്റാലിയന്‍ ഗതാഗത മന്ത്രി മൗരിസിയോ ലിപ്പി പറഞ്ഞു.